തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കുട്ടികള്‍ക്കെതിരായി വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളും ദുരൂഹമരണങ്ങളും സംബന്ധിച്ച സാഹചര്യങ്ങള്‍ സമഗ്രമായി പഠിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. മൂന്ന് ദിവസത്തിനകം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശമെന്ന് ആഭ്യന്തര വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2010 മുതല്‍ 2023 വരെ പാലക്കാട് ജില്ലയിലെ അതിര്‍ത്തി മേഖലകളില്‍ 13 വയസ്സില്‍ താഴെയുള്ള 28 കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവങ്ങളില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബാലാതിക്രമ വിരുദ്ധ സമിതി കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി 2026 ജൂണ്‍ 11ന് 16 വര്‍ഷമായി ക്രൈംബ്രാഞ്ച് അന്വേഷിച്ചുവരുന്ന ഒരു കേസ് സി.ബി.ഐയ്ക്ക് കൈമാറുകയും മറ്റ് 23 കേസുകളില്‍ വിശദീകരണം തേടുകയും ചെയ്തതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഹൈക്കോടതി നടപടികള്‍ക്ക് പിന്നാലെ കൊച്ചി ആസ്ഥാനമായ ബാലാതിക്രമ വിരുദ്ധ സമിതി ഭാരവാഹികള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരില്‍കണ്ട് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചു. സമര്‍പ്പിച്ച നിവേദനവും നിലവിലെ സാഹചര്യവും ഗൗരവമായി പരിഗണിച്ച മന്ത്രി, വിഷയത്തില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രത്യേക സംവിധാനത്തിലൂടെ സമഗ്ര പഠനം നടത്തുമെന്നും ഉറപ്പുനല്‍കി. ഇതിന്റെ ഭാഗമായാണ് വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ആഭ്യന്തര വകുപ്പിലെ എ.ഐ.ജി. ജി. പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സില്‍ ജില്ലാ ജനജാഗരണ്‍ സമിതി, ജില്ലാ വനിതാ സെല്‍, സഖി, ജില്ലാ ചൈല്‍ഡ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍, വനിതാ സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
പാലക്കാട് ജില്ലയിലെ വാളയാര്‍, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ മേഖലകളില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളും പോക്‌സോ കേസുകളും താരതമ്യേന കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യവും ടാസ്‌ക് ഫോഴ്‌സ് പരിശോധിക്കും. ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെയും മറ്റ് ഡിജിറ്റല്‍ മാധ്യമങ്ങളുടെയും ഉപയോഗം കുട്ടികളുടെ ജീവിതത്തിലും പെരുമാറ്റത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങള്‍, മാതാപിതാക്കള്‍ ജോലിക്ക് പോകുമ്പോള്‍ കുട്ടികള്‍ നേരിടുന്ന സുരക്ഷാ വെല്ലുവിളികള്‍, സാമൂഹിക ഘടകങ്ങള്‍ എന്നിവയും പഠനവിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പൊലീസ് വകുപ്പിനൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, വനിതാശിശു വികസനം, സാമൂഹ്യനീതി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ ഏകോപിത പ്രവര്‍ത്തനത്തിനുള്ള ശുപാര്‍ശകള്‍ ടാസ്‌ക് ഫോഴ്‌സ് സമര്‍പ്പിക്കും. ബോധവല്‍ക്കരണം, മാനസികാരോഗ്യ പിന്തുണ, കൗണ്‍സിലിംഗ്, കുട്ടികളുടെ സംരക്ഷണത്തിനായുള്ള ദീര്‍ഘകാല നയപരവും ഭരണപരവുമായ നടപടികളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടും.
എസ്.ഐ.ടി. രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയെ അറിയിക്കുന്നതോടെ തുടര്‍നടപടികള്‍ ആരംഭിക്കുമെന്നും ആഭ്യന്തര വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Content Highlight: Special Task Force To Form To Handle POCSO Cases in Kerala – Says Home Minister Ramesh Chennithala