| Friday, 24th April 2026, 4:44 pm

ആം ആദ്മി പാര്‍ട്ടിയില്‍ വന്‍ പിളര്‍പ്പ്: രാഘവ് ഛദ്ദയും പ്രമുഖ നേതാക്കളും ബി.ജെ.പിയിലേക്ക്

ആദർശ് എം.കെ.

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ (എ.എ.പി) വന്‍ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് പ്രമുഖ നേതാവും രാജ്യസഭാ എം.പിയുമായ രാഘവ് ഛദ്ദ ഉള്‍പ്പെടെയുള്ള മൂന്ന് എം.പിമാര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയിലേക്ക്.

പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ എം.പിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്ക് എന്നിവരാണ് രാഘവ് ഛദ്ദയ്ക്കൊപ്പം പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇവര്‍ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്.

‘തെറ്റായ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു ഞാന്‍. അതുകൊണ്ടുതന്നെ ഞാന്‍ ആം ആദ്മി പാര്‍ട്ടി വിട്ടു പോവുകയാണ്, അതായത്, ഞാന്‍ കുറച്ചുകൂടി ജനങ്ങളിലേക്ക് പോകുകയാണ്’ എന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ജീവിതത്തിലെ 15 വര്‍ഷം എ.എ.പിക്കായി സമര്‍പ്പിച്ചു. എന്നാല്‍ അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന പാര്‍ട്ടി ഇപ്പോള്‍ അതിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും സത്യസന്ധമായ രാഷ്ട്രീയത്തില്‍ നിന്നും അകന്നുപോയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

എ.എ.പിയുടെ ആകെയുള്ള പത്ത് രാജ്യസഭാ അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗം എം.പിമാരും തങ്ങളോടൊപ്പം ചേരുമെന്ന് ഛദ്ദ അവകാശപ്പെട്ടു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായിരുന്ന ഹര്‍ഭജന്‍ സിങ്, സ്വാതി മാലിവാള്‍, രജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.

രാഘവ് ഛദ്ദയെ അടുത്തിടെ രാജ്യസഭാ ഉപനേതാവ് സ്ഥാനത്ത് നിന്ന് നീക്കിയത് പാര്‍ട്ടിയുമായുള്ള ബന്ധം വഷളാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിന് പകരം ഛദ്ദ തന്റെ പ്രശസ്തിക്കായി ‘സോഫ്റ്റ് പി.ആര്‍’ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

വിമാനത്താവളത്തിലെ സമൂസയെക്കുറിച്ചും മറ്റും സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്ന ഛദ്ദ ഗൗരവകരമായ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു എന്നായിരുന്നു പാര്‍ട്ടിയുടെ ആക്ഷേപം.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് മറ്റൊരു പ്രമുഖ നേതാവായ അശോക് മിത്തല്‍ എ.എ.പി വിടുന്നത് എന്നതും ശ്രദ്ധേയമാണ്

എ.എ.പിയില്‍ നിന്നും പടിയിറങ്ങി ബി.ജെ.പിയില്‍ ചേരുന്നതോടെ രാഘവ് ഛദ്ദ മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Split in Aam Aadmi Party, Raghav Chadha and others leave the party

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more