| Saturday, 18th July 2026, 5:58 pm

മെസി മികച്ച താരം, പക്ഷെ മെസി മാത്രമല്ല അര്‍ജന്റീന; ഫൈനലിന് മുന്നോടിയായി റോഡ്രി

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പ് ഫൈനലിന് മുന്നോടിയായി സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രി ലയണല്‍ മെസിയെയും അര്‍ജന്റീനയെയും കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ സര്‍ക്കിളില്‍ വലിയ ചര്‍ച്ചയാകുന്നത്. മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് മീറ്റില്‍ തങ്ങള്‍ വിജയിക്കാനാണ് കളിക്കാനിറങ്ങുന്നതെന്നും വ്യക്തമായ ലക്ഷ്യത്തടെയാണ് തങ്ങള്‍ ഫൈനലിന് ഇറങ്ങുന്നതെന്നും റോഡ്രി പറഞ്ഞു. മാത്രമല്ല അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി എക്കാലത്തെയും മികച്ച താരമാണെന്നും എന്നാല്‍ മെസി മാത്രമല്ല അര്‍ജന്റീനയെന്നും മിഡ്ഫീല്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ വിജയിക്കാനാണ് കളിക്കാനിറങ്ങുന്നത്. ജയിക്കണമെന്ന ഉറച്ച തീരുമാനവും വ്യക്തമായ ലക്ഷ്യങ്ങളുമാണ് ഞങ്ങള്‍ക്കുള്ളത്. എനിക്ക് മെസി എക്കാലത്തെയും മികച്ച താരമാണ്. ലോകകപ്പില്‍ അദ്ദേഹം തന്റെ രാജ്യത്തെ കിരീടത്തിലേക്ക് നയിച്ചു. ഇപ്പോള്‍ വീണ്ടും ഫൈനലിലെത്തിച്ചിരിക്കുകയാണ്. എന്നാല്‍ മെസി മാത്രമല്ല അര്‍ജന്റീന. ശ്രദ്ധിക്കേണ്ട നിരവധി മികച്ച താരങ്ങള്‍ ആ ടീമിലുണ്ട്,’ വെള്ളിയാഴ്ച രാത്രി നടന്ന വാര്‍ത്താസമ്മേളനത്തില്‍ റോഡ്രി പറഞ്ഞു.ലയണല്‍ മെസി

ജൂലൈ 20നാണ് 2026ലെ ഫിഫ മാമാങ്കത്തിന്റെ കലാശക്കൊട്ട്. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിലാണ് സ്‌പെയ്‌നും അര്‍ജന്റീനയും ഏറ്റുമുട്ടുക. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

അതേസമയം സ്‌പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അവസാന അങ്കത്തിനെത്തുന്നത്. മാത്രമല്ല നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിനായിരിക്കും സ്പെയ്ന്‍ ലക്ഷ്യമിടുന്നത്.

ഇതിന് മുമ്പ് 2010ലായിരുന്നു സ്പാനിഷ് ടീം ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിച്ചിരുന്നത്. തങ്ങളുടെ ആദ്യ ഫൈനലില്‍ തന്നെ കിരീടം സ്വന്തമാക്കാനും സ്പാനിഷ് ടീമിന് സാധിച്ചു.2024ല്‍ ബാലണ്‍ ഡി ഓര്‍ നേടിയ സ്പാനിഷ് താരം റോഡ്രി

മാത്രമല്ല ഇത്തവണ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ ചരിത്രം കുറിച്ചാണ് സ്പെയ്ന്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. സെമിയില്‍ ഫ്രാന്‍സിനെ വീഴ്ത്തിയതോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമായാണ് സ്പെയ്ന്‍ മാറിയത്. ഇതുവരെ 37 മത്സരങ്ങളിലാണ് സ്പെയ്ന്‍ തോല്‍വിയറിയാതെ കുതിപ്പ് തുടരുന്നത്. 2024ല്‍ തുടങ്ങിയ സ്പെയിനിന്റെ വിജയങ്ങള്‍ ഇപ്പോള്‍ 2026ല്‍ എത്തി നില്‍ക്കുകയാണ്.

ഫൈനലില്‍ കടുത്ത പോരാട്ടത്തിനായിരിക്കും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. ഇതിഹാസതാരം ലയണല്‍ മെസിയും യുവതാരം ലാമിന്‍ യമാലും നേര്‍ക്കുനേര്‍ പോരാടുന്നു എന്ന പ്രത്യേകതയും ഫൈനലിനുണ്ട്. ലോകകപ്പില്‍ പല റെക്കോഡുകളും തിരുത്തിയാണ് സാക്ഷാല്‍ മെസി മുന്നേറുന്നത്. അതേസമയം ലാമിന്‍ തന്റെ ആദ്യ ലോകകപ്പ് ഫൈനലിന് തയ്യാറെടുക്കുമ്പോള്‍ ആരാണ് വിജയിക്കുക എന്നത് അണ്‍ പ്രഡിറ്റബിളാണ്.

Content Highlight: Spanish Mid Fielder Rodri Talking About Lionel Messi And Argentina

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more