മുന്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് പറയുന്നത് കേരളത്തില്‍ സദാചാര പൊലീസിങ്ങിന് തുടക്കമിട്ടത് പൊലീസ് തന്നെയാണെന്നും, നിയമത്തിന് പകരം അവനവന്റെ ഉള്ളിലെ ധാര്‍മ്മിക സംഹിതയാണ് അവര്‍ നടപ്പിലാക്കുന്നത് എന്നുമാണ്. “നിയമം മാത്രം നടപ്പാക്കിയാല്‍ പോര, ധാര്‍മിക നീതികൂടി നടപ്പാക്കണമെന്ന ചിന്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടന്നു വന്നതായിരുന്നു സദാചാര പൊലീസിങ്ങിന്റെ തുടക്കം. പൊലീസ് സദാചാര പൊലീസിങ് അവസാനിപ്പിച്ചതോടെ മറ്റുള്ളവര്‍ അതാരംഭിച്ചു. എന്റെ വിശ്വാസത്തില്‍ നിന്നു വേറിട്ട രീതിയില്‍ മറ്റൊരാള്‍ വിശ്വസിച്ചാല്‍ അതിനെ നിയന്ത്രിക്കാനുള്ള അധികാരമുണ്ടെന്ന് വ്യക്തിയോ സംഘമോ തീരുമാനിച്ചാല്‍ അത് സദാചാര പൊലീസിങ്ങാണ്.” അദ്ദേഹം പറഞ്ഞു.
2017 ജൂലൈ 27 ന് കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച “ആധുനിക കാലഘട്ടത്തില്‍ പൊലീസിങ് നേരിടുന്ന വെല്ലുവിളികള്‍” എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്. “വിശ്വസിക്കുന്ന കാര്യങ്ങള്‍ കൂടെയുള്ളവരെ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതി വന്നാല്‍ ജീവിക്കാന്‍ സാധിക്കില്ല. ഇത് അസഹിഷ്ണുതയുടെ പ്രതീകമാണ്. ജനാധിപത്യ സമൂഹം നിലനില്‍ക്കണമെങ്കില്‍ ഈ രീതി അനുവദിക്കരുത്” എന്നും അദ്ദേഹം പറഞ്ഞിരുന്നു. ജേക്കബ് പുന്നൂസിന്റെ പറച്ചിലുകള്‍ ശരിവെക്കുന്നതാണ് കേരളത്തിലെ പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍.
2017 ഡിസംബര്‍ ഒന്നിന് വീട്ടില്‍ പോകാന്‍ റെയില്‍വേയിലേക്ക് നടക്കുകയാണെന്നും സുഹൃത്തിന്റെ വീട്ടില്‍ നിന്നും വരുന്നതാണ് എന്നും പറഞ്ഞതിനാണ് പോലീസുകാര്‍ അമൃതയോട് “രാത്രി രണ്ട് മണിക്കാണോടി പുലയാടിച്ചിമോളെ നിനക്ക് വീട്ടിലേയ്ക്ക് ഒറ്റക്ക് പോകേണ്ടത്? എന്ന് ചോദിക്കുന്നത്. വീട്ടിലേയ്ക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു ബര്‍സ എന്ന പേരില്‍ അറിയപ്പെടുന്ന അമൃത ഉമേഷ്. രണ്ടരമണിക്കാണ് വടകരയിലേക്കുള്ള ട്രെയിന്‍. സ്വന്തം വീട്ടിലേക്ക് പോകാനാണ് അമൃത സുഹൃത്തായ പ്രതീഷിന്റെ വീട്ടില്‍ നിന്നും റെയില്‍വേയിലേക്ക് നടക്കുന്നത്. ഛായാഗ്രാഹകയും സാമൂഹ്യ പ്രവര്‍ത്തകയുമാണ് അമൃത ഉമേഷ്.
