| Saturday, 15th August 2026, 5:07 pm

ജമ്മു കാശ്മീരിന് പ്രത്യേക പദവിയും സംസ്ഥാന പദവിയും തിരിച്ചു നല്‍കണം; ഒമര്‍ അബ്ദുള്ള

അഞ്ജു ചന്ദ്രന്‍

ശ്രീനഗര്‍: ഫെഡറലിസം ശക്തിപ്പെടുത്താന്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പുനസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. 80-ആം സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ശ്രീനഗറിലെ ബക്ഷി സ്‌റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019-ല്‍ എടുത്തു കളഞ്ഞ പ്രത്യേക ഭരണഘടനാ പരിരക്ഷകള്‍ തിരിച്ചു നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിന്റെ ഫെഡറല്‍ ഘടന സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ജമ്മു കശ്മീരില്‍നിന്ന് തന്നെ തുടക്കം കുറിക്കണം എന്ന നിലപാടിലാണ് ഒമര്‍ അബ്ദുള്ള. നഷ്ടപ്പെട്ട അവകാശങ്ങളും ഭരണഘടനാപരമായ പരിരക്ഷകളും സംസ്ഥാന പദവിയും തിരിച്ചുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അതിര്‍ത്തിക്കും നിയന്ത്രണ രേഖയ്ക്കും അപ്പുറത്തുള്ള സാഹചര്യം കാണുമ്പോള്‍, ‘ഹംലവര്‍ ഖബര്‍ദര്‍, ഹം കശ്മീരി ഹേ തയ്യാര്‍’ (ആക്രമണകാരികള്‍ സൂക്ഷിക്കുക, കശ്മീരികള്‍ തയ്യാറാണ്) എന്ന് നമ്മുടെ പൂര്‍വ്വികര്‍ പറഞ്ഞത് ശരിയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. 80 വര്‍ഷങ്ങള്‍ക്ക് മുമ്പ്, നമ്മുടെ നേതാക്കള്‍ നമുക്കുവേണ്ടി എടുത്ത (ഇന്ത്യയില്‍ ചേരാനുള്ള) തീരുമാനം ശരിയായ തീരുമാനമായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയുള്ള ഗോത്ര അധിനിവേശം തടയാന്‍ ശ്രമിക്കുന്നതിനിടെ മുസാഫറാബാദില്‍ കൊല്ലപ്പെട്ട എന്‍.സി നേതാവ് മാസ്റ്റര്‍ അബ്ദുള്‍ അസീസിനെ ഓര്‍മ്മിക്കുന്നു,’ അബ്ദുള്ള പറഞ്ഞു.

2019-ല്‍ പ്രത്യേക പദവി റദ്ദാക്കിയിരുന്നില്ലെങ്കില്‍ പാക് അധീന കശ്മീരിലെ ജനങ്ങള്‍ ഇന്ന് ജമ്മു കശ്മീരിനൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുമായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു. പാക് അധീന കശ്മീരിലെ ജനങ്ങളെ ഇന്ത്യ സ്വന്തം ജനങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2019-ല്‍ നമ്മുടെ സ്ഥിതിയില്‍ മാറ്റം വന്നില്ലായിരുന്നുവെങ്കില്‍ നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ജമ്മു കശ്മീരിലെ ആ ഭാഗത്തെ ജനങ്ങള്‍ നമ്മളുമായി വീണ്ടും ഒന്നിക്കാന്‍ പ്രതിഷേധിക്കുമായിരുന്നു. ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ആത്മാവ് പുതുക്കുന്നതിന് ജമ്മു കശ്മീരിന്റെ യഥാര്‍ത്ഥ ഭരണഘടനാ ഉറപ്പുകളും സംസ്ഥാന പദവിയും പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്,’ അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന അധികാര വിഭജനത്തെയും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്ര ഏജന്‍സികളും കേന്ദ്രീകൃത സംവിധാനങ്ങളും ദുര്‍ബലപ്പെടുത്തുന്നത് ഫെഡറലിസത്തിന് തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രീകൃത പ്രവേശന പരീക്ഷകളെയും അദ്ദേഹം വിമര്‍ശിച്ചതായി റിപ്പോര്‍ട്ട്.

ദേശീയ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഇത്തരം പരീക്ഷകള്‍ ആവശ്യമാണെങ്കിലും സംസ്ഥാന നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം വേണമെന്ന് ഒമര്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

2019-ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി തുടരുകയാണ്.

Content Highlights: Special status and statehood must be restored to Jammu and Kashmir: Omar Abdullah

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more