2026 ഫിഫ ലോകകപ്പില്‍ സ്‌പെയ്‌നും കേപ് വെര്‍ദെയും തമ്മിലുള്ള പോരാട്ടം ഇന്ന് നടക്കും. മത്സരത്തിന് മുന്നോടിയായി സ്പാനിഷ് സൂപ്പര്‍ താരം ലാമിന്‍ യമാല്‍ കളത്തിലിറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോള്‍ താരത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് ടീമിന്റെ പരിശീലകന്‍ ലൂയിസ് ഡി ലാ ഫ്യൂണ്ടെ. ലാമിന്‍ യമാല്‍ കളിക്കാന്‍ തയ്യാറാണെന്നും പക്ഷേ താരം എത്ര മിനിട്ട് കളിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ബാഴ്‌സലോണയുടെയും സ്പാനിഷ് ദേശീയ ടീമിന്റെയും മെഡിക്കല്‍ സ്റ്റാഫിന്റെയും ഫിറ്റ്‌നസ് പരിശീലകരുടെയും നിര്‍ദേശങ്ങളാണ് ഞങ്ങള്‍ പിന്തുടരുന്നത്. ലാമിന്‍ യമാല്‍ കളിക്കാന്‍ തയ്യാറാണെന്ന് എല്ലാം സൂചിപ്പിക്കുന്നു. പക്ഷേ അവന്‍ എത്ര മിനിട്ട് കളിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അത് മത്സരത്തിന്റെ സാഹചര്യത്തെയും ആശ്രയിച്ചിരിക്കും, പക്ഷേ അവന്‍ കളിക്കാന്‍ അനുയോജ്യമായ അവസ്ഥയിലാണ്,’ മത്സരത്തിന് മുമ്പുള്ള തന്റെ പത്രസമ്മേളനത്തില്‍ ഡി ലാ ഫ്യൂണ്ടെ പറഞ്ഞു.
നിക്കോ വില്യംസ്, ലാമിന്‍ യമാല്‍
ലോകകപ്പ് മത്സരത്തിന് മുന്നോടിയായി സൂപ്പര്‍ താരങ്ങളായ ലാമിന്‍ യമാല്‍, നിക്കോ വില്യംസ്, വിക്ടര്‍ മുനോസ് എന്നിവരുടെ പരിക്ക് ടീമിനെ ആശങ്കയിലാക്കിയിരുന്നു. മത്സരങ്ങള്‍ക്ക് മുന്നോടിയായി പ്രശ്ങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ താരങ്ങള്‍ കളത്തിലിറങ്ങുമെന്ന് പരിശീലകന്‍ ലൂയിസ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം ലോകകപ്പ് വേദിയില്‍ ആദ്യമായിട്ടാണ് കേപ് വെര്‍ദെ മത്സരത്തിനെത്തുന്നത്. എന്നാല്‍ സ്‌പെന്‍ വമ്പന്മാര്‍ക്കെതിരെ കേപ് തങ്ങളുടെ ശക്തിപ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ആഫ്രിക്കന്‍ തീരത്തുള്ള ഒരു കുഞ്ഞന്‍ ദ്വീപ് രാജ്യമാണ് കേപ് വെര്‍ദെ. ഇവിടുത്തെ ആകെ ജനസംഖ്യ ആറ് ലക്ഷത്തോളം മാത്രമാണ് എന്നത് എടുത്തുപറയേണ്ടതാണ്.
അത്തരത്തിലുള്ള ഒരു രാജ്യം ലോകകപ്പ് വേദിയിലെത്തിയത് എടുത്തുപറയേണ്ടതാണ്. മികച്ച ഫുട്ബോള്‍ കളിച്ച് ലോകകപ്പ് ക്വാളിഫയര്‍ താണ്ടിയെത്തിയ ഈ ടീമിനെ കുറച്ച് കാണാന്‍ സാധിക്കില്ല. എന്നിരുന്നാലും ലാമിന്‍ യമാല്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ താരനിരയുള്ള സ്‌പെയിന്‍ കേപ് വെര്‍ദെയെ എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.
Content Highlight: Spanish Head Coach Talking About Lamine Yamal’s Fitness Ahead First Match Against Cape Verde