2012 ഡിസംബറില്‍ ആലപ്പുഴയില്‍ ബീച്ചില്‍ പരസ്പരം അടുത്തിരുന്ന സംസാരിച്ചതിനാണ് ദമ്പതികളായ രാജേഷിനെയും രശ്മിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ദമ്പതികള്‍ക്കെതിരെ സദാചാര കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. രശ്മിയുടെ കഴുത്തില്‍ താലിമാലയും നെറ്റിയില്‍ സിന്ദൂരക്കുറിയും ഇല്ലായിരുന്നു. അതു കൊണ്ടാണ് പൊലീസ് ഇവരെ സംശയിച്ചത്.വിവാഹം കഴിച്ചുവെന്നതിന് തെളിവ് ഹാജരാക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് കേസെടുത്തതെന്ന് പൊലീസ് അന്ന് പറഞ്ഞത്.
2017 ഫെബ്രുവരി 20 ന് തിരുവനന്തപുരം മ്യൂസിയം പരിസരത്ത് സംസാരിച്ചിരുന്ന വിഷ്ണു എന്ന യുവാവിനെയും സുഹൃത്തായ യുവതിയെയും അനാശ്യാസ്യം നടത്തിയെന്ന് ആരോപിച്ചാണ് പിങ്ക് പോലീസ് കസ്റ്റഡിയിലെടുത്തത്. വിഷണുവൂം സുഹൃത്തും പരസ്പരം ഉമ്മ വെച്ചു എന്നാണ് പോലീസുകാര്‍ ആരോപിച്ചത്. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളെ കസ്റ്റഡിയിലെടുക്കുന്നത് എന്ന വിഷ്ണുവിന്റെ ചോദ്യത്തിന് മ്യൂസിയത്തിലെ നിയമം ഇതാണെന്നായിരുന്നു പോലീസ് മറുപടി.
ഇതിന് ഒരാഴ്ച്ച മുന്‍പ് 2017 ഫെബ്രുവരി 11 നാണ് തിരുവനന്തപുരം കനകക്കുന്നില്‍ ഒരുമിച്ചിരിക്കുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പിങ്ക് പോലീസ് വിരട്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്ത് വന്നത്. “ആണ്‍ പെണ്‍ സുഹൃത്തുക്കള്‍ ഒരുമിച്ച് ഇരിക്കാന്‍ പാടില്ലെന്നാണ് പിങ്ക് പോലീസിന്റെ തീട്ടൂരം. ഒരുമിച്ചിരിക്കുന്നവരുടെ അടുത്തെത്തി നെറ്റിയില്‍ സിന്ദൂരമുണ്ടോ, കഴുത്തില്‍ താലിയുണ്ടോ, വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നൊക്കെ പോലീസുകാര്‍ പരിശോധിക്കുന്നു” എന്ന് ഇരകളായവര്‍ പറയുന്നു.
ഈ വര്‍ഷം ജൂലൈ 17 നാണ് വിനായകന്‍ എന്ന ദളിത് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തായ ഒരു പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് വിനായകനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പറഞ്ഞു. മുടി നീട്ടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതായി സ്ഥാപിക്കാന്‍ പോലീസ് ചൂണ്ടിക്കാട്ടിയത്.
വിഷ്ണുവും ആതിരയും
2016 മാര്‍ച്ച് മാസത്തിലാണ് മാര്‍ട്ടിനെ അയ്യന്തോള്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മനുഷ്യസംഗമം എന്ന പ്രതിഷേധ കൂട്ടായ്മയുടെ സംഘാടനവുമായി ബന്ധപ്പെട്ട് സുഹൃത്തിനൊപ്പം പോകുമ്പോഴാണ് അയ്യന്തോള്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യാതൊരു പ്രകോപനമൊന്നുമില്ലാതെ മാര്‍ട്ടിനെ കസ്റ്റഡിയിലെടുത്തത്. മൂടി നീട്ടി വളര്‍ത്തിയതായിരുന്നു കാരണം. ഊരാളി ബാന്റിലെ പാട്ടുകാരനും ആക്ടിവിസ്റ്റുമാണ് മാര്‍ട്ടിന്‍.
