| Friday, 8th December 2017, 9:47 pm

കോഴിക്കോട്ടെ മെറിന്‍ ജോസഫിന്റേയോ കൊച്ചിയിലെ ബര്‍സയുടേയോ; കേരളത്തിലെ യഥാര്‍ത്ഥ സ്ത്രീ യാത്ര ഏത് ?

ആര്യ. പി

ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് സാമൂഹ്യ പ്രവര്‍ത്തകയായ ബര്‍സയും സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ പ്രതീഷ് രമയും പൊലീസിന്റെ സദാചാര ഗുണ്ടായിസത്തിന് ഇരയാകുന്നത്.

ഈ സംഭവത്തിന്റെ മൂന്നാം ദിവസമാണ് കോഴിക്കോട് നഗരത്തിലൂടെ സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെ രാത്രിയാത്ര ഉണ്ടാകുന്നത്. രഹസ്യയാത്രയെന്ന അവകാശവാദത്തോടെ ഡി.സി.പിയും മറ്റ് രണ്ട് വനിതാ പൊലീസുകാരും നടത്തിയ യാത്ര ചിത്രങ്ങള്‍ സഹിതം പിറ്റേ ദിവസം മാത്രഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

“ഗാന്ധിറോഡിലെ കൂരിരുട്ടില്‍ യൂണിഫോമിലല്ലാതെ നില്‍ക്കുന്ന ഡെപ്യൂട്ടി കമ്മിഷണറെ കണ്ടപ്പോള്‍ അതുവഴി വന്ന പോലീസിന്റെ ബൈക്ക് പട്രോളുകാര്‍ക്ക് ആളെ മനസ്സിലായില്ല. എങ്കിലും ബൈക്ക് നിര്‍ത്തി വളരെ ഭവ്യതയോടെ അവര്‍ ചോദിച്ചു, ഫ്ളാറ്റിലേക്ക് പോവുകയാണോ പോലീസിന്റെ സഹായംവേണമോ എന്ന്. വേണമെങ്കില്‍ പോലീസ് വാഹനത്തില്‍ ഫ്ളാറ്റില്‍ വിടാമെന്ന് പറഞ്ഞെങ്കിലും ആവശ്യമില്ല ഒറ്റയ്ക്കു പോയ്‌ക്കൊള്ളാമെന്ന് പറഞ്ഞതോടെ അവര്‍ ബൈക്ക് ഓടിച്ചുപോയി. എന്നിട്ടും ആരാണെന്ന് അവര്‍ക്ക് പിടികിട്ടിയിരുന്നില്ല.

മേലുദ്യോഗസ്ഥയാണെന്ന് മനസ്സിലാവാതിരിന്നിട്ടുപോലും ഒറ്റയ്ക്ക് ഒരു സ്ത്രീ നില്‍ക്കുന്നത് കണ്ടപ്പോള്‍ പോലീസ് കാണിച്ച കരുതല്‍ വളരെ നല്ലകാര്യമായി” ഡിസംബര്‍ നാലിന് സിവില്‍ വേഷത്തില്‍ കോഴിക്കോട് നഗരം ചുറ്റിയ അനുഭവത്തില്‍ ഡി.സി.പി മെറിന്‍ ജോസഫ് പൊലീസുകാരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇത്.

അമൃത ഉമേഷ് (ബര്‍സ)

യഥാര്‍ത്ഥത്തില്‍ രാത്രിയില്‍ ഒറ്റയ്ക്ക് നില്‍ക്കുന്ന, അല്ലെങ്കില്‍ യാത്ര ചെയ്യുന്ന ഒരു സ്ത്രീയോട് ഇത്രയും കരുതല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുണ്ടോ? ഇല്ലെന്ന് ഉറപ്പിച്ചുപറയാവുന്ന നിരവധി അനുഭവങ്ങള്‍ ഉള്ളതായി പലരായി പറയുന്നു. കൊച്ചിയില്‍ വെച്ച് പൊലീസിന്റെ ആക്രമണത്തിന് ഇരയായ ബര്‍സ എന്ന അമൃത ഉമേഷ്, ഡി.സി.പിയെന്ന അധികാരത്തിന്റെ പിന്‍ബലമില്ലാത്ത സാധാരണക്കാര്‍ക്ക് പൊലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് പറയാനുള്ളത് മറ്റൊന്നാണെന്ന് പറയുന്നു.

രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുകയായിരുന്ന തന്നോട് “”വീട്ടിലെത്തിച്ചുതരണോ എന്നല്ല മറിച്ച് “പുലയാടി മോളേ നീയെങ്ങോട്ടാണ് പോകുന്നത്”എന്നായിരുന്നു പൊലീസ് ചോദിച്ചതെന്നാണ് ബര്‍സ പറയുന്നത്. ബര്‍സയ്ക്കൊപ്പം പൊലീസ് അതിക്രമത്തിന് ഇരയായ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ പ്രതീഷിനും പറയാനുള്ളത് പൊലീസിന്റെ ഈ രീതിയിലുള്ള പെരുമാറ്റത്തെ കുറിച്ച് തന്നെയാണ്.

ബര്‍സയും പ്രതീഷും കൊച്ചിയില്‍ പൊലീസ് അതിക്രമത്തിന് ഇരയാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് കോഴിക്കോട് ട്രാന്‍സ്ജെന്റര്‍ സുഹൃത്തിനൊപ്പം നടന്ന ആല്‍ബിന്‍ കിഷോരി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അതിക്രമത്തിന് ഇരയായത്. തുടര്‍ന്ന് പൊലീസ് സഹായം തേടിയ ഇയാളെ സഹായിക്കുന്നതിന് പകരം അധിക്ഷേപിക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് ഇവര്‍ പറയുന്നു.

“”റെയില്‍വേ സ്റ്റേഷന് സമീപം വെച്ച് ഞാന്‍ ഒരു റേപ്പ് അറ്റംപ്റ്റിന് വിധേയനായി അതില്‍ പരാതി പറയാന്‍ പോയപ്പോള്‍ ട്രാന്‍സ്ജെന്റര്‍ സുഹൃത്തിനൊപ്പമാണ് വന്നതെന്ന് പറഞ്ഞ് അവര്‍ അധിക്ഷേപിക്കുകയായിരുന്നു. ഞാന്‍ പറയുന്നതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നാണ് പൊലീസ് പറഞ്ഞത്. എന്റെ പരാതി സ്വീകരിക്കാനോ റെസീപ്റ്റ് നല്‍കാനോ പൊലീസ് തയ്യാറായില്ല””- ആല്‍ബിന്‍ പറയുന്നു.

നാട്ടുകാരില്‍ നിന്നും ചിലയിടങ്ങളില്‍ മോശം സമീപനമുണ്ടായെങ്കിലും താന്‍ ഡിസിപിയാണെന്ന് തിരിച്ചറിയാതിരുന്ന പോലീസുകാരില്‍ നിന്നും നല്ല കരുതലാണ് ഉണ്ടായതെന്ന് ഡി.സി.പി മെറിന്‍ പറയുമ്പോള്‍ അതേ യൂണിഫോമിട്ട പൊലീസുകാരില്‍ നിന്നും ഒട്ടും ദയയില്ലാത്ത പെരുമാറ്റം എന്തുകൊണ്ടാണ് സാധാരണക്കാര്‍ക്ക് നേരിടേണ്ടി വരുന്നതെന്നാണ് ഇവര്‍ ചോദിക്കുന്നത്.

ഇതിനിടെയാണ് ഡി.സി.പി മെറിന്റെ യാത്ര കൃത്യമായി ആസൂത്രം ചെയ്ത് പൊലീസ് തന്നെ നടത്തി പി.ആര്‍.ഒ വര്‍ക്കാണെന്ന ആക്ഷേപവും ഉയര്‍ന്നത്. ഇത് ശരിവെക്കുയാണ് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട ബര്‍സയും പ്രതീഷും

“”ഡി.സി.പി മെറിന്റെ രാത്രിയാത്ര പൊലീസിന് വേണ്ടിയുള്ള ഒരു പി.ആര്‍.ഒ വര്‍ക്കാണെന്ന് നമുക്ക് കൃത്യമായി മനസിലാക്കാം. പൊലീസുകാര്‍ വളരെ നല്ലവരും സ്ത്രീകളോട് വളരെ നന്നായി സംസാരിക്കുന്ന ആളുകളുമാണ് എന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ വേണ്ടി നടത്തിയിട്ടുള്ള യാത്രയാണ് ഇത്”” -ബര്‍സ പറയുന്നു.

