| Saturday, 16th December 2017, 12:45 pm

ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഒരു ആദിവാസി വിദ്യാര്‍ഥിയോട് സമൂഹം ചെയ്യുന്നത്: ഒരു വിദ്യാര്‍ഥിയുടെ അനുഭവങ്ങളിലൂടെ

എഡിറ്റര്‍

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്‌കൂളിലെ സ്പോര്‍ട്സ് നടക്കുകയായിരുന്നു. എല്ലാവരേയും വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചിട്ടുണ്ട്. ബിനേഷ് ബാലന്‍ എന്ന ആദിവാസി വിദ്യാര്‍ത്ഥി ബ്ലൂ ഹൗസ്സില്‍ ആയിരുന്നു. വിരലിനേറ്റ പരിക്ക് കാരണം കളിക്കാനിറങ്ങാതെ മരത്തണലില്‍ നിന്ന് ഫുട്ബോള്‍ കാണുകയായിരുന്നു ബിനേഷ് ബാലന്‍.

ബിനേഷിന്റെ അടുത്തേക്ക് അപ്പുറത്തെ എല്‍.പി സ്‌കൂളിലെ അധ്യാപകന്‍ വന്നു. ഓരോ കാര്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ ഏത് ഹൗസില്‍ ആണെന്ന് ചോദിച്ചു. ബ്ലൂ എന്ന് ബിനേഷ് മറുപടി നല്‍കി. തിരിച്ച് അധ്യാപകന്‍ പറഞ്ഞത് “”ബ്ലൂ എന്നാല്‍ കറുപ്പല്ലേ”” എന്നായിരുന്നു. അതൊരു വര്‍ണ വിവേചനം ആണെന്നു മനസിലായത് പിന്നീടാണെന്ന് ബിനേഷ് പറയുന്നു.

ഇപ്പോള്‍ ബ്രിഗ്ടണ്‍ നഗരത്തിലെ സസ്സെക്സ് സര്‍വകലാശാലയിലെ എം.എസ്.സി സോഷ്യല്‍ ആന്ത്രോപോളജി വിദ്യാര്‍ത്ഥിയാണ് ബിനേഷ് ബാലന്‍. ആദിവാസി സമൂഹത്തില്‍ നിന്നും സ്വന്തം ഇച്ഛാശക്തികൊണ്ട് ഇംഗ്ലണ്ടില്‍ ഉന്നത പഠനത്തിന് എത്തിയ ആളാണ് ബിനേഷ്. കാസര്‍കോട് പാണത്തുര്‍ സ്വദേശിയാണ്.

രേഖകള്‍ പ്രകാരം മാവിലന്‍ ആദിവാസി സമൂഹത്തിലാണ് എന്നാല്‍ യഥാര്‍ത്ഥത്തില്‍ തുളുവര്‍ വിഭാഗമാണെന്നാണ് ബിനേഷ് പറയുന്നത്. ഉന്നത പഠനത്തിലേക്ക് കാലെടുത്തുവെക്കുന്ന ഏതൊരു ആദിവാസി വിദ്യാര്‍ത്ഥിയെയും പോലെ അധികാരികളില്‍നിന്നും സമൂഹത്തില്‍ നിന്നും ഒരുപാട് പ്രശ്നങ്ങള്‍ നേരിടുകയും അതിനെയെല്ലാം അതിജീവിക്കുകയും ചെയ്താണ് ബിനേഷ് ഇംഗ്ലണ്ടിലെ സസ്സെക്സ് സര്‍വകലാശാലയിലെത്തിയിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് മാത്രമല്ല ആദിവാസി സമൂഹത്തില്‍ നിന്നും പഠിക്കാനിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ആദ്യത്തെ പ്രശ്നമായി ബിനേഷ് പറയുന്നത് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം നല്‍കാന്‍ ആളില്ല എന്നതാണ്. “പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് മറ്റൊരു തലത്തിലേക്ക് കടക്കുമ്പോള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനോ കഴിവുകളെ കൃത്യമായി ബൂസ്റ്റ് ചെയ്യാനോ ആളില്ല” ബിനേഷ് പറയുന്നു.