2016 ഡിസംബറില്‍ കോഴിക്കോട്ട് മുക്കാഞ്ഞിരം മനോഹരന്റെ മകള്‍ 19 വയസ്സ് മാത്രമുള്ള ആതിര ആത്മഹത്യ ചെയ്തത് പൊലീസിന്റെ സദാചാര പൊലീസിങ്ങിനെ തുടര്‍ന്നാണ്. കുറ്റ്യാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന ആതിര രാത്രി രണ്ടുമണിയോടെ റോഡില്‍ സ്‌കൂട്ടര്‍ ഓടിച്ചുപഠിക്കുന്നതിനിടെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്തു. സ്ത്രീകള്‍ രാത്രി പുറത്തിറങ്ങുന്നതിന് എതിരു നില്‍ക്കുന്ന സമീപനമാണ് പൊലീസ് പലപ്പോഴും സ്വീകരിക്കുന്നതെന്ന് ഇരകള്‍ പറയുന്നു.
എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്‍ തന്റെ ഒരു ലേഖനത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്. “ഭൂരിപക്ഷത്തിനും തനിക്കു അനുഭവിക്കാന്‍ കഴിയാത്തതിലുള്ള രോഷം സദാചാരത്തിന്റെ മേലങ്കി അണിഞ്ഞു ചെറുത്ത് തോല്‍പിക്കുക എന്ന വെറും തരം താണ പ്രവൃത്തികളാണ് ചെയ്യുന്നത്. നമ്മുടെ നിയമങ്ങള്‍ പോളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉഭയ കക്ഷി സമ്മത പ്രകാരം സെക്‌സില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. എന്നാല് 18 വയസ്സ് തികയാത്ത പെണ്‍കുട്ടികളുമായുള്ള സെക്‌സ്, ബലാല്‍സംഗം എന്നിവ കുറ്റകരമാക്കുയും വേണം. അല്ലാതെ സദാചാരം പോലീസ് കൈകാര്യം ചെയ്യേണ്ട കാര്യമല്ല.”
വെള്ളിയാഴ്ച്ച പുലര്‍ച്ചെ 2 മണിക്കാണ് കലൂര്‍ സ്റ്റേഡിയത്തിന് അടുത്ത് വെച്ച് ബൈക്കിലെത്തിയ പൊലീസുകാര്‍ അമൃതയെ ചോദ്യം ചെയ്യുന്നത്. താന്‍ വീട്ടിലേക്ക് പോകാന്‍ വേണ്ടി സുഹൃത്തിന്റെ വീട്ടില്‍ നിന്നും വരികയാണെന്നും ഉത്തരം നല്‍കി. ശേഷം പൊലീസുകാര്‍ പോവുകയും ചെയ്തു. നടന്നുകൊണ്ടിരുന്ന അമൃതക്കരികിലേക്ക് മാതൃഭൂമി ജങ്ഷനു സമീപം വെച്ച് 8 പൊലീസുകാര്‍ വീണ്ടും വന്നു. ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു. സദാചാര പ്രശ്‌നത്താല്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജോലിയുടെ ഭാഗമായും തന്റെ സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായും അമൃതക്ക് രാത്രിയും പകലുമെന്നില്ലാതെ തനിച്ചോ കൂട്ടമായൊ ഒക്കെ സഞ്ചരിക്കേണ്ടി വരാറുണ്ട്.
