| Sunday, 30th August 2026, 7:22 pm

ഡിപ്രഷന് ഹോമിയോ മരുന്ന് കഴിക്കുന്ന നടാഷയും ടോക്‌സിക്കായ ടോക്‌സണും; സാത്തുക്കുടി പ്രണയത്തില്‍ ചിരിയുണര്‍ത്തിയ സ്പൂഫുകള്‍

അമര്‍നാഥ് എം.

സിനിമാചരിത്രത്തില്‍ ആദ്യമായി ഒരു ഷോര്‍ട്ട് ഫിലിമിന്റെ ബിഹൈന്‍ഡ് ദി സീന്‍സായി ഫീച്ചര്‍ ഫിലിം പുറത്തുവിട്ടിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്. തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിലെ ജോയലിന്റെ ഷോര്‍ട്ട് ഫിലിമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.

സോള്‍മേറ്റ്‌സ്; ഒരു സാത്തുക്കുടി പ്രണയം എന്ന് പേരിട്ട ഷോര്‍ട്ട് ഫിലിം പക്കാ സ്പൂഫായാണ് ഒരുക്കിയിട്ടുള്ളത്. സമീപകാലത്ത് ട്രെന്‍ഡായ പല ഷോര്‍ട്ട് ഫിലിമുകളെയും അനുകരിച്ചാണ് ജോയല്‍ സാത്തുക്കുടി പ്രണയം എടുത്തിട്ടുള്ളത്. ഒപ്പം ബെത്‌ലഹേം കുടുംബ യൂണിറ്റുമായി കണക്ട് ചെയ്യുന്ന ചില സീനുകളും അവിടവിടായിട്ടുണ്ട്. സാത്തുക്കുടിയിലെ സ്പൂഫുകള്‍ ഓരോന്നായി പരിശോധിക്കാം.

* ലൊക്കേഷനുകള്‍

ഇപ്പോള്‍ ട്രെന്‍ഡാകുന്ന എല്ലാ ഷോര്‍ട്ട് ഫിലിമുകളിലും ഒഴിച്ചുകൂടാനാകാത്ത എല്ലാ ലൊക്കേഷനുകളും സോള്‍മേറ്റ്‌സിലുണ്ട്. ഒരു കോഫി ഷോപ്പ്, ഒരു കൂള്‍ബാര്‍, ബീച്ച്, കഫെ എന്നിങ്ങനെ സകലയിടത്തും ക്യാമറയുമായി ജോയലും ടീമും എത്തിയിട്ടുണ്ട്. എവിടെയും കാണാത്ത നല്ല ‘ഫ്രഷ് കഥ’ കൂടിയായപ്പോള്‍ എല്ലാം ശുഭം.

* സിനിമാമോഹവുമായി നടക്കുന്ന നായകനും ‘തേച്ചിട്ടുപോയ’ കാമുകിയും

ഗ്രാമത്തില്‍ നിന്ന് സിനിമാമോഹവുമായി കൊച്ചിയില്‍ വരികയും ജീവിതച്ചെലവിനായി ചെറിയ ജോലികള്‍ ചെയ്യേണ്ടി വരികയും ചെയ്യുന്ന നായകന്മാരാണ് പല ഷോര്‍ട്ട് ഫിലിമിലെയും നായകന്മാര്‍. ഷോര്‍ട്ട് ഫിലിം മാറി റീലുകള്‍ കളംനിറയുമ്പോഴും ഈ ക്ലീഷേ മാറിയിട്ടില്ല. സോള്‍മേറ്റ്‌സിലെ നായകനായ കാര്‍ത്തിക്കും അത്തരത്തിലൊരാളാണ്. കോളേജില്‍ പഠിക്കുന്ന സമയത്ത് പ്രണയിച്ച നായികയെ ഇതിനിടയില്‍ അവിചാരിതമായി കാണുന്നുമുണ്ട്. നായകന്റെ കഷ്ടപ്പാട് കണ്ട് നായികക്ക് ഇഷ്ടം തോന്നുന്ന ക്ലീഷേ ഉള്‍പ്പെടുത്താന്‍ ജോയല്‍ മറന്നിട്ടില്ല.

* ടോക്‌സിക് റിലേഷന്‍ഷിപ്പ്

ജെന്‍ സീകളുടെ പ്രണയത്തില്‍ പലപ്പോഴും ഉപയോഗിക്കുന്ന കാര്യങ്ങളെ പച്ചക്ക് കളിയാക്കി വിടാനും സോള്‍മേറ്റ്‌സ് മറന്നിട്ടില്ല. നായികയായ നടാഷയുടെ കാമുകന്‍ ടോക്‌സിക്കാണെന്നും അയാളുടെ പേര് തന്നെ ടോക്‌സണെന്നാണെന്നും പറഞ്ഞ് വെക്കുന്നുണ്ട്. ‘വണ്ടിയില്‍ കയറുമ്പോള്‍ സീറ്റ് ബെല്‍റ്റിടണം, ഒരേ സമയം ഒന്നിലധികം ആളുകളെ പ്രേമിക്കാന്‍ പാടില്ല എന്നൊക്കെയാണ് അവന്റെ കണ്ടീഷന്‍’ എന്ന് നടാഷ പറയുന്ന ഭാഗമൊക്കെ ചിരിയുണര്‍ത്തുന്നുണ്ട്.

