| Friday, 2nd January 2026, 7:20 pm

താടി, കള്ള്, സിഗരറ്റ്, വാങ്കയുടെ നായകന്‍ റെഡി... സ്പിരിറ്റിന്റെ ഫസ്റ്റ് ലുക്കിന് വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ ഹൈപ്പിലാണ് സന്ദീപ് വാങ്ക റെഡ്ഡിയുടെ സ്പിരിറ്റ് ഒരുങ്ങുന്നത്. 2024ല്‍ അനൗണ്‍സ് ചെയ്ത ചിത്രം അടുത്തിടെയാണ് ഷൂട്ട് ആരംഭിച്ചത്. തെലുങ്കിലെ മുന്‍നിര താരമായ പ്രഭാസാണ് സ്പിരിറ്റിലെ നായകന്‍. മുന്‍ സിനിമകളിലേത് പോലെ ആല്‍ഫാ മെയില്‍ കഥ തന്നെയാണ് വാങ്ക സ്പിരിറ്റിലും പറയുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുതുവര്‍ഷദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദേഹം മൊത്തം മുറിവേറ്റ പാടുകളും കൈയില്‍ മദ്യവും ചുണ്ടില്‍ സിഗരറ്റുമായി നില്‍ക്കുന്ന പ്രഭാസാണ് പോസ്റ്ററില്‍. നായികയായ തൃപ്തി ദിമ്രി സിഗരറ്റ് കത്തിച്ചുകൊടുക്കുന്നതും പോസ്റ്ററില്‍ കാണാനാകും. പ്രഭാസ് ആരാധകര്‍ ഫസ്റ്റ് ലുക്ക് ഏറ്റെടുത്തു.

സ്പിരിറ്റ് Photo: Spirit/ X.com

എന്നാല്‍ പോസ്റ്ററിനെയും സന്ദീപ് വാങ്കയെയും വിമര്‍ശിച്ചുകൊണ്ടുള്ള ചില പോസ്റ്റുകള്‍ ചര്‍ച്ചയായിരിക്കുകയാണ്. നാലാമത്തെ സിനിമിലും ആല്‍ഫ മെയില്‍ കഥ പറയുമ്പോള്‍ ബോറടിക്കുന്നില്ലേയെന്നാണ് പലരും ചോദിക്കുന്നത്. കബീര്‍ സിങ്, അനിമല്‍ എന്നീ സിനിമകളിലേതുപോലെയാണ് സ്പിരിറ്റിന്റെ ഫസ്റ്റ് ലുക്കെന്ന് അഭിപ്രായമുണ്ട്.

കബീര്‍ സിങ്ങില്‍ സിഗരറ്റ് വലിച്ചുകൊണ്ടെത്തുന്ന ഷാഹിദ് കപൂറിന്റെ ഷില്ലൗട്ട് ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ചോരയൊലിക്കുന്ന മുഖവും കൈയില്‍ കോടാലിയുമായി നില്‍ക്കുന്ന രണ്‍ബീര്‍ കപൂര്‍ സിഗരറ്റ് കൊളുത്തുന്ന ചിത്രമാണ് അനിമലിന്റെ ഫസ്റ്റ് ലുക്ക്. ഇപ്പോഴിതാ സ്പിരിറ്റും അതേ പാതയില്‍ സഞ്ചരിക്കുകയാണ്.

താടി, മദ്യം, സിഗരറ്റ് ഇവ മൂന്നും സന്ദീപ് വാങ്കയുടെ സിനിമകളില്‍ ഒഴിച്ചുകൂടാനാകാത്തതാണെന്നും വിമര്‍ശനമുണ്ട്. കഥയില്ലെങ്കിലും ഈ മൂന്ന് കാര്യങ്ങളും സംവിധായകന്‍ ഒഴിവാക്കില്ലെന്നും ചിലര്‍ പരിഹസിക്കുന്നു. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മാത്രം വെച്ചുകൊണ്ട് സിനിമയെ വിമര്‍ശിക്കാനാകില്ലെന്ന് ആരാധകര്‍ ന്യായീകരിക്കുന്നുണ്ട്.

സ്പിരിറ്റിന്റെ ഫസ്റ്റ് ലുക്ക് കോപ്പിയടിയാണെന്നും ചില ട്രോളുകളുണ്ട്. വടിവേലുവിന്റെ പഴയകാല സിനിമയായ വിരലുക്കേത്ത വെക്കം എന്ന സിനിമയിലെ സീന്‍ കോപ്പിയടിച്ചതാണെന്നുള്ള ട്രോളിന് വന്‍ റീച്ചാണ്. വടിവേലുവിന്റെ കഥാപാത്രത്തിന് കോവൈ സരള സിഗരറ്റ് കത്തിച്ചുകൊടുക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടോടെയാണ് ട്രോള്‍ പങ്കുവെച്ചത്.

പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് സ്പിരിറ്റ് ഒരുങ്ങുന്നത്. തൃപ്തി ദിമ്രി, പ്രകാശ് രാജ്, വിവേക് ഒബ്‌റോയ്, കാഞ്ചന എന്നിവരാണ് മറ്റ് താരങ്ങള്‍. കൊറിയന്‍ സൂപ്പര്‍താരം മാ ഡോങ് സിയോക്കും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഈ വര്‍ഷം ഷൂട്ട് പൂര്‍ത്തിയാക്കി 2027ലാകും സ്പിരിറ്റ് തിയേറ്ററുകളിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Spirit first look getting criticism for repetition

We use cookies to give you the best possible experience. Learn more