മാര്‍ട്ടിന്‍, ഊരാളി
എന്നാല്‍ ഇതൊരു സദാചാരത്തിന്റെ വിഷയമാണെന്ന് മനസ്സിലായത് പിന്നീടാണ്.അച്ഛന്റെ നമ്പര്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ ഉറങ്ങുകയാകും അതുകൊണ്ട് നമ്പര്‍ നല്‍കില്ല എന്ന് അമൃത പറഞ്ഞു അപ്പോള്‍ കൂട്ടുകാരനെ വിളിക്കാന്‍ പറയുകയും പ്രതീഷിനെ വിളിക്കുകയും ചെയ്തു പ്രതീഷെത്തിയപ്പോള്‍ പിന്നെ പോലീസ് പ്രതീഷിനു നേരെ തിരിയുകയും അസഭ്യം പറയുകയും അക്രമിക്കുകയുയം ചെയ്തു എന്നും അമൃത പറയുന്നു.
ആലപ്പുഴയില്‍ ബീച്ചില്‍ പരസ്പരം അടുത്തിരുന്ന സംസാരിച്ച ദമ്പതികളായ രാജേഷും രശ്മിയും തങ്ങള്‍ നിയമപരമായി വിവാഹം ചെയ്തവരാണെന്നും ഇത് നാട്ടുകാരോടും വീട്ടുകാരോടും അന്വേഷിച്ചാല്‍ അറിയാവുന്നതാണെന്നു പറഞ്ഞിട്ടും വിശ്വസിക്കാതെ തെറിയഭിഷേകമാണ് പോലീസ് അന്ന് നടത്തിയത്. തുടര്‍ന്ന് രാജേഷിനെയും രശ്മിയെയും പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു.
തിരുവനന്തപുരം മ്യൂസിയം പിങ്ക് പോലീസിന്റെ സദാചാര ഉപദേശങ്ങള്‍ വിഷ്ണു ഫെയ്‌സ്ബുക്ക് ലൈവിലൂടെ അന്ന് വെളിപ്പെടുത്തിയിരുന്നു. പ്രായപൂര്‍ത്തിയായ ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം മാത്രമേ വിട്ടയക്കൂ എന്ന് വനിതാ പോലീസ് പറയുന്നത് അന്ന് വീഡിയോയിലൂടെ കേട്ടു. ഇരകള്‍ തന്നെ ശക്തമായി പ്രതികരിച്ച് മുന്നോട്ട് വന്നതിനാല്‍ പേലീസിന്റെ സദാചാര പൊലീസിങ് പുറത്തെത്തുകയും ചര്‍ച്ചയാവുകയും ചെയ്തു. യുവതി യുവാക്കള്‍ക്ക് നേരെ സദാചാര പൊലീസ് ചമഞ്ഞ മ്യൂസിയം പൊലീസിന്റെ നടപടി വേദനിപ്പിച്ചു എന്നാണ് കേരള പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്ന് പറഞ്ഞത്. കമിതാക്കളോട് ഉണ്ടായ മോശമായ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
കനകക്കുന്നില്‍ ഒരുമിച്ചിരിക്കുന്ന ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും പിങ്ക് പോലീസ് വിരട്ടിയോടിക്കുന്ന ദൃശ്യങ്ങള്‍ ജല്‍ജിത്ത് എന്ന യുവാവാണ് അന്ന് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ചത്. എപ്പോഴും ആളുകള്‍ നിറഞ്ഞ കനകക്കുന്നില്‍ പരസ്യമായ സ്ഥലത്ത് ഉദ്യാനത്തില്‍ ഇരിക്കുന്ന സുഹൃത്തുക്കളായ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ആയിരുന്നു പിങ്ക് പോലീസ് പേടിപ്പിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നത്.