*അയമോദക ഗുളികയുടെ ഡപ്പിയും ടോക്‌സണും

വന്‍ ബില്‍ഡപ്പില്‍ കൊണ്ടുവന്ന ടോക്‌സിക് വില്ലനാണ് ടോക്‌സണ്‍. ടെററാണെന്ന് കാണിക്കാന്‍ സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്ന ഷോട്ടിലൂടെയാണ് ടോക്‌സണിന്റെ ഇന്‍ട്രോ. എന്നാല്‍ അയാള്‍ ഉപയോഗിക്കുന്ന ഡപ്പി നോക്കിയാല്‍ ‘അയമോദക വായു ഗുളിക എന്ന് എഴുതിയത് കൃത്യമായി കാണാന്‍ സാധിക്കും.

*സ്പൂഫ് ഡയലോഗുകള്‍

റിലേഷന്‍ഷിപ്പ് നിര്‍ത്താമെന്ന് നടാഷ പറയുമ്പോള്‍ ‘നീ തപസിരുന്നാല്‍ കിട്ടുമോ ഇതുപോലൊരു ചുള്ളനെ’ എന്നാണ് ടോക്‌സണ്‍ പറയുന്നത്. ദുല്‍ഖറിനെ ട്രോള്‍ മെറ്റീരിയലാക്കിയ കിങ് ഓഫ് കൊത്തയിലെ ഐക്കോണിക് ഡയലോഗിനെ ഒരു മാറ്റവുമില്ലാതെ കൊണ്ടുവന്നിരിക്കുകയാണ്. അതുപോലെ ‘നീ കാരണം ഞാനിപ്പോള്‍ ഡിപ്രഷന് ഹോമിയോ മരുന്ന് കഴിക്കുകയാണ്. ഹോമിയോ മെഡിക്കല്‍ ഹിസ്റ്ററിയില്‍ അങ്ങനൊരു ഡിപ്പാര്‍ട്‌മെന്റ് പോലുമില്ല’ എന്നുള്ള ഡയലോഗെല്ലാം വേറെ ലെവലാണ്.

* പ്രൊഡ്യൂസറാണെങ്കില്‍ കാമിയോ മസ്റ്റാ

മാര്‍വലിന്റെ സിനിമകളില്‍ ഒരു സീനിലെങ്കിലും മുഖം കാണിച്ച് സ്റ്റാന്‍ ലീ ആരംഭിച്ച ട്രെന്‍ഡ് മോളിവുഡിലും ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. ആശീര്‍വാദ് സിനിമാസിന്റെ എല്ലാ പടത്തിലും ആന്റണി പെരുമ്പാവൂര്‍ മുഖം കാണിക്കുന്നത് പോലെ സോള്‍മേറ്റ്‌സില്‍ നിര്‍മാതാവ് ജസ്റ്റിന്‍ മുഖം കാണിച്ച് പോയിട്ടുണ്ട്. ഒറ്റ സീനില്‍ ചെറിയ ഡയലോഗായിട്ട് പോലും അതുപോലും മര്യാദക്ക് പറയാന്‍ ജസ്റ്റിന് സാധിച്ചിട്ടില്ലെന്നാണ് പലരുടെയും കമന്റ്.

*പാട്ടുകള്‍ക്ക് എ.ഐ

പ്രേമത്തിലെ ഹിറ്റ് പാട്ടായ ‘പതിവായ് ഞാന്‍’ ഈ ഷോര്‍ട്ട് ഫിലിമില്‍ വേറൊരു രീതിയിലാണ് ഉപയോഗിച്ചത്. സമീപകാലത്ത് ഇന്‍സ്റ്റഗ്രാമില്‍ ഓരോ പാട്ടിനെയും എ.ഐയിലൂടെ ലിറിക്‌സും ട്യൂണും മാറ്റുന്ന ട്രെന്‍ഡിനെയാണ് ഇതിലൂടെ പരിഹസിച്ചത്. മൊത്തത്തില്‍ ജോയല്‍ എന്ന പുതുമുഖ സംവിധായകന്‍ പ്രത്യേകിച്ച് കഴിവൊന്നുമില്ലാതെ ചെയ്ത ഷോര്‍ട്ട് ഫിലിമാണ് ഇതെന്നും ചിലര്‍ പരിസഹിക്കുന്നു.

Content Highlight: Spoofs included in Short film of Bethlehem Kudumba Unit team

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more