| Monday, 4th April 2016, 11:44 am

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്, ഈ വാക്കുകള്‍ കേള്‍ക്കുക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ആവേശകരമായ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ട്വന്റി20 ലോകകപ്പ് നേടിയ വിന്‍ഡീസ് ടീം അവഗണിക്കപ്പെട്ടവരായാണ് ടൂര്‍ണമെന്റിനെത്തിയത്. മത്സര ശേഷം വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിയുടെ വാക്കുകളില്‍ തങ്ങളുടെ ബോര്‍ഡിനോടുള്ള മധുരപ്രതികാരം നിറഞ്ഞു നിന്നു. തങ്ങള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചായിരുന്നു വിന്‍ഡീസ് ക്യാപ്റ്റന്റെ വാക്കുകള്‍. സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡോ, മറ്റു ക്രിക്കറ്റ് വിദഗ്ധരോ അവര്‍ക്ക് യാതൊരു സാധ്യതയും കല്‍പ്പിച്ചില്ല. കടന്നുവന്ന മുള്ളുകള്‍ നിറഞ്ഞ വഴിയുടെ വേദനയത്രയും സമിയുടെ വാക്കുകളിലുണ്ടായിരുന്നു.

സമിയുടെ വാക്കുകളിലേക്ക്…..

ആദ്യം തന്നെ, ആ സര്‍വശക്തന് നന്ദി. ഞങ്ങളുടെ ടീമില്‍ ഒരു പാസ്റ്റര്‍ ഉണ്ട്, ആന്ദ്രേ ഫ്‌ളെച്ചര്‍. അദ്ദേഹം എപ്പോഴും പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഈ വിജയത്തില്‍ വളരെയധികം സന്തോഷമുണ്ട്. ദീര്‍ഘകാലം ഞങ്ങളിത് ഓര്‍മയില്‍ സൂക്ഷിക്കും.

കാര്‍ലോസ് ബ്രാത്ത്വയ്റ്റിന്റേത് മികച്ച പ്രകടനമായിരുന്നു. ഞാന്‍ മുന്‍പ് പറഞ്ഞിരുന്നു ഞങ്ങളുടെ ടീമില്‍ 15 മാച്ച് വിന്നര്‍മാരുണ്ടെന്ന് . ഓരോ മല്‍സരത്തിലും ഓരോരുത്തര്‍ ഉത്തരവാദിത്തം ഏറ്റെടുത്തു. തന്റെ ലോകകപ്പ് അരങ്ങേറ്റത്തില്‍ത്തന്നെ ബ്രാത്ത്വയ്റ്റ് ഇത്ര മികവുറ്റ പ്രകടനം കാഴ്ചവച്ചത് അദ്ഭുതകരമാണ്. കൃത്യമായ പ്ലാനിങ്ങോടെ മുന്നോട്ട് പോയാല്‍ ടെസ്റ്റിലും ഏകദിനത്തിലും ഇതേ നേട്ടം ആവര്‍ത്തിക്കാനാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

എന്താണ് ഞങ്ങളുടെ പക്കലിള്ളതെന്ന വ്യക്തമായ ധാരണയോടെയാണ് ഞങ്ങള്‍ ലോകകപ്പിനെത്തിയത്. ഈ ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്നുപോലും അദ്ഭുതപ്പെട്ടവരുണ്ട്. ലോകകപ്പിന് മുന്‍പ് ഞങ്ങള്‍ക്ക് നേരിടാനുണ്ടായിരുന്നത് പ്രശ്‌നങ്ങളുടെ ഒരു കൂമ്പാരമായിരുന്നു. സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡ് പോലും ഞങ്ങളെ അവഗണിച്ചു. തലച്ചോറില്ലാത്തവരെന്നാണ് മാര്‍ക്ക് നിക്കോളാസ് ഞങ്ങളെ വിശേഷിപ്പിച്ചത്. എന്നാല്‍ ഇതെല്ലാം ടൂര്‍ണമെന്റിന് മുന്‍പുതന്നെ ഞങ്ങളെ കൂടുതല്‍ ഐക്യമുള്ളവരാക്കി.