ജല്‍ജിത്തിന്റെ ഫെയ്‌സ്ബുക്ക് വീഡിയോയുടെ കമന്റായി നിരവധി ആളുകള്‍ അന്ന് സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചു. എതിര്‍ത്ത് സംസാരിക്കുന്നവരെ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെന്ന് ആരോപിച്ച് സ്റ്റേഷനില്‍ കൊണ്ട് പോയി പരിശോധിക്കണമെന്ന് പറഞ്ഞ് പോലീസുകാര്‍ ഭീഷണിപ്പെടുത്തുമെന്നും സ്ത്രീകളുടെ സംരക്ഷണത്തിന് നിയോഗിച്ചിരിക്കുന്ന പിങ്ക് പോലീസ് സ്വകാര്യതയില്‍ കടന്നു കയറുകയും പൊതുമധ്യത്തില്‍ അപമാനിക്കുകയും ചെയ്യുന്നു എന്നുമാണ് ഇരകള്‍ പറയുന്നത്.
സ്വകാര്യതയില്‍ കടന്നു കയറുകയാണ് അമൃതയുടെ കേസിലും ഉണ്ടായിട്ടുള്ളത്. രാത്രിയില്‍ സ്റ്റേഷനില്‍ എത്തിയതിനു ശേഷം തന്റെ അനുവാദമില്ലാതെ ബാഗ് പരിശോധിക്കുകയും തന്റെ പേഴ്സണല്‍ ഡയറി തുറന്നു വായിക്കുകയും ചെയ്‌തെന്ന് അമൃത പറയുന്നു. ദേഹ പരിശോധനക്ക് കൊണ്ടുപോകും വഴി പോലീസ് പറഞ്ഞത് നിങ്ങള്‍ തമ്മില്‍ ലൈംഗീക ബന്ധം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നായിരുന്നു. എസ്.എച്ച്.ഒ ആയ ത്രേസ്യ സോസയും കോണ്‍സ്റ്റബിള്‍ ദീപ ആന്റണിയും ചേര്‍ന്നാണ് തന്നെ മര്‍ദിച്ചതും സഭ്യമല്ലാത്തരീതിയില്‍ സംസാരിച്ചതെന്നും അമൃത പറയുന്നു.
വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി അശ്ലീലം നിറഞ്ഞ ചോദ്യങ്ങള്‍ തനിക്ക് വനിതാ പൊലീസില്‍ നിന്നും നേരിടേണ്ടി വന്നതായി അമൃത വ്യക്തമാക്കുന്നു. പ്രതീഷ് തന്റെ ബോയ്ഫ്രണ്ടാണോ, എല്ലാ ദിവസവും പ്രതീഷിന്റെ വീട്ടില്‍ പോയി താമസിക്കാറുണ്ടോ എന്നും തനിക്ക് ആണുങ്ങള്‍ ചെയ്യുന്നതെല്ലാം ചെയ്യണമെന്ന ആഗ്രഹമാണുള്ളത് അതിന് കഴിയാത്തതാണ് എന്റെ പ്രശനെമെന്നുമാണ് പൊലീസ് പറഞ്ഞതെന്നാണ് അമൃത പറയുന്നത്.
പൊലീസിന്റെ സദാചാര പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ജീവനുകള്‍ പൊലിയുന്നതിനും കാരണമായിട്ടുണ്ട്. ഇതിന്റെ ഉദാഹരണമാണ് വിനായകനും ആതിരയും. മുടി നീട്ടി വളര്‍ത്തിയതിനും സുഹൃത്തായ ഒരു പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നിന്നതിനുമായിരുന്നു വിനായകനെ കസ്റ്റഡിയില്‍ എടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്. ഇതില്‍ മനംനൊന്താണ് വിനായകന്‍ ആത്മഹത്യചെയ്തു. ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചെന്ന് വിനായകന്റെ സുഹൃത്ത് ശരത്ത് പറയുന്നു. നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിച്ചെന്നും ശരത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഡി.ജി.പി ലോകനാഥ് ബെഹ്‌റ വിനായകന്റെ മരണത്തെ തുടര്‍ന്ന പറഞ്ഞത് “മുടി നീട്ടി വളര്‍ത്തിയ പിള്ളേരെ പിടികൂടി അത് വെട്ടിക്കുന്നത് പോലുള്ള കലാപരിപാടികള്‍ പോലീസിന് ചേര്‍ന്നതല്ലെന്ന്. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ്. ഇത്തരത്തില്‍ സദാചാര പോലീസ് ജോലി അനുവദിക്കാനാവില്ല”” എന്നാണ്. കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ബെഹ്‌റ ഇങ്ങനെ പറഞ്ഞത്. പൊലീസ് തന്നെ സദാചാര പൊലീസ് ചമയുന്നു എന്നാണ് വിനായകന്റെ മരണത്തെ തുടര്‍ന്ന് എം.എം ഹസന്‍ പറഞ്ഞത്.
