രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ള സ്ഥലത്ത് കുന്നിടിച്ച് കുപ്പിവെള്ള പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങിയപ്പോഴാണ് കൊല്ലം ജില്ലയിലെ ഇട്ടിവ പഞ്ചായത്തില്‍ ചുണ്ട പട്ടാണിമുക്കില്‍ ജനങ്ങള്‍ സമരം ആരംഭിച്ചത്. ഏകദേശം അഞ്ചേക്കര്‍ സ്ഥലം പലരില്‍ നിന്നായി വിലക്ക് വാങ്ങി, വലിയൊരു കുന്ന് ഇടിച്ച് നീക്കിയ മണ്ണുപയോഗിച്ച് മറുഭാഗം നികത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
പ്ലാന്റിന് പഞ്ചായത്തിന്റെ നിര്‍മ്മാണ അനുമതിയും ഭൂഗര്‍ഭ ജലവകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതികളും ലഭിക്കുകയും ചെയ്തു. 5.1 മീറ്റര്‍ വ്യാസവും 6.8 മീറ്റര്‍ ആഴവുമുള്ള കിണറിനാണ് ഭൂഗര്‍ഭജല വകുപ്പ് അനുമതി നല്‍കിയത്. പ്രതിദിനം 25000 ലിറ്റര്‍ ജലം എടുക്കാനുള്ള അനുമതിയും നല്‍കി.
എന്നാല്‍ നിലവിലെ കിണറിന് 6 മീറ്ററിലേറെ വ്യാസവും 10 മീറ്ററിലേറെ ആഴവും ഉണ്ട്. കിണര്‍ നേരത്തെ തന്നെ നിര്‍മ്മിച്ച ശേഷമാണ് അപേക്ഷ സമര്‍പ്പിച്ച് അനുമതി നേടിയതെന്ന് സമരസമിതി കണ്‍വീനറായ എച്ച്.ബൈജു പറയുന്നു. ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്ന കമ്പനിക്കെതിരെ ജനങ്ങള്‍ ഉറവ ജലസംരക്ഷണ സമിതി എന്ന പേരില്‍ സമരസമിതി രൂപീകരിച്ച് സമരം ആരംഭിക്കുകയും അതിനെ തുടര്‍ന്ന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
അതിന് ശേഷം സമരസമിതിയുടെ ആവശ്യത്തെ തുടര്‍ന്ന് സ്‌പെഷല്‍ ഗ്രാമസഭ വിളിക്കുകയും ഗ്രാമസഭ ഐക്യകണ്‌ഠേന പ്ലാന്റ് വേണ്ട എന്നാവശ്യപ്പെടുകയും പഞ്ചായത്ത് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു.
എന്നാല്‍ ഈ കഴിഞ്ഞ ഒക്ടോബര്‍ മാസം 20 ന് കേരള ഗവര്‍ണ്ണര്‍ അംഗീകരിച്ച കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓര്‍ഡിനന്‍സിന്റെ മറപറ്റി ഈ കുപ്പിവെള്ള പ്ലാന്റ് വീണ്ടും വരുമെന്ന ആശങ്കയിലാണ് ചുണ്ടയിലെ ജനങ്ങള്‍. ചുണ്ടയില്‍ മാത്രമല്ല, കേരളത്തിലെമ്പാടും നടക്കുന്ന ചെറുതും വലുതുമായ നിരവധി ജനകീയ സമരങ്ങള്‍ ഈ ഓര്‍ഡിനന്‍സിനെ ആശങ്കയോടെയാണ് നോക്കി കാണുന്നത്.
പുതിയ ഓര്‍ഡിനന്‍സിലൂടെ പഞ്ചായത്തീരാജ് നിയമം അടക്കമുള്ളവയെ അട്ടിമറിച്ചുകൊണ്ട് പ്രാദേശിക എതിര്‍പ്പുകളെ മറികടന്ന് വികലമായ വികസന പദ്ധതികള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
“ഗ്രാമസഭയുടെ അധികാരങ്ങളെ കവര്‍ന്നെടുക്കുകയാണ് പുതിയ ഓര്‍ഡിനന്‍സ്. പഞ്ചായത്തീ രാജ് ആക്ടിനെ തകര്‍ക്കുന്ന നീക്കമാണിത്. ഭൂഗര്‍ഭ ജലം ഊറ്റുന്നതിനും ക്വാറി തുടങ്ങുന്നതിനുമൊന്നും പഞ്ചായത്തിന്റെ അനുമതി ആവശ്യമില്ലെന്ന അവസ്ഥയാണ് വരാന്‍ പോകുന്നത്. നിയമസഭയില്‍ പോലും കൊണ്ടുവരാതെ മന്ത്രിസഭയില്‍ പോലും വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യാതെ തിടുക്കത്തില്‍ ഇങ്ങനൊരു ഓര്‍ഡിനന്‍സ് ഇറക്കുന്നത് പരിസ്ഥിതി നിയമങ്ങളെയും, പ്രാദേശികമായ എതിര്‍പ്പുകളെയും ഇല്ലാതാക്കി മുതലാളിമാരുടെ ഇഷ്ടത്തിന് എന്ത് വേണമെങ്കിലും ചെയ്യാനായി കേരളത്തെ വിട്ടു കൊടുക്കാനുള്ള ശ്രമമാണ്” പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ബാബുജി പറയുന്നു.