മാതൃഭൂമിയും പൊലീസും ചേര്‍ന്ന് നടത്തിയ പി.ആര്‍ വര്‍ക്കാണ് മെറിന്റെ രാത്രിയെന്നാണ് പ്രതീഷ് പറയുന്നത്. ഏതെങ്കിലും ഒരു നഗരം സ്ത്രീകള്‍ക്ക് രാത്രിയാത്രയ്ക്ക് സുരക്ഷിതമാണെന്ന് കാണിക്കാനായി നടത്തിയ ഒരു നാടകമായിട്ടാണ് എനിക്കതിനെ തോന്നുന്നതെന്നും തങ്ങള്‍ ആക്രമിക്കപ്പെട്ടതിന്റെ രണ്ട് ദിവസം കഴിഞ്ഞ് ഇത്തരമൊരു രാത്രി യാത്ര നടക്കുന്നത് എന്നതുകൊണ്ട് തന്നെ ആ സമയത്തിന് കൂടി പ്രത്യേകതയുണ്ടെന്നും പ്രതീഷ് പറയുന്നു.

“”ഡി.സി.പി മെറിന്‍ ഒറ്റയ്ക്കല്ല നടന്നത്. അവര്‍ക്കൊപ്പം രണ്ട് വനിതാ പൊലീസുകാരുടെ അകമ്പടി ഉണ്ടായിരുന്നു. എന്തെങ്കിലും ഒരു സാഹചര്യം വന്നാല്‍ നേരിടാന്‍ അവര്‍ അലേര്‍ട്ടായിരുന്നു. ബര്‍സ നടക്കുന്നത് അവരുടെ ജീവിതത്തിന്റെ ഭാഗമായിട്ടുള്ളതാണ്. പുരുഷന് തുല്യമായ സ്പേസ് സ്ത്രീയ്ക്കും കിട്ടണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് അവര്‍. അവര്‍ അത് നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്.”” പ്രതീഷ് പറയുന്നു.

“”ബര്‍സയുടെ നടത്തവും ഡി.സി.പിയുടെ നടത്തവും തമ്മില്‍ വലിയ അന്തരമുണ്ട്. ബര്‍സ അന്ന് നടന്നപ്പോള്‍ അവരെ ബുദ്ധിമുട്ടിക്കാന്‍ അവിടെ മറ്റാരും വന്നിരുന്നില്ല. ഒരുപാട് ആളുകള്‍ നടന്നുപോയി. ഒരുപാട് വാഹനങ്ങള്‍ പോയി. ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അവിടെ ഉപദ്രവിച്ചത് പൊലീസുകാര്‍ മാത്രമാണ് .പൊലീസുകാര്‍ അവരുടെ സദാചാരം പുലര്‍ത്താന്‍ വേണ്ടിയാണ് ഞങ്ങളെ തടഞ്ഞുവെച്ചതും ഞങ്ങളുടെ ചോദിച്ച ചോദ്യങ്ങളുമെല്ലാം”” പ്രതീഷ് പറയുന്നു.

മെറിന്‍ ജോസഫിനെപ്പോലെ പ്രിവിലേജ്ഡ് ആയ ഒരു സ്ത്രീ ഇറങ്ങിനടക്കുമ്പോള്‍ അവരുടെ ആ രൂപം പോലും അവരുടെ ഐഡന്റിന്റി വ്യക്തമാക്കുന്നുണ്ടെന്നെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് അത്തരം പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ലെന്നുമാണ് ബര്‍സയ്ക്കും പ്രതീഷിനുമൊപ്പം സ്ത്രീ സംഘടനാ പ്രവര്‍ത്തകയായ ഗാര്‍ഗിയും പ്രതികരിക്കുന്നത്.

ഗാര്‍ഗി

“”ഫ്ളാറ്റില്‍ കൊണ്ടുവിടാന്‍ പാകത്തിന് അതേപോലെ ഡ്രസ് ചെയ്തിരിക്കുന്ന അതേപോലെ തൊലിവെളുപ്പുള്ള സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ കോഴിക്കോട് പോലൊരു നഗരത്തില്‍ ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയില്ല. പക്ഷേ സ്ത്രീകളുടെ നിറവും അധികാരത്തിനോടുള്ള നിലപാടുമാണ് ഇതൊക്കെ നിര്‍ണയിക്കുന്നത്”” ഗാര്‍ഗി പറയുന്നു.