രാത്രി രണ്ടുമണിയോടെ റോഡില്‍ സ്‌കൂട്ടര്‍ ഓടിച്ചുപഠിച്ചതിനാണ് ആതിര അറസ്റ്റ് ചെയ്യപ്പെടുന്നത്. രണ്ടര മണിക്കൂര്‍ സ്റ്റേഷനില്‍ കഴിഞ്ഞ ആതിര വീട്ടിലെത്തി ആത്മഹത്യ ചെയ്തു. നാദാപുരം ഡിവൈ.എസ്.പി കെ. ഇസ്മയിലാണ് ആതിരെയേയും സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ പൊലീസ് അന്ന് പാലിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. ജോലിത്തിരക്കുകള്‍ കാരണമാണ് പാതിരാത്രി തിരക്കൊഴിഞ്ഞ റോഡില്‍ ഡ്രൈവിങ് പഠിച്ചത്. ഇവരെ രക്ഷിതാക്കള്‍ വന്നതിന് ശേഷമാണ് വിട്ടയച്ചത്.
തന്നെയും സുഹൃത്തിനെയും എന്തിനാണ് കസ്റ്റഡിയില്‍ എടുക്കുന്നത് എന്ന് ചോദിച്ച അമൃതയോടും പോലീസ് പറഞ്ഞത് രാത്രി ഇതുപോലെ അലഞ്ഞു നടക്കുന്ന പെണ്‍കുട്ടികളെ സ്റ്റേഷനില്‍ കൊണ്ടുവന്ന് ഇടുകയും രാവിലെ രക്ഷിതാക്കള്‍ക്കൊപ്പം അയക്കുകയും ചെയ്യുമെന്നുമാണ്. ആശുപത്രിയില്‍ നിന്നും കൈകള്‍ പിടിച്ചതിനെ സ്റ്റേഷനില്‍ എത്തിയ രക്ഷിതാക്കളോട് പറഞ്ഞത് ആശുപത്രിയില്‍ നിന്നും കെട്ടിപ്പിടിച്ചു എന്നാണെന്നും അമൃത പറയുന്നു.
“പൊതു സ്ഥലങ്ങളില്‍ പുരുഷനും സ്ത്രീയും സൗഹൃദങ്ങള്‍ പങ്കു വയ്ക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്നും അവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നടപടികള്‍ നിയമവിരുദ്ധമാണെന്നും ഡി.ജി.പി ലോകനാഥ് ബെഹ്‌റ പറയുന്നുണ്ട്. ഇത് ഇഷ്ട്ടപെടാത്തവര്‍ നല്‍കുന്ന പരാതിയില്‍ അന്വേഷണത്തിനെത്തിയാലും അവരോട് പോലീസ് വളരെ മാന്യമായി മാത്രമെ പെരുമാറാന്‍ പാടുള്ളു.” എന്നായിരുന്നു. ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ബെഹ്‌റ ഇങ്ങനെ പറഞ്ഞത്. പൊലീസ് നിയമപാലകരാണെന്നും അല്ലാതെ സദാചാര സംരക്ഷകരല്ല എന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു. എന്നിട്ടും
കേരളത്തില്‍ നടക്കുന്നത് മറിച്ചാണ്.