പഞ്ചായത്തീരാജ് നിയമത്തെ ഒരു ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്ത നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ബാബുജി പറയുന്നു.
1994 ലെ കേരള പഞ്ചായത്തീരാജ് ആക്ട്, 1960 ലെ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, കേരള ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് ആക്ട്, കേരള മുന്‍സിപ്പാലിറ്റി ആക്ട്, കേരള ഇന്‍ഡസ്ട്രിയല്‍ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ഏരിയ ഡെവെലപ്‌മെന്റ് ആക്ട്, കേരള ഗ്രൗണ്ട് വാട്ടര്‍ കണ്‍ട്രോള്‍ ആന്‍ഡ് റെഗുലേഷന്‍ ആക്ട്, കേരള ലിഫ്ട് ആന്‍ഡ് എസ്‌കലേറ്റഴ്‌സ് ആക്ട് എന്നിവയാണ് ഒറ്റ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തത്. അപേക്ഷകന്‍ ഒറ്റ അപേക്ഷ നല്‍കിയാല്‍ മുഴുവന്‍ അനുമതികളൂം ഏകജാലക സംവിധാനം വഴി ലഭിക്കും.
ഒരു പ്രത്യേക നിലവാരം വരെയുള്ള സ്ഥാപനങ്ങള്‍ക്ക് സ്ഥാപന ഉടമ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അനുസരിച്ച് അനുമതികള്‍ ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാനുള്ള അധികാരം എടുത്തു കളഞ്ഞു. ഒരു സ്ഥാപനത്തിനെതിരെ പരാതി ഉയര്‍ന്നാല്‍ സാങ്കേതിക വകുപ്പിന്റെ റിപ്പോര്‍ട്ട് തേടി ആ റിപ്പോര്‍ട്ട് പ്രകാരം പ്രശ്‌നം പരിഹരിക്കാനുള്ള സമയം നല്‍കണം.
എല്ലാ അനുമതികളും 30 ദിവസത്തിനകം നല്‍കുകയോ നിരസിക്കുകയോ ചെയ്യണം. അങ്ങനെ ചെയ്യാത്ത പക്ഷം 30 ദിവസത്തിന് ശേഷം അപേക്ഷകന് കല്‍പ്പിത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഒരു ലൈസന്‍സ് അഞ്ച് കൊല്ലത്തേക്ക് പുതുക്കേണ്ട കാര്യമില്ല, ഫീസ് അടച്ചാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വമേധയാ പുതുക്കപ്പെടും, ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അനുവദനീയമായ അളവ് വരെ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കും. ഇവയൊക്കെയാണ് ഓര്‍ഡിനന്‍സിലെ പ്രധാന വ്യവസ്ഥകള്‍.
” പഞ്ചായത്തുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാനുള്ള അധികാരം എടുത്ത് കളഞ്ഞതോടെ ഇനി പൊതുജനങ്ങള്‍ എതിര്‍ത്താലും ഒരു പദ്ധതിക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഒന്നും ചെയ്യാനാകില്ല. അതാത് വകുപ്പിന്റെ റിപ്പോര്‍ട്ട് തേടാന്‍ മാത്രമേ സാധിക്കൂ. ഒരു ക്വാറിക്കെതിരെ പഞ്ചായത്ത് മൈനിങ് ആന്‍ഡ് ജിയോളജിയോട് റിപ്പോര്‍ട്ട് തേടിയാല്‍ എന്താവും റിപ്പോര്‍ട്ട് എന്ന് നമുക്കൂഹിക്കാമല്ലോ, ഇത്തരത്തില്‍ പഞ്ചായത്തുകളുടെ അധികാരത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ഓര്‍ഡിനന്‍സാണിത്. അതുപോലെ തന്നെ ഒരു പദ്ധതിക്കുള്ള അനുമതിയോ നിരസിക്കലോ 30 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ അത് സ്വമേധയാ നല്‍കിയതായി കണക്കാക്കപ്പെടും.
അനുമതി നല്കാന്‍ സാധിക്കാത്ത ഒരു വ്യവസായത്തിനോ പദ്ധതിക്കോ ഉള്ള അപേക്ഷയിന്മേല്‍ 30 ദിവസം ഒരു നടപടിയും സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ കണ്ണടച്ചാല്‍ ആ പദ്ധതിക്ക് എളുപ്പത്തില്‍ അനുമതി ലഭിക്കും. നിലവില്‍ തന്നെ കേരളത്തിലെ പല പഞ്ചായത്ത് ഉദ്യോഗസ്ഥരും ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ സ്വീകരിക്കുന്ന തന്ത്രമാണിത്. ഇപ്പോള്‍ അനുമതി നല്‍കുന്നതിന് കൂടി അത് ബാധകമായതോടെ വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കുമെന്ന സ്ഥിതിയാണുള്ളത് . നിലവില്‍ ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ട് പോലും കേരളത്തിലെ അഴിമതി നിറഞ്ഞ വകുപ്പുകളും രാഷ്ട്രീയക്കാരും ചേര്‍ന്ന് പരിസ്ഥിതി നിയമങ്ങളെ അട്ടിമറിക്കുകയാണ്. അതിനെ കൂടുതല്‍ എളുപ്പമാക്കുന്ന ഒന്നാണ് ഈ ഓര്‍ഡിനന്‍സ് ” കൊല്ലം ജില്ലാ പരിസ്ഥിതി ഏകോപന ഏകോപന സമിതി കണ്‍വീനര്‍ അഡ്വ. വി.കെ സന്തോഷ് കുമാര്‍ പറയുന്നു.