“”അവരെപ്പോലെയുള്ള സമൂഹം പറയുന്ന കുറേ രൂപങ്ങളുണ്ട്. അവരെപ്പോലെ പ്രിവിലേജ്ഡ് ആയിട്ടുള്ള ഒരു സ്ത്രീ രാത്രി ഇറങ്ങി നടക്കുമ്പോള്‍ പ്രത്യേകിച്ചും അവര്‍ നേരിടേണ്ടി വരുന്നതായ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. അവരുടെ വേഷമായാലും അവരുടെ രൂപമായാലും അവരുടെ ഐഡന്റിന്റി വ്യക്തമാക്കുന്നുണ്ട്. പക്ഷേ അതുപോലെ അല്ലാതെ വളരെ സാധാരണമായിട്ട് നടക്കുന്ന ഒരു വ്യക്തിയുടെ കാര്യം. ഡി.സി.പി മെറിന്‍ എന്നയാളെ എല്ലാവരേയും വ്യക്തമായിട്ട് അറിയാം. ഈ വരുന്ന പൊലീസുകാര്‍ക്ക് ഡി.സി.പിയെ അറിയാതിരിക്കില്ലല്ലോ അതുകൊണ്ട് തന്നെ അവര്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് അവര്‍ക്കറിയാം. അവര്‍ ഇതൊക്കെ നേരിടാന്‍ അവര്‍ പ്രിപ്പേഡുമാണ്.

എന്റെ രൂപവും എന്റെ എല്ലാം ജെസ്റ്റേഴ്സും ഈ പറയുന്ന തരത്തിലുള്ളതല്ല. ഇത്തരം കാര്യങ്ങളെല്ലാം അവര്‍ നോട്ട് ചെയ്യുന്നുണ്ട്. തനിച്ചുനടക്കുന്ന ഇത്തരത്തിലൊരു പെണ്‍കുട്ടിയെ , ഇത്രത്തോളം നല്ല മനുഷ്യന്‍മാരാണ് പൊലീസുകാരെങ്കില്‍ ഒരു രാത്രി മുഴുവനും മാനസികമായും ശാരീരികമായും പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിടുകയും ലോകത്തോടുള്ള എന്റെ എല്ലാ കമ്മ്യൂണിക്കേഷനും ഇല്ലാതാക്കുകയും ചെയ്യില്ലല്ലോ ?””ബര്‍സ ചോദിക്കുന്നു.

ബര്‍സയുടെ സ്ഥാനത്ത് മെറിന്റെ രൂപഭംഗിയുള്ള മറ്റൊരാളാണെങ്കില്‍ അവര്‍ കൊണ്ടുവിട്ടേനെയെന്നും മെറിനോട് ഫ്ലാറ്റില്‍ വിടണോ എന്ന് ചോദിക്കുന്ന അതേ പൊലീസ് ബര്‍സയുടെ അടുത്ത് എവിടെ പോവുകയാടീ പുലയാടീ മോളേ എന്ന് ചോദിക്കുന്നതിലൂടെ ഭാഷ മാറ്റുകയാണെന്നുമാണ് പ്രതീഷ് പറയുന്നത്.

ആല്‍ബിന്‍

“”ഡി.സി.പിയെ തിരിച്ചറിയാന്‍ കഴിയാത്ത പൊലീസുകാര്‍ സേനയിലുണ്ടെങ്കില്‍ അത് സേനയ്ക്ക് നാണക്കേടല്ലേ. തിരിച്ചറിഞ്ഞില്ലെങ്കില്‍ പോലും അവര്‍ മെറിനോട് എത്ര മാന്യമായാണ് പെരുമാറിയത്. അല്ലെങ്കില്‍ കോഴിക്കോടെ പൊലീസുകാര്‍ മികച്ചവരാണെന്നും കൊച്ചിയിലുള്ളവര്‍ കൊള്ളരുതാത്തവരാണെന്നും അവര്‍ തന്നെ സമ്മതിക്കുകയല്ലേ വേറൊരു തരത്തില്‍. “” പ്രതീഷ് ചോദിക്കുന്നു.

