ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ത്രില്ലിങ്ങായ കിരീടപ്പോരാട്ടത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്‌പെയ്ന്‍ തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒറ്റ ഗോളിനായിരുന്നു ചെങ്കുപ്പായക്കാരുടെ വിജയം.
മെസിയടക്കമുള്ള അര്‍ജന്റൈന്‍ താരങ്ങളെ പന്ത് തൊടാന്‍ പോലും അനുവദിക്കാതെ കളം പിടിച്ചാണ് സ്‌പെയ്ന്‍ ഒടുവില്‍ കളി പിടിച്ചത്. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടീനസിന്റെ ചെറുത്തുനില്‍പ്പൊന്നുമാത്രമാണ് വന്‍ നാണക്കേടില്‍ നിന്നും നിന്നും അര്‍ജന്റീനയെ രക്ഷിച്ചെടുത്തത്.
സ്‌പെയ്‌നിന്റെ ലോകകപ്പ് വിജയം ഏറെ സ്‌പെഷ്യലാകുന്നത് എണ്ണമറ്റ എമ്പാടും റെക്കോഡുകളുടെ പേരില്‍ കൂടിയാണ്. ഇതില്‍ ചിലതാകട്ടെ ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുകയും ചെയ്തു. പരിശീലകന്‍ ലൂയീസ് ഡെ ഫുയന്റയുടെയും ഗോള്‍കീപ്പന്‍ ഉനായ് സൈമണിന്റെയുമടക്കം പേരുകള്‍ ഇത്തരത്തില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി.
ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നതിന്റെ റെക്കോഡാണ് ഇതില്‍ ആദ്യം. ഏഴ് ക്ലീന്‍ ഷീറ്റുകളാണ് ഗോള്‍ കീപ്പര്‍ ഉനായ് സൈമണിന്റെ പേരില്‍ ഈ ലോകകപ്പില്‍ പിറന്നത്.
ഗ്രൂപ്പ് ഘട്ടത്തിലും ശേഷം നടന്ന നോക്ക്ഔട്ടിലുമായി എട്ട് മത്സരം കളിച്ചപ്പോള്‍ ഒറ്റ മത്സരത്തില്‍ മാത്രമാണ് സ്‌പെയ്‌നിന്റെ പ്രതിരോധ മതിലിനെയും ഗോള്‍വല കാക്കും ഭൂതത്താനെയും മറികടക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചത്.
ഗ്രൂപ്പ് ഘട്ടത്തില്‍ കേപ് വെര്‍ദെയോട് ഗോള്‍രഹിത സമനിലയോടെ തുടങ്ങിയ സ്‌പെയ്ന്‍, സൗദി അറേബ്യയെ എതിരില്ലാത്ത നാല് ഗോളിനും മുന്‍ ചാമ്പ്യന്‍മാരായ ഉറുഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിനും തകര്‍ത്താണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി നോക്ക്ഔട്ട് ഘട്ടത്തിലേക്ക് മുന്നേറിയത്.
റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയയായിരുന്നു എതിരാളികള്‍. ഒയാര്‍സബാലിന്റെ ഇരട്ട ഗോള്‍ കരുത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് അടുത്ത ഘട്ടത്തിലേക്ക് മുന്നേറിയത്. റൗണ്ട് ഓഫ് 16ല്‍ പോര്‍ച്ചുഗലിനോട് എതിരില്ലാതെ ഒരു ഗോളിന് വിജയിച്ച് ക്വാര്‍ട്ടര്‍ ഫൈനലിലും ലാ റോജാസ് യോഗ്യതയുറപ്പിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലിലാണ് സ്‌പെയ്‌നിന് ആദ്യമായി ഗോള്‍ വഴങ്ങേണ്ടി വന്നത്. ബെല്‍ജിയന്‍ താരം ചാള്‍സ് ഡി കെറ്റലെയറാണ് ഗോള്‍ വേട്ടക്കാരന്‍.
മത്സരത്തിന്റെ 30ാം മിനിട്ടില്‍ ഫാബിയാന്‍ റൂയിസിലൂടെ സ്‌