| Wednesday, 6th August 2025, 12:27 pm

ഇത്തവണ വരുമ്പോള്‍ അന്യായ തൂക്കായിരിക്കും, പ്രതീക്ഷകള്‍ ഉയര്‍ത്തി ലീക്കായ സ്‌പൈഡര്‍മാന്‍ ലൊക്കേഷന്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോക്‌സ് ഓഫീസില്‍ മാര്‍വലിന്റെ അടുത്ത തുറുപ്പുചീട്ടാണ് സ്‌പൈഡര്‍മാന്റെ നാലാം ഭാഗം. സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മള്‍ട്ടിവേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ക്ക് ശേഷം പുതിയ ജീവിതം ആരംഭിച്ച പീറ്റര്‍ പാര്‍ക്കറിന്റെ മുന്നോട്ടുള്ള യാത്രയാകും ചിത്രം പറയുന്നത്.

ലണ്ടനിലും ഗ്ലാസ്‌ഗോയിലുമായാണ് സ്‌പൈഡര്‍മാന്‍ 4ന്റെ ഷൂട്ട് പുരോഗമിക്കുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബൗണ്ട് സ്‌ക്രിപ്റ്റില്ലാതെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ടോണി സ്റ്റാര്‍ക്കിന്റെ സ്യൂട്ടിന് പകരം സ്വന്തമായി ഡിസൈന്‍ ചെയ്ത പുതിയ സ്യൂട്ടിലാണ് ഇത്തവണ സ്‌പൈഡര്‍മാന്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ കഴിഞ്ഞദിവസം വൈറലായിരുന്നു. തീപ്പിടുത്തത്തിനിടയിലൂടെ പറക്കുകയാണെന്ന കാണിക്കുന്ന വീഡിയോയാണ് ലീക്കായത്. സി.ജി.ഐയെക്കാള്‍ നാച്ചുറലായിട്ടുള്ള ആക്ഷന്‍ സീനുകളാകും ഈ ചിത്രത്തിന്റെ പ്രത്യേകതയെന്ന് ഈയൊരൊറ്റ വീഡിയോയിലൂടെ മനസിലായെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.

നിര്‍മാതാക്കളായ മാര്‍വലിന്റെയും സോണിയുടെയും അറിവോടെയാകും ഈ ലൊക്കേഷന്‍ വീഡിയോ ലീക്കായതെന്നാണ് സോഷ്യല്‍ മീഡയയിലെ പ്രധാന വാദം. മുന്‍ചിത്രമായ സ്‌പൈഡര്‍ മാന്‍: നോ വേ ഹോമിന്റെ കാര്യത്തിലും ഇതുപോലൊന്ന് നടന്നിരുന്നു. അതിഥിവേഷത്തിലെത്തുന്ന ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡ്, ടോബി മഗ്വെയര്‍ എന്നിവരോടൊപ്പം നായകനായ ടോം ഹോളണ്ടും നില്‍ക്കുന്ന ഫോട്ടോ റിലീസിന് മുമ്പ് ലീക്കായിരുന്നു. ആരാധകരുടെ പ്രതീക്ഷ ഈയൊരൊറ്റ ഫോട്ടോക്ക് പിന്നാലെ ഉയര്‍ന്നു.

ഇതേ സ്റ്റ്രാട്രജി തന്നെയാണ് പുതിയ ചിത്രത്തിലും മാര്‍വല്‍ പരീക്ഷിക്കുന്നത്. അത് ഏറെക്കുറെ വിജയമായെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. ടോം ഹോളണ്ടിന്റെ പോര്‍ഷനുകളാണ് പ്രധാനമായും ഇനി ചിത്രീകരിക്കുന്നത്. നായികയായ സെന്‍ഡയയുടെ പോര്‍ഷന്‍ ഇതിനോടകം ചിത്രീകരിച്ച് തീര്‍ന്നു. പുതിയ ഭാഗത്തില്‍ മേരി ജെയിന്‍ എന്ന കഥാപാത്രത്തിന് പ്രാധാന്യമില്ലെന്നും റൂമറുകളുണ്ട്.

2026 ജൂലൈ 31ന് ചിത്രം തിയേറ്ററുകളിലെത്തും. ഡൂംസ്‌ഡേക്ക് മുമ്പ് ബോക്‌സ് ഓഫീസില്‍ നിന്ന് രണ്ട് ബില്യണ്‍ സ്വന്തമാക്കാന്‍ ബ്രാന്‍ഡ് ന്യൂ ഡേയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ചൈന റിലീസില്ലാതെ ബോക്‌സ് ഓഫീസില്‍ നിന്ന് 1.9 ബില്യണായിരുന്നു നോ വേ ഹോം സ്വന്തമാക്കിയത്. കഴിഞ്ഞവട്ടം മിസ്സായ രണ്ട് ബില്യണ്‍ എന്ന നേട്ടം ഇത്തവണ സ്‌പൈഡര്‍ മാന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Spider Man Brand New day movie location video leaked

We use cookies to give you the best possible experience. Learn more