ഏതു നിരത്തിലൂടെയും ഏതു സമയത്തും ആരുടെയും സംരക്ഷണമില്ലാതെ, പേടിക്കാതെ നടക്കാനാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും അത് സാധിക്കപ്പെടുന്നില്ലെന്നാണ് ബര്‍സ പറയുന്നത്.

“”സ്ത്രീകളെ സംബന്ധിച്ച് നഗരത്തില്‍ പോലും രാത്രിയാത്ര എളുപ്പമല്ല. തീര്‍ച്ചയായും സ്ത്രീകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിക്കണം. സ്ത്രീകള്‍ ഇന്ത്യന്‍ പൗരയാണ്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ പുരുഷന് കിട്ടുന്ന എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹയായിട്ടുള്ളവളാണ് സ്ത്രീയും.

രാത്രി പെണ്ണ് നടക്കുമ്പോള്‍ മാത്രം ഇവര്‍ക്കിത്ര ചൊറിച്ചില്‍ ഉണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. ഈ വിഷയത്തില്‍ ഐ.ജിക്കും കമ്മീഷണര്‍ക്കും പരാതി കൊടുത്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി അയക്കുന്നുണ്ട്.

ഇതിന് മുന്‍പും പൊലീസില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ ജോലിയെസംബന്ധിച്ചിടത്തോളം എനിക്ക് രാത്രിയും പുറത്തിറങ്ങേണ്ട ആവശ്യം വരും. എന്റെ എല്ലാ അവകാശവും ഇല്ലാതാക്കാനുള്ള റൈറ്റ് പൊലീസിനില്ല. എന്നെ തല്ലിയിട്ടുള്ള പൊലീസുകാര്‍ നാളെ ഒരു പെണ്ണിനേയും ഇങ്ങനെ മര്‍ദ്ദിക്കരുത്. അതിന് വേണ്ടിക്കൂടിയാണ് ഈ പരാതി നല്‍കുന്നത്. “” ബര്‍സ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഡിസംബര്‍ ഒന്നിന് പ്രതീഷിനെയും ബര്‍സയെയും കസ്റ്റഡിയിലെടുത്ത എറണാകുളം നോര്‍ത്ത് ജനമൈത്രി പോലീസ് ബര്‍സയെ ജാതീയമായി അധിക്ഷേപിക്കുകയും ഉദ്യോഗസ്ഥര്‍ പ്രതീഷിനെ വസ്ത്രം ധരിക്കാന്‍ പോലും അനുവദിക്കാതെ പുലര്‍ച്ചെ വരെ സ്റ്റേഷനില്‍ ഇരുത്തുകയുമായിരുന്നു.

രാത്രി കോഴിക്കോട് വടകരയിലുള്ള വീട്ടിലേക്ക് പോകാനായി റയില്‍വേസ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ബര്‍സയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതീഷിനെ പോലീസ് പീഡിപ്പിച്ചത്. “നീ അവളെക്കൊണ്ടുപോയി കുത്തിയിട്ട് തോന്നുന്ന പോലെ ഇറക്കി വിടുകയാണോ” എന്നാണ് പോലീസ് പ്രതീഷിനോട് ചോദിച്ചത്. ബര്‍സയുടെ സ്വകാര്യ ഡയറി ഉച്ചത്തില്‍ വായിച്ചും ഇരുവരെയും അപഹസിക്കുകയും ചെയ്തത്.

ഇതേ പൊലീസ് തന്നെയാണ് അര്‍ധരാത്രി കോഴിക്കോട് നഗരവീഥിയിലൂടെ നടന്നിട്ടും പ്രത്യേകിച്ച് ഒരു ബുദ്ധിമുട്ടും നേരിട്ടില്ലെന്നും പറഞ്ഞത്.

ബര്‍സയ്ക്ക് നേരെ ആക്രമണം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് പോലീസിന്റെ സദാചാര ഗുണ്ടായിസത്തിനെതിരെ യുവാക്കള്‍ കൊച്ചി നഗരത്തില്‍ സ്വതന്ത്രമായി സഞ്ചരിച്ചും ഒത്തുകൂടിയും പ്രതിഷേധിച്ചത്. അതേ രാത്രിയില്‍ തന്നെയാണ് കോഴിക്കോട്ടെ ഡി.സി.പിയും യുവതിയുമായ പോലീസ് ഉന്നതോദ്യോഗസ്ഥ സ്വതന്ത്രമായി സഞ്ചരിക്കുകയും നാട്ടുകാരില്‍ നിന്നല്ലാതെ പോലീസില്‍ നിന്നും യാതൊരു വിധത്തിലുമുള്ള തിക്താനുഭവങ്ങളുമുണ്ടായില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നത്.