“ഞങ്ങളുടെ ഗ്രാമസഭ ഐക്യകണ്‌ഠേനയാണ് ഈ കുപ്പിവെള്ള പ്ലാന്റ് ഇവിടെ വേണ്ടെന്ന തീരുമാനം എടുത്തത്. പഞ്ചായത്ത് ഞങ്ങളുടെ സമരസമിതിയുടെ ഒപ്പം തന്നെയുണ്ട്. ഈ പദ്ധതിയെ ഇപ്പോള്‍ സഹായിക്കുന്നത് ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥരാണ്. ഈ പദ്ധതിക്ക് പിന്നിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ പുതിയ വ്യവസായ നയം വന്നതോടെ ഏകജാലക സംവിധാനത്തിലൂടെ കുപ്പിവെള്ള പ്ലാന്റിന് അനുമതി നേടിയെടുക്കാന്‍ കമ്പനി ശ്രമം തുടങ്ങിയിട്ടുണ്ട്. പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കില്ലെന്നും ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കുന്ന അനുമതി ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നുമാണ് അവര്‍ ജനങ്ങളോട് പറയുന്നത്. ഈ ഓര്‍ഡിനന്‍സ് വന്നതോടെ നിര്‍ത്തി വെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ കമ്പനിയുടെ ആളുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. സമരസമിതി പ്രവര്‍ത്തകര്‍ക്ക് എതിരെ കള്ളക്കേസുകള്‍ കൊടുക്കുകയും വധഭീഷണി മുഴക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഞങ്ങളുടെ ഉറവ ജലസംരക്ഷണ സമിതി എന്ത് വിലകൊടുത്തും അവസാന നിമിഷം വരെയും ഈ സമരത്തില്‍ ഉണ്ടാകും.” സമരസമിതി കണ്‍വീനറായ എച്ച്.ബൈജു പറയുന്നു.
പ്ലാച്ചിമട
20 വകുപ്പുകളുടെ നിയമങ്ങളും ചട്ടങ്ങളും വിലയിരുത്തിയ ശേഷം കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ പഠനസംഘമാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന പരിപാടിയുടെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2016 ല്‍ നല്‍കിയ ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ ഒറ്റ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കിയിരിക്കുന്നത്.
അടിയന്തിര സ്വഭാവമുള്ള കാര്യങ്ങളാണ് നിയമസഭ ചേരാത്ത സമയത്ത് ഓര്‍ഡിനന്‍സിലൂടെ നടപ്പിലാക്കുന്നത്. എന്നാല്‍ 2016 ല്‍ സര്‍ക്കാരിന് ലഭിച്ച ഒരു റിപ്പോര്‍ട്ട് എന്തുകൊണ്ട് നിയമമാക്കുന്നതിന് മുന്‍പ് ഇത്രനാളും നിയമസഭയില്‍ വെച്ചില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. ക്യാബിനറ്റ് അംഗീകരിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പഞ്ചായത്തീരാജ് ആക്ട് പോലെയുള്ള സുപ്രധാനമായ നിയമങ്ങള്‍ ഭേദഗതി ചെയ്തു കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിയതും വലിയ വിവാദമായിരുന്നു.
കേരളത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ച സമരമായിരുന്നു പ്ലാച്ചിമട കൊക്കക്കോള കമ്പനിക്കെതിരെ നടന്ന സമരം. ആ സമരത്തില്‍ പെരുമാട്ടി പഞ്ചായത്ത് എടുത്ത സുപ്രധാനമായ ഒരു തീരുമാനമായിരുന്നു സമരത്തെ വിജയത്തിലെത്തിച്ചത്. കുടിവെള്ളത്തിന് വേണ്ടി പ്രാദേശിക ആദിവാസി ജനത നടത്തിയ ആ സമരം പോലെ കുടിവെള്ളത്തിനും ശുദ്ധവായുവിനും വേണ്ടിയുള്ള നിരവധി സമരങ്ങള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം നടക്കുന്നുണ്ട്. ഈ സമരങ്ങളില്‍ പ്രാദേശിക ഭരണകൂടങ്ങളുടെ നിര്‍ണ്ണായക പങ്കിനെ പുതിയ ഓര്‍ഡിനന്‍സ് ഇല്ലാതാക്കുമെന്ന ആശങ്കയാണ് ചുണ്ടയിലെ സമരപ്രവര്‍ത്തകരെ പോലെ തന്നെ കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരും പങ്കുവെക്കുന്നത്.