മറ്റൊരു വിഷയം സ്വത്വത്തിന്റേതാണ്. ആദിവാസി എന്ന നിലയില്‍ മാറ്റി നിര്‍ത്തലുകളാണ് ഉണ്ടായിട്ടുള്ളതെന്ന് ബിനേഷ് പറയുന്നു “ഇന്ത്യയില്‍ നില്‍ക്കുന്ന സമയത്തു ഇന്ത്യക്കാരനാണെന്നു തോന്നിയിട്ടേയില്ല. കാരണം ആരും ഇന്ത്യക്കാരന്‍ എന്ന രീതിയിലല്ല പെരുമറിയിട്ടുള്ളതും കണ്ടിട്ടുള്ളതും. മതവും ജാതിയും വെച്ചാണ് സ്വത്വത്തെ അളന്നിട്ടുള്ളത്. ഒരു രാജ്യത്ത് മൂന്ന് തരം തിരിച്ചറിയലുകളുണ്ട്. രാജ്യത്തിന്റെ പൗരത്യവും, മതവും, ജാതിയുമാണത്. ”

സ്വത്വം നഷ്ടപ്പെടുന്നു എന്ന് തോന്നുന്ന നിമിഷം ആദിവാസി സമുഹത്തിലെ വിദ്യാര്‍ത്ഥികള്‍ പഠനം പാതിവഴിക്ക് ഉപേക്ഷിച്ചു മറ്റു ജോലികളുലേക്കു തിരിയുന്നു. സമൂഹത്തിലെ മറ്റു വിഭാഗങ്ങളുടെ ചരിത്രമാണ് ആദിവാസിക്ക് പഠിക്കേണ്ടി വരുന്നത്. എന്നാല്‍ സ്വന്തം ചരിത്രത്തെയും കാര്യങ്ങളും പഠിക്കാന്‍ അവന് അവസരങ്ങളില്ലതാനും. “ആദിവാസി വിദ്യാര്‍ത്ഥി നിര്‍ബന്ധപൂര്‍വം പഠിക്കേണ്ടി വരുന്നത് മറ്റു വിഭാഗങ്ങളെയും അവരുടെ കാര്യങ്ങളുമാണ്.” ഇതിന് ഉദാഹരണമായി ബിനേഷ് പറയുന്നത് ഓണത്തെക്കുറിച്ചാണ്.

ഇല്ലായ്മകളും കഷ്ടതകളും മറന്ന് മഹാബലി നാട് വാണീടുന്നൊരു കാലത്തെ കുറിച്ച്, കേരളക്കാരുടെ ഓണത്തെ കുറിച്ച് പഠിക്കുമ്പോള്‍ ഇതേ കേരളത്തില്‍ വസിക്കുന്ന ആദിവാസി സമൂഹത്തിന് ഇത്തരം ചരിത്രം ഇല്ല. സ്വന്തമായി ഒന്നിനേം പഠിക്കാനില്ലാതെ നമ്മള്‍ മറ്റുള്ളവരെ ഇങ്ങനെ നിര്‍ബന്ധപൂര്‍വ്വം പഠിക്കണമെന്നതും ആദിവാസി ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതായി ബിനേഷ് പറയുന്നു.

അപകര്‍ഷതാ ബോധം ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും ആദിവാസി സമൂഹത്തിലെ കുട്ടികള്‍ മാറിനില്‍ക്കുന്നതിനുള്ള ഒരു കാരണമാണ് എന്ന് ബിനേഷ് അനുഭവത്തിലൂടെ പറയുന്നു. സ്‌കോളര്‍ഷിപ് വരുന്ന സമയത്ത് ഇന്ന വിഭാഗത്തില്‍ പെട്ട ആളുകള്‍ക്ക് ഇന്ന സ്‌കോളര്‍ഷിപ്പ് വന്നിട്ടുണ്ട് എന്ന് ക്ലാസില്‍ ഉറക്കെ വിളിച്ച് പറയുമ്പോള്‍ മറ്റുകുട്ടികള്‍ക്ക് മുന്നില്‍ തങ്ങള്‍ പ്രത്യേകം മാറ്റി നിര്‍ത്തേണ്ടവരാണ് എന്ന ചിന്ത വരുത്തുന്നു. മറ്റുള്ളവരില്‍ നിന്നും ആദിവാസികളായ ഞങ്ങള്‍ വിഭിന്നമാണ് എന്ന അപകര്‍ഷത കുട്ടികളെ പൊതു ഇടങ്ങളില്‍ നിന്നും പുറകോട്ടടിപ്പിക്കുന്നു.

