| Thursday, 5th February 2026, 3:08 pm

ദൈവം സൃഷ്ടിക്കപ്പെട്ടത്, ക്യൂട്ട് ഗേള്‍സ് എന്നത് യഥാര്‍ത്ഥവും; എപ്‌സ്റ്റീന് അയച്ച മെയിലുകളില്‍ ഖേദം പ്രകടിപ്പിച്ച് ആത്മീയനേതാവ് ദീപക് ചോപ്ര

അനിത സി

ദൈവം സൃഷ്ടിക്കപ്പെട്ടത്, ക്യൂട്ട് ഗേള്‍സ് എന്നത് യഥാര്‍ത്ഥവും; എപ്‌സ്റ്റീന് അയച്ച മെയിലുകളില്‍ ഖേദം പ്രകടിപ്പിച്ച് ആത്മീയനേതാവ് ദീപക് ചോപ്ര

വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലര്‍ത്തിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ആത്മീയ നേതാവ് ദീപക് ചോപ്ര.

എപ്‌സ്റ്റീന്‍ ഫയല്‍സില്‍ തന്റെ പേര് വെളിപ്പെട്ടതോടെയാണ് ഖേദം പ്രകടിപ്പിച്ചും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നെന്ന തെളിവുകളെ തള്ളിയും ചോപ്ര രംഗത്തെത്തിയിരിക്കുന്നത്.

യു.എസ് നീതി ന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ ദീപക് ചോപ്ര നിരന്തരം എപ്സ്റ്റീനുമായി ഇ-മെയിലിലൂടെ ആശയവിനിമയം നടത്തിയിരുന്നെന്ന് വ്യക്തമായിരുന്നു.

‘ഞാന്‍ ഒരു കുറ്റകൃത്യത്തിലും ഏര്‍പ്പെട്ടിട്ടില്ല. ചൂഷണത്തില്‍ പങ്കെടുത്തിട്ടുമില്ല. എനിക്കുണ്ടായിരുന്ന ബന്ധങ്ങള്‍ക്ക് പരിധികളുണ്ടായിരുന്നു. അതിന് ചൂഷണപ്രവര്‍ത്തനങ്ങളുമായി ബന്ധമില്ല’, ദീപക് ചോപ്ര പ്രതികരിച്ചു.

എപ്‌സിറ്റീന്റെ ഇരകളുടെ അവസ്ഥയില്‍ തനിക്ക് അഗാധ ദുഖമുണ്ടെന്നും എല്ലാത്തരം ചൂഷണങ്ങളെയും താന്‍ അപലപിക്കുന്നുവെന്നും ദീപക് ചോപ്ര എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പ്രതികരിച്ചു.

എന്നാല്‍, മെയിലുകളില്‍ താനുപയോഗിച്ച ഭാഷ മോശമായിരുന്നെന്നും അതില്‍ ഖേദമുണ്ടെന്നും ചോപ്ര വിശദീകരിച്ചു.

എപ്സ്റ്റീന് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അയച്ച ഇ-മെയലുകളില്‍ തനിക്ക് വേണ്ടി സുന്ദരികളായ ഇസ്രഈലി പെണ്‍കുട്ടികളെ കണ്ടെത്തി തരുമോ എന്ന് ദീപക് ചോപ്ര ചോദിക്കുന്നുണ്ട്.

പ്രപഞ്ചം മനുഷ്യന്‍ സൃഷ്ടിച്ചതാണ്. ദൈവവും മനുഷ്യ സൃഷ്ടിയാണ് എന്നാല്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ എന്നത് യഥാര്‍ത്ഥമാണ് എന്ന് എപ്സ്റ്റീനുമായി കൈമാറിയ ഇ-മെയില്‍ ചാറ്റുകളില്‍ ദീപക് ചോപ്ര പറയുന്നു.

ഈ ചാറ്റ് എക്‌സിലൂടെ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ദീപക് ചോപ്രയ്ക്ക് നേരെ ഉയര്‍ന്നത്.

ഇന്ത്യയില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ദീപക് ചോപ്ര 1970ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. പിന്നീട് പാശ്ചാത്യ രാജ്യങ്ങളിലുള്‍പ്പടെ ബദല്‍ വൈദ്യശാസ്ത്രവും ആത്മീയതയും പ്രചരിപ്പിക്കുന്നതിലൂടെ പ്രശസ്തിയിലേക്കുയരുകയായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ചും പ്രഭാഷണങ്ങള്‍ നടത്തിയും ടെലിവിഷന്‍ ഷോകളില്‍ പങ്കെടുത്തും ദീപക് ചോപ്ര വലിയ രീതിയില്‍ അനുയായികളെ സൃഷ്ടിച്ചിരുന്നു.

എപ്‌സ്റ്റീന്‍ ഫയല്‍സില്‍ ഉള്‍പ്പെട്ട പ്രമുഖ ഇന്ത്യക്കാരനാണ് ദീപക് ചോപ്ര, പ്രധാനമന്ത്രി നരേന്ദ്ര മോദി, സിനിമാപ്രവര്‍ത്തകയായ മീരാ നായര്‍ തുടങ്ങിയ ഇന്ത്യക്കാരുടെ പേരുകളും ഫയല്‍സിലുണ്ട്.

Content Highlight: God is construct, cute girls are reality; Spiritual leader Deepak Chopra expresses regret over emails sent to Epstein

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more