| Wednesday, 22nd July 2026, 7:21 am

'നോ ബാനര്‍... ഓണ്‍ലി ഹള്‍ക്ക്'; പാര്‍ക്കറിനെ എടുത്തിട്ടലക്കുന്ന ഹള്‍ക്ക്, തിയേറ്ററുകളെ പൂരപ്പറമ്പാക്കാനൊരുങ്ങി മാര്‍വല്‍

അമര്‍നാഥ് എം.

ഒരു വര്‍ഷത്തിന് ശേഷം മറ്റൊരു മാര്‍വല്‍ ചിത്രം തിയേറ്ററുകളിലെത്തുകയാണ്. ഫേസ് സിക്‌സിലെ രണ്ടാമത്തെ ചിത്രമായ സ്‌പൈഡര്‍മാന്‍ ബ്രാന്‍ഡ് ന്യൂ ഡേ ഈ മാസം അവസാനം പ്രദര്‍ശനത്തിനെത്തും. മാര്‍വല്‍ സ്‌പൈഡര്‍മാന്‍ സീരീസിലെ നാലാമത്തെ ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകരുടെ പ്രതീക്ഷകള്‍ ഉയര്‍ത്തിയ ഒന്നായിരുന്നു.

നോ വേ ഹോമിന്റെ അവസാനം എല്ലാവരാലും മറക്കപ്പെടുന്ന പീറ്റര്‍ പാര്‍ക്കറിന്റെ ജീവിതത്തില്‍ പിന്നീട് നടക്കുന്ന കാര്യങ്ങളാണ് ബ്രാന്‍ഡ് ന്യൂ ഡേയുടെ കഥ. പുതിയ കഥയില്‍ ഒരുകൂട്ടം വില്ലന്മാരെ നേരിടുന്നതിനൊപ്പം തന്റെയുള്ളിലുള്ള മ്യൂട്ടേഷനെയും പാര്‍ക്കറിന് അതിജീവിക്കേണ്ടി വരുന്നതായി ട്രെയ്‌ലറില്‍ കാണിക്കുന്നുണ്ട്.

റിലീസിന് രണ്ടാഴ്ച ബാക്കിയുള്ളപ്പോള്‍ പുതിയ ട്രെയ്‌ലര്‍ മാര്‍വല്‍ പുറത്തുവിട്ടിരിക്കുകയാണ്. പീറ്റര്‍ പാര്‍ക്കറിന്റെ ഇതുവരെയുള്ള യാത്രയും പുതിയ വെല്ലുവിളിയും കാണിക്കുന്ന ട്രെയ്‌ലര്‍ ആകാംക്ഷ സമ്മാനിക്കുന്ന ഒന്നാണ്. സ്‌പൈഡര്‍ മാന്റെ ഹീറോയിസം കാണാന്‍ കാത്തിരുന്നവര്‍ക്ക് മാര്‍വല്‍ ഒരു വമ്പന്‍ ട്രീറ്റും ഒരുക്കിയിട്ടുണ്ട്.

ബ്രൂസ് ബാനര്‍/ ഹള്‍ക്കിന്റെ തിരിച്ചുവരവാണ് ആരാധകര്‍ക്കായി ഒരുക്കിയ സ്‌പെഷ്യല്‍ ട്രീറ്റ്. ഇന്‍ഫിനിറ്റി വാര്‍ തൊട്ട് ഇങ്ങോട്ട് ഒ.ജി ഹള്‍ക്കിനെ കാണാന്‍ സാധിക്കാത്ത ആരാധകരുടെ നിരാശ ഈ സിനിമയില്‍ അവസാനിക്കുമെന്ന് പുതിയ ട്രെയ്‌ലര്‍ അടിവരയിടുന്നു. ബാനര്‍ ഹള്‍ക്കായി മാറുന്നതും സ്‌പൈഡര്‍ മാനെ എടുത്തിട്ട് ഇടിക്കുന്നതും ട്രെയ്‌ലറിന്റെ ഹൈലൈറ്റാണ്. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാര്‍വലില്‍ ആംഗ്രി ഹള്‍ക്ക് തിരിച്ചെത്തുന്നത്.

ഹള്‍ക്ക്- സ്‌പൈഡര്‍മാന്‍ ഫൈറ്റിനൊപ്പം ആരാധകരെ കോരിത്തരിപ്പിക്കുന്ന മറ്റ് ചില ആക്ഷന്‍ രംഗങ്ങളും ബ്രാന്‍ഡ് ന്യൂ ഡേയിലുണ്ട്. പ്രിസണ്‍ ഫൈറ്റ് അത്തരത്തിലൊന്നാണ്. സ്‌പൈഡര്‍മാന്‍ വില്ലന്മാരെ നേരിടുന്നു എന്നതിനപ്പുറം ഈ ഫൈറ്റിനെ ഗംഭീരമാക്കുന്നത് മറ്റൊരു ഘടകമാണ്. സാക്ഷാല്‍ ജാക്കി ചാനാണ് ഈ ഫൈറ്റ് കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ മറ്റൊരു ഫൈറ്റും ജാക്കി ചാന്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്.

ഡൂംസ്‌ഡേയ്ക്ക് മുമ്പ് മാര്‍വലിന്റെ വക ഒരു സാമ്പിള്‍ വെടിക്കെട്ടാണ് ബ്രാന്‍ഡ് ന്യൂ ഡേയിലൂടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഡോക്ടര്‍ ഡൂം പോസ്റ്റ് ക്രെഡിറ്റ് സീനിലുണ്ടാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. തുടര്‍ച്ചയായി രണ്ട് വണ്‍ ബില്യണ്‍ ക്ലബ്ബ് മാര്‍വലിനൊപ്പം നേടാനുള്ള അവസരമാണ് ടോം ഹോളണ്ടിനുള്ളത്. ജൂലൈ 31ന് ലോകമെമ്പാടും റിലീസാകുന്ന ചിത്രം ഒരു ദിവസം മുന്നേ ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും.

Content Highlight: Spiderman Brand New  Day release trailer out now

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more