സമൂഹത്തിലെ മറ്റു കുട്ടികള്‍ക്ക് അവര്‍ കൊടുക്കുന്ന നികുതി കൊണ്ടല്ലേ ആദിവാസി കുട്ടികള്‍ പഠിക്കുന്നത് എന്ന ചിന്ത ഉണ്ടാകുന്നു. നേരിട്ടും അല്ലാതെയും ഞങ്ങള്‍ കൊടുക്കുന്ന നികുതിപ്പണം കൊണ്ടല്ലേ നീയൊക്കെ പാഠിക്കുന്നത് എന്ന ചോദ്യം പലരില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബിനേഷ് പറയുന്നു. കൂട്ടുകാരില്‍ നിന്നുപോലും. ഇതിനെ മറികടക്കാന്‍ മറ്റൊരു വഴിയും ഇല്ല എന്നാണ് ബിനേഷ് പറയുന്നത്.

എലാവരും ഏത് മേഖലയിലായാലും അവര്‍ക്ക് സ്വീകാര്യവും അനുയോജ്യവുമായ ഇടങ്ങളില്‍ മാത്രമേ തുടരാറുള്ളു. അല്ലാത്ത നിമിഷം അവിടെ നിന്നും മാറാന്‍ ശ്രമിക്കും. അത് തന്നെയാണ് ആദിവാസി കുട്ടികളുടെ കാര്യത്തിലും നടക്കുന്നത്. “എല്ലാവരും കംഫര്‍ട്ടബിള്‍ സ്പേസ് നോക്കുന്നു. അപ്പോള്‍ അവര്‍ എത്തുക ജനിച്ച വര്‍ഗ്ഗത്തിലേക്കാണ്. അവിടെയാണ് അവര്‍ ഏറ്റവും കൂടുതല്‍ സംതൃപ്തരാകുന്നത്.” അദ്ദേഹം പറയുന്നു.

സമൂഹത്തില്‍ നിന്നും അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും എല്ലാം ആദിവാസി കുട്ടികള്‍ അവഗണന ഉള്‍പ്പടെയുള്ള നിരവധി തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. “ഉപരി പഠനത്തിനായി തിരുവനന്തപുരം ഐ.എം.കെ യില്‍ പഠിക്കാന്‍ എത്തിയപ്പോള്‍ ഓസിക്ക് പഠിക്കാന്‍ ചെല്ലുന്ന പോലെയാണ് അധ്യാപകര്‍ കാണുന്നത്. കാര്യങ്ങളെ ക്രിറ്റിക്കലി അനലൈസ് ചെയ്താല്‍ പോലും അത് അംഗീകരിക്കാനോ നല്ല വാക്ക് പറയാനോ ആരും തയ്യാറാകില്ല” എന്ന് ബിനേഷ് പറയുന്നു. പുതിയ ഇടങ്ങളിലേക്ക് എത്തുമ്പോള്‍ ആദ്യമായി ഉണ്ടാകുന്ന ഇത്തരം അനുഭവങ്ങള്‍ ആദിവാസി സമൂഹത്തിലെ കുട്ടികളെ മാനസികമായി തളര്‍ത്തും.

“അറപ്പോടെ മാറ്റി നിര്‍ത്തപ്പെടുന്നത് റിഫ്ളക്ട് ചെയ്യുന്നത് കൊണ്ടാണ് കൊഴിഞ്ഞു പോക്കുകള്‍ തുടര്‍ക്കഥകളാകുന്നത്.” എന്ന് ബിനേഷ് പറയുന്നു. എസ്.സി, എസ്.ടി കുട്ടികളെ മാത്രം തിരഞ്ഞുപിടിച്ച് തോല്പിക്കുമായിരുന്നു. എത്ര പെര്‍ഫോം ചെയ്താലും അതിനനുസരിച്ച മാര്‍ക്ക് നല്‍കാനോ അത് അംഗീകരിക്കാനോ അധ്യാപകര്‍ തയ്യാറാകാറില്ലെന്നും അദ്ദേഹം പറയുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്തെ തന്റെ അനുഭവം പറഞ്ഞുകൊണ്ടാണ് ബിനേഷ് ഇക്കാര്യം വിശദീകരിക്കുന്നത്. “എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ബിനേഷിന് കെമിസ്ട്രി വിഷയത്തില്‍ ശരിയായ ഉത്തരങ്ങള്‍ എഴുതിയിട്ടും ടീച്ചര്‍ തെറ്റ് അടയാളപ്പെടുത്തി. ഇത് ചൂണ്ടിക്കാണിച്ചിട്ടും മാര്‍ക്ക് നല്‍കാന്‍ അദ്ധ്യാപിക തയ്യാറായില്ല. പരാതിയുമായി പ്രധാന അധ്യാപകനെ കണ്ടപ്പോള്‍ ചീത്ത വിളിച്ച് ഓടിക്കുകയാണ് ചെയ്തത്. “വളര്‍ന്നു വരുന്ന സമയത്ത് പഠനത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കുമ്പോള്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് കുട്ടികളെ മാനസികമായി തളര്‍ത്തുകയും അവരെ അവരുടെ വഴിയില്‍ നടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.” ബിനീഷ് പറയുന്നു.

