| Friday, 29th August 2025, 2:31 pm

ദുരഭിമാനക്കൊലകള്‍ തടയാന്‍ പ്രത്യേക നിയമം; സുപ്രീം കോടതിയില്‍ ടി.വി.കെയുടെ ഹരജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ദുരഭിമാനക്കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. നിലവിലെ നിയമവ്യവസ്ഥകള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ പര്യാപ്തമല്ല എന്ന് കാണിച്ചാണ് ടി.വികെയുടെ ഹരജി.

തമിഴ്‌നാട്ടില്‍ 27കാരനായ ദളിത് യുവാവും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ കവിന്‍ സെല്‍വഗണേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ടി.വി.കെയുടെ തെരഞ്ഞെടുപ്പ് ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ഹരജി സമര്‍പ്പിച്ചത്.

സി.പി.ഐ.എം, സി.പി.ഐ, വിടുതലൈ ചിരുതൈകള്‍ കച്ചി (വി.സി.കെ) തുടങ്ങിയ പാര്‍ട്ടികളും ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാനക്കൊലകള്‍ തടയുന്നതിനായി പ്രത്യേക നിയമനിര്‍മാണം നടത്തണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു.

തേവര്‍ സമുദായത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്ന കവിനെ ജൂലൈ 27ന് യുവതിയുടെ സഹോദരനായ സുര്‍ജിത് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തിരുനെല്‍വേലിയിലെ പാളയംകോട്ടൈയിലുള്ള ഒരു ആശുപത്രിക്ക് പുറത്ത് വച്ചാണ് ഇയാള്‍ കവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

അതേസമയം, സംസ്ഥാനത്ത് ദുരഭിമാനക്കൊലകള്‍ തുടരുകയും മിശ്രവിവാഹിതര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ഔദ്യോഗിക സംവിധാനം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ മിശ്ര വിവാഹത്തിനായി തുറന്നുകൊടുക്കുമെന്ന് സി.പി.ഐ.എം തമിഴ്‌നാട് ഘടകം പ്രഖ്യാപിച്ചിരുന്നു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖമാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യാവകാശ സംഘടനയായ ‘എവിഡന്‍സ്’ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ദുരഭിമാന കൊലകള്‍ ഇല്ലാതാക്കാന്‍ പ്രത്യേക നിയനിര്‍മാണം നടത്തണമെന്ന സി.പി.ഐ.എം ആവശ്യം ഷണ്‍മുഖം പ്രസംഗത്തിനിടെ ആവര്‍ത്തിച്ചു.

‘തിരുനെല്‍വേലി ജില്ലയില്‍ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ 240 കൊലപാതകങ്ങള്‍ നടന്നു. സ്ഥിതി നിയന്ത്രണാതീതമായി കൊണ്ടിരിക്കുകയാണ്. ദുരഭിമാന കൊലയ്ക്ക് എതിരെ ജനവികാരം ഉയരുമ്പോള്‍ തന്നെ കൊലയാളികളെ മഹത്വവത്കരിക്കുന്ന പ്രവണതയും വര്‍ധിച്ചുവരികയാണ്.

മുഖ്യമന്ത്രിയോട് ഞങ്ങള്‍ സാഹചര്യം വിശദീകരിച്ചു. അദ്ദേഹം ഞങ്ങളുടെ ആവശ്യത്തിന് അനുകൂലമാണെന്ന് തോന്നി. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം നിയമനിര്‍മാണം നടത്തണം. ഇപ്പോള്‍ ഇത്തരമൊരു നിയമത്തിന് ജനപിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം,’ ഷണ്‍മുഖം പറഞ്ഞു.

Content Highlight: Special law to prevent honor killings; Vijay’s TVK petitions Supreme Court

We use cookies to give you the best possible experience. Learn more