| Saturday, 13th July 2019, 10:08 am

'നിങ്ങള്‍ ഏതു തരക്കാര്‍, നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണം'; എസ്.എഫ്.ഐയെ തള്ളി സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് സ്പീക്കര്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കുത്തേറ്റ അഖിലിനോട് മാപ്പ് പറയണമെന്നും ഇത് ചരിത്രത്തിലെ അക്ഷരതെറ്റ് തന്നെയാണെന്നും സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കണമെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

നിങ്ങള്‍ ഏതു തരക്കാരാണെന്നും എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാലയെന്നും
ഏതു പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍ നല്‍കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനും മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അഖിലിന് കുത്തേറ്റത്. എസ്.എഫ്.ഐ പ്രവര്‍ത്തകായ ഏഴ് പ്രതികളും ഒളിവിലാണ്. ഇവരെ സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് അറിയിച്ചിരുന്നു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

അഖില്‍
—————

എന്റെ ഹൃദയം നുറുങ്ങുന്നു,
കരള്‍പിടയുന്ന വേദനകൊണ്ട് തേങ്ങുന്നു.
ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു.
ഓര്‍മ്മകളില്‍ മാവുകള്‍ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.

സ്‌നേഹസുരഭിലമായ ഓര്‍മ്മകളുടെ
ആ പൂക്കാലം.
‘എന്റെ, എന്റെ ‘എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓര്‍ത്തെടുക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ സ്‌നേഹനിലാവ്.

യുവലക്ഷങ്ങളുടെ ആ സ്‌നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്.
ഈ നാടിന്റെ സര്‍ഗ്ഗാത്മക യൗവ്വനത്തെയാണ് നിങ്ങള്‍
ചവുട്ടി താഴ്ത്തിയത്.

നിങ്ങള്‍ ഏതു തരക്കാരാണ്?
എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല?
ഏതു പ്രത്യശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍?
നിങ്ങളുടെ ഈ ദുര്‍ഗന്ധം
ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.

മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗം
നമുക്ക് വേണ്ട.
ഇതിനേക്കാള്‍ നല്ലത് സമ്പൂര്‍ണ്ണ പരാജയത്തിന്റെ നരകമാണ്.
തെറ്റുകള്‍ക്കുമുമ്പില്‍ രണ്ടു വഴികളില്ല,
ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.
നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.
കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓര്‍മ്മകള്‍ മറക്കാതിരിക്കുക.

ഓര്‍മ്മകളുണ്ടായിരിക്കണം,
അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്.
ചിന്തയും വിയര്‍പ്പും,
ചോരയും കണ്ണുനീരുമുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more