അധികാരികളില്‍ തലപ്പത്ത് ഇരിക്കുന്നവര്‍ വലിയ കുഴപ്പക്കാരായിരുന്നില്ല. എന്നാല്‍ സെക്രട്ടറിയേറ്റിലെ ക്ലര്‍ക്ക് തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് എപ്പോഴും പുച്ഛമായിരുന്നു എന്നും ബിനീഷ് പറയുന്നു. പൊതു സമൂഹത്തിലെ മറ്റു കുട്ടികളെപ്പോലെ നേരിടുന്ന മുഴുവന്‍ കാര്യങ്ങളോട് പ്രതികരിക്കാനും പിടിച്ച് നില്‍ക്കാനും ആദിവാസി കുട്ടികള്‍ക്ക് കഴിയാറില്ല.

നിങ്ങള്‍ക് ചുമ്മാ എഴുതിയാല്‍ മതിയല്ലോ ബാക്കിയൊക്കെ ഗവണ്‍മെന്റ് വാരിക്കോരി തരുമല്ലോ എന്ന് പറയിപ്പിക്കുന്ന പൊതു ബോധം താനിതിനൊന്നും അര്‍ഹനല്ല എന്നും തനിക്ക് ഇത് പറ്റിയതല്ല എന്നും ആദിവാസി കുട്ടികളെ ചിന്തിപ്പിക്കുന്നു. അവിടെയും പെര്‍ഫോം ചെയ്യുന്നു എന്ന മാനദണ്ഡമല്ല ഐഡന്റിറ്റിയാണ് അത് പറയിപ്പിക്കുന്നതെന്നും ബിനീഷ് പറയുന്നു.

സംവരണം സമൂഹത്തിന്റെ താഴെ കിടയിലുള്ളവരെ മുന്നില്‍ എത്തിക്കാനുള്ളതാണ്. എന്നാല്‍ ആദിവാസിക്കും ദളിതര്‍ക്കും അതൊരു ജീവിത അവസ്ഥയാണെന്നാണ് ബിനേഷിന്റെ അനുഭവം. ആ അവസ്ഥ ആര്‍ക്കും ഉള്‍കൊള്ളാന്‍ കഴിയാറില്ല. അപ്പോള്‍ കുട്ടികള്‍ പഠനം ഉപേക്ഷിച്ച് അവരുടെ ജോലികളിലേക്ക് തിരിയുകയാണെന്നും അദ്ദേഹം പറയുന്നു.

അടിസ്ഥാന ആവശ്യം ഓരോരുത്തരുടെയും വിശപ്പ് തന്നെയാണ്. ആദിവാസി സമൂഹത്തിനു അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിയ ശേഷം മാത്രമാണ് അവര്‍ സാമൂഹിക സാഹചര്യങ്ങളെ കുറിച്ച് ചിന്തിക്കുകയൊള്ളു. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നു വരുന്ന കുട്ടികള്‍ വീടിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്താണ് വരുന്നത്.