എനിക്ക് നന്ദി പറയാനുള്ളത് ഈ 15 പേരോടാണ്. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ക്രിക്കറ്റിനെ നെഞ്ചേറ്റുന്ന ഇവിടുത്തെ ആരാധകര്‍ക്ക് മുന്നില്‍ ഇത്ര മികവുറ്റ പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞല്ലോ. വളരെ അദ്ഭുതകരമായി തോന്നുന്നു. മുഖ്യപരിശീലകനായ ഫില്‍ സിമ്മണ്‍സിനോടും മറ്റു പരിശീലകരോടും നന്ദി പറയുന്നു. ഇവിടെ വരെ വന്ന് ഞങ്ങളെ പരിശീലിപ്പിച്ചതിന്. അദ്ദേഹത്തിന്റെ സേവനം വളരെ മികച്ചതായിരുന്നു.

ഇത്തവണ ഞങ്ങളുടെ കൂടെയുള്ളത് പുതിയ മാനേജരാണ്, റൗള്‍ ലെവിസ്. ഇതിന് മുന്‍പ് ഏതെങ്കിലും ടീമിന്റെ മാനേജരായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ല. ദുബായില്‍ ടീം ക്യാംപ് നടക്കുമ്പോള്‍ ഞങ്ങള്‍ക്ക് യൂണിഫോം പോലുമുണ്ടായിരുന്നില്ല. അദ്ദേഹം ദുബായില്‍ നിന്ന് കൊല്‍ക്കത്തയില്‍ വന്ന് വേണ്ടതെല്ലാം ചെയ്തുതന്നു. ഞങ്ങള്‍ക്ക് ജേഴ്‌സി സംഘടിപ്പിക്കാന്‍ പോലും അദ്ദേഹത്തിന് വളരെ കഷ്ടപ്പെടേണ്ടിവന്നു.

ഈ വിജയം ഞങ്ങല്‍ ഓരോ കരീബിയനും സമര്‍പ്പിക്കുന്നു. ഈ ലോകകപ്പിലുടനീളം ഞങ്ങള്‍ക്ക് അവര്‍ നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. ഞങ്ങള്‍ക്ക് ഇ-മെയിലുകളും ഫോണ്‍കോളുകളും കൃത്യസമയത്ത് തന്നെ ലഭിച്ചു. പ്രധാനമന്ത്രി മിച്ചല്‍, അദ്ദേഹം ചെയ്യാന്‍ ശ്രമിക്കുന്നത് ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം ഇന്നു രാവിലെ വളരെ പ്രചോദനകരമായ ഒരു സന്ദേശം അയച്ചിരുന്നു. നന്ദി.

എന്നാല്‍, സ്വന്തം ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഞങ്ങള്‍ക്ക് ഇതുവരെയും ഒരു സന്ദേശവും ലഭിച്ചിട്ടില്ല. ഇന്ന്, എന്റെ സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമൊപ്പം ആഘോഷിക്കാന്‍ പോവുകയാണ് ഞാന്‍. ഇനിയെന്നാണ് ഇവര്‍ക്കൊപ്പം കളിക്കാനാവുക എന്ന് എനിക്ക് യാതൊരു പിടിയുമില്ല. ഞങ്ങള്‍ ഏകദിന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഇനിയെന്ന് ഞങ്ങള്‍ ട്വന്റി20 കളിക്കും എന്നുപോലും അറിയില്ല. അതുകൊണ്ട് തന്നെ, ഈ വിജയം ഞങ്ങള്‍ ആഘോഷിക്കുകയാണ്. എന്റെ സഹതാരങ്ങള്‍ക്ക് നന്ദി. പരിശീലകര്‍ക്ക് നന്ദി.
ഇതാ, എല്ലാവരും അറിയുക വെസ്‌റ് ഇന്‍ഡീസ് ചാംപ്യന്‍മാരായിരിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more