“”നഗരം നല്ല അവസ്ഥയില്‍ എത്തിക്കുന്നതിന് പൊലീസിന് പങ്കുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പൊലീസ് സമൂഹത്തിന്റെ തന്തയാകേണ്ട ആവശ്യമില്ല. പൊലീസ് സമൂഹത്തിന്റെ ഭാഗമാണ്. അതിനപ്പുറം ജനങ്ങളെ നിയന്ത്രിക്കാനോ തല്ലിവളര്‍ത്താനോ ഉള്ള യാതൊരു റോളും പൊലീസിന് ഇല്ല. മെറിനെ പൊലുള്ള യുവാക്കളായ ഉദ്യോഗസ്ഥര്‍ സമൂഹത്തിലേക്ക്് വരുമ്പോള്‍ നമ്മള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ചെറുപ്പക്കാരാണ്. എന്നാല്‍ അവരും ഈ പഴയ അവസ്ഥയിലേക്ക് പോകുന്നത് കാണുമ്പോള്‍ നിരാശയുണ്ട്.”” പ്രതീഷ് പറയുന്നു.

ഡി.സി.പിയുടെ രാത്രിയാത്രയുടെ കഥ വായിച്ചപ്പോള്‍ നാടകം ഫീല്‍ ചെയ്തു. അവരുടെ ക്യാമറയിലേക്ക് നോക്കിയുള്ള നില്‍പ്പും ആ ഫോട്ടോയും കാണുമ്പോള്‍ ആ സ്റ്റോറി മനസിലാകും. നിങ്ങളുടെ സുരക്ഷിതത്വത്തിനെ കുറിച്ച് ആശങ്ക ഉള്ളതുകൊണ്ട് രാത്രി ആരും പുറത്തിറങ്ങരുത് എന്നാണ് പൊലീസ് പറയുന്നത്. രാത്രികളില്‍ നഗരങ്ങളില്‍ ആളനക്കം ഇല്ലാതിരിക്കാനാണ് പൊലീസ് ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഈ 2017 ലും രാത്രികാലങ്ങളില്‍ നമ്മുടെ നഗരം സജീവമല്ല. അത് എന്താണെന്ന് വെച്ചാല്‍ ഈ പൊലീസിങ്ങ് തന്നെയാണ്. സുരക്ഷാ പ്രശ്നമാണ് അവര്‍ പറയുന്നത്. നഗരവുമായി ബന്ധപ്പെട്ട് ക്രൈം റേറ്റ് കേരളത്തില്‍ കുറവാണെന്നാണ് തോന്നുന്നത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച് കാണിച്ച് ആളുകളെയെല്ലാം രാത്രി വീട്ടില്‍ ഇരുത്തി ഇവര്‍ക്ക് പണിയെടുക്കാതിരിക്കാനുള്ള ഒരു പരിപാടി കൂടിയാണെന്നാണ് തോന്നുന്നത്. – പ്രതീഷ് പറയുന്നു.

തൊഴിലിടങ്ങളില്‍ നിന്നുപോകുന്ന സ്ത്രീകള്‍ സ്ഥിരമായിട്ട് പീഡനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലായിരുന്നു കോഴിക്കോട് പെണ്‍കൂട്ട് സ്‌ക്വാഡ് രൂപീകരിക്കുന്നത്.

അന്നത്തെ അവരുടെ ഇടപെട്ടതിന് ശേഷമാണ് കുറച്ചെങ്കിലും സ്ത്രീകള്‍ക്ക് നടക്കാന്‍ പറ്റുന്ന അവസ്ഥയില്‍ ഈ നഗരം എത്തിയത്. എങ്കില്‍ പോലും അത്രയും സുരക്ഷിതമായ നഗരമാണ് ഇവിടമെന്നും സ്ത്രീകളെ അത്തരത്തില്‍ പരിഗണിക്കുന്നുണ്ട് എന്ന് പോലും തോന്നുന്നില്ലെന്നാണ് ഈ വിഷയത്തില്‍ ഗാര്‍ഗി പ്രതികരിക്കുന്നത്.