“ഹോസ്റ്റലിലും മറ്റും നിന്ന് പഠിക്കേണ്ടി വരുന്ന കുട്ടികളുടെ വീട്ടിലെ ദരിദ്രാവസ്ഥ അവരെ വീട്ടിലേക്ക് തന്നെ തിരിക്കാന്‍ ഫോഴ്സ് ചെയ്യുന്നു. പഠനത്തിന്റെ ചിലവും കണ്ടെത്തേണ്ടി വരുന്ന ആദിവാസി കുട്ടികള്‍ക്ക് എല്ലാം കൂടെ താങ്ങാന്‍ കഴിയില്ല. പഠനത്തിനും മറ്റും കൃത്യമായി ഫണ്ട് ഉണ്ടെങ്കിലും അത്കൃത്യമായി കുട്ടികള്‍ക്കു ആവശ്യ സമയത് എത്താറില്ല. കടം വാങ്ങിയാണ് കുട്ടികള്‍ അഡ്മിഷന്‍ എടുക്കുക.എന്നാല്‍ ആറ് മാസം കഴിഞ്ഞൊക്കെയാണ് സ്‌കോളര്‍ഷിപ്പുകള്‍ പാസാവുക.” ബിനീഷ് പറയുന്നു.

ഇവിടുത്തെ അവസ്ഥയില്‍ നിന്നും വളരെ വ്യത്യസ്തമാണ് വിദേശത്തുള്ളതെന്നു ബിനേഷ് പറയുന്നു. സ്വന്തം രാജ്യത്ത് സ്വന്തം സംസ്ഥാനത്തില്‍ അവഗണ മാത്രം നേരിടുന്നു. വിദേശത്ത് എത്തുമ്പോള്‍ മാത്രമാണ് ആദിവാസി എന്ന മാറ്റി നിറുത്തല്‍ ഇല്ലാതാകുന്നത്. അപ്പോഴാണ് ഇന്ത്യകാരനെന്നു അനുഭവപ്പെടുന്നത്. നാട്ടില്‍ പഠിക്കുന്ന സമയത്ത് ആദിവാസി ആയതിനാല്‍ ആവശ്യമായ വര്‍ക്ക്ഷോപ്പ് പോലും കിട്ടിയിട്ടില്ല. ഇവിടെ സ്വന്തം അഭിപ്രായം പറയാനാവുകയും അത് കേള്‍ക്കാന്‍ ആളുകള്‍ ഉണ്ടാവുകയും ചെയ്യും .എല്ലാകാര്യത്തിലും നല്ല പിന്തുണയാണുള്ളത്. ഇവിടുന്ന് കിട്ടിയ മാനസിക പിന്തുണ വേറെ എവിടെ നിന്നും കിട്ടിയിട്ടില്ല. വ്യക്തിത്വവും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.ഒറ്റപെടുത്തലുകളും ഉണ്ടായിട്ടില്ല. ബിനേഷ് പറയുന്നു.

രണ്ട് തരം അംഗീകാരം ഉണ്ടെങ്കിലേ സമൂഹത്തില്‍ ആളുകള്‍ക്ക് നില നില്‍ക്കാനാകൂവെന്ന് ബിനീഷ് പറയുന്നു. സാമൂഹിക അംഗീകാരവും നിയമപരമായ അംഗീകാരവും ആണത്. എന്നാല്‍ ആദിവാസി സമൂഹത്തിനിന്ന് ലഭിക്കുന്നത് നിയമപരമായ അംഗീകാരം മാത്രമാണ്. ഏറ്റവും അടിസ്ഥാനപാരമായി വേണ്ട സമൂഹത്തിന്റെ അംഗീകാരം ഇന്നും അന്യമാണെന്നു ബിനീഷ് സ്വന്തം അനുഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നു. ഇത് സമൂഹത്തിലെ ഒറ്റപ്പെടുത്തലിനു കാരണമാകുന്നു.

വര്‍ണ വിവേചനപരമായ അധിക്ഷേപത്തിന്റെ വിഷമത്തില്‍ പഠനം ഉപേക്ഷിക്കാന്‍ ബിനീഷ് തീരുമാനിച്ചിരുന്നു. പിന്നീട് അത് വേണ്ടെന്നു വെച്ചു. ഇത്തരത്തിലുള്ള അധിക്ഷേപങ്ങളും എല്ലാവര്‍ക്കും അതിജീവിക്കാന്‍ കഴിയാതെ വരികയും അവര്‍ അവരുടെ ഇടങ്ങളിലേക്ക് തിരിക്കുകയും ചെയ്യും. അതിനെ അതിജീവിക്കാന്‍ കഴിയുന്ന ചുരുക്കം ചിലര്‍ മാത്രമാണ് ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്നതെന്നും ബിനീഷ് പറയുന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more