| Saturday, 7th June 2025, 7:05 pm

റൊണാള്‍ഡോ ചിലപ്പോള്‍ 1000 ഗോള്‍ നേടിയേക്കും, ഫൈനലില്‍ ഗോള്‍ നേടില്ല; സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സൈമണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലും സ്‌പെയിനും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. ലീഗിലെ ആദ്യ സെമിഫൈനലില്‍ ജര്‍മ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി പോര്‍ച്ചുഗല്‍ നേരത്തെ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു.

ജര്‍മ്മനിയുടെ തട്ടകമായ അലിയന്‍സ് അരേനയില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായിരുന്ന ശേഷമായിരുന്നു പോര്‍ച്ചുഗലിന്റെ തിരിച്ചുവരവ്.

പോര്‍ച്ചുഗലിനെ ഫൈനലിലേക്ക് യോഗ്യത നേടികൊടുക്കുന്നതില്‍ റൊണാള്‍ഡോ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. മത്സരത്തില്‍ പോര്‍ച്ചുഗലിനായി റൊണാള്‍ഡോ ആയിരുന്നു വിജയഗോള്‍ നേടിയത്.

അതേസമയം രണ്ടാം സെമി ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്‌പെയ്ന്‍ ഫൈനല്‍ യോഗ്യത നേടിയത്. ജൂണ്‍ ഒമ്പതിനാണ് ഇരുവരും തമ്മിലുള്ള കലാശപ്പോരാട്ടം.

ജൂണ്‍ ഒമ്പതിന് നടക്കുന്ന ഫൈനലിന് മുന്നോടിയായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നേരിടാന്‍ പോവുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സൈമണ്‍.

റൊണാള്‍ഡോ മികച്ച താരമാണെന്നും എന്നാല്‍ ഫൈനലില്‍ ഗോള്‍ നേടില്ലെന്നുമാണ് സൈമണ്‍ പറഞ്ഞത്. സിആര്‍ സെവന്‍ ടൈം ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് സ്പാനിഷ് ഗോള്‍കീപ്പര്‍ ഇക്കാര്യം പറഞ്ഞത്.

‘ഫുട്‌ബോളിനായി പലതും ത്യജിച്ചതിന്റെ ദൈനംദിന ജീവിതത്തിന്റെ ഒരു ഉദാഹരണമാണ് റൊണാള്‍ഡോ. നാല്പതാം വയസിലുള്ള ക്രിസ്റ്റ്യാനോയുടെ നിലവാരത്തില്‍ എന്നെ ഞാന്‍ കാണുന്നില്ല. അദ്ദേഹം ഫുട്‌ബോളില്‍ 1000 ഗോളുകള്‍ നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷേ ഈ ഞായറാഴ്ച അദ്ദേഹം ഗോള്‍ നേടില്ലെന്ന് ഞാന്‍ കരുതുന്നു,’ സ്‌പെയ്ന്‍ ഗോള്‍ കീപ്പര്‍ പറഞ്ഞു.

Content Highlight: Spanish Goal Keeper Talking About Cristiano Ronaldo
We use cookies to give you the best possible experience. Learn more