ബര്‍സ നേരിട്ട സദാചാര/ഇതര അതിക്രമങ്ങളെ കുറിച്ചും, കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് മറ്റൊരു പെണ്‍കുട്ടിയെ സെക്കന്‍ഡ് ഷോ കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് പിങ്ക് പോലീസ് പിടിച്ചുകൊണ്ടു പോയി അടിച്ചതിനെ കുറിച്ചും മെറിനുമായി സംസാരിച്ചെന്നും എന്നാല്‍ തങ്ങള്‍ പറയുന്ന കാര്യങ്ങളിലെ “inconsistency” യെ കുറിച്ച് അവര്‍ സംസാരിക്കാന്‍ തുടങ്ങുകയായിരുന്നെന്നും ഗാര്‍ഗി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

അറിയാത്ത ഒരാളുടെ കൂടെ പോയ ആല്‍ബിന് പിന്നെങ്ങനെ അയാളുടെ നമ്പര്‍ കിട്ടി ? തുടങ്ങിയ പതിവ് പോലീസ് ചോദ്യങ്ങളില്‍ തുടങ്ങി. അവര്‍ കസബ സ്റ്റേഷനിലേക്ക് വിളിച്ചു. അവിടത്തെ എസ്.ഐ പ്രമോദ് പറഞ്ഞത് “ആല്ബിനെ ഇപ്പറഞ്ഞ ആള്‍ പീഡിപ്പിച്ചു എന്ന് പറഞ്ഞ ഹോട്ടലിലെ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവരോരുമിച്ച് സൗഹൃദ പരമായി കയറി ചെന്നത് പോലെയാണ് തോന്നുന്നത്. കേസെടുക്കാന്‍ സാധ്യതയില്ല” എന്നാണ്.

സ്ത്രീകളും ന്യൂനപക്ഷങ്ങളുമനുഭവിക്കുന്ന, ഭൂരിപക്ഷം വരുന്ന പീഡനങ്ങളും മുറികള്‍ക്കകത്താണ്, അകത്തു നിന്നുള്ള ഒരാളുടെ സാക്ഷ്യപ്പെടുത്തല്‍ മാത്രമാണ് പലപ്പോഴും ഏക തെളിവ് എന്നൊക്കെ ആരോടാണ് പറയുന്നത്? കൂടുതല്‍ പറഞ്ഞു വന്നപ്പോള്‍ അവര്‍ പറയുന്നു “you are trying to deceive me”. “please mind, you are in my office” ആല്‍ബിന്റെ കാര്യം മാത്രമല്ല, പോലീസിന്റെ ഒരു പൊതു നിലപാടിനെക്കുറിച്ചാണ് സാംസാരിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ അപ്പോള്‍ ഏതെങ്കിലും പ്രത്യേക ഉദ്യോഗസ്ഥനെതിരെ പരാതിയുണ്ടോ എന്ന് ചോദിക്കുന്നു. ഇല്ല എന്ന് ഞങ്ങള്‍. അങ്ങിനെയാണെങ്കില്‍ എനിക്ക് ഇതില്‍ കാര്യമായി ഒന്നും ചെയ്യാനില്ല എന്നവര്‍.

ചില അനിയത്തിമാര്‍ക്ക് ചേട്ടന്മാരെ പറഞ്ഞാല്‍ ദേഷ്യം വരില്ലേ, അതുപോലെ ധാര്‍ഷ്ട്യത്തിലാണ് അവര്‍ സംസാരിച്ചത്. ഈ നാട്ടില്‍ സ്ത്രീകളും മറ്റും അനുഭവിക്കുന്ന രാത്രി ജീവിതം ഒറ്റ നില്‍പ്പിന് കാണാന്‍ ഒരു രാത്രി വേഷ പ്രച്ഛന്നയായി ഇറങ്ങിയാല്‍ മതി എന്ന ധാര്‍ഷ്ട്യം. പോലീസ് ഒരു പൊതു സ്ഥാപനമായി അവര്‍ കണ്ടിട്ടുണ്ട് എന്ന് തോന്നിയില്ല.- ഗാര്‍ഗി ഫേസ്ബുക്കില്‍ കുറിക്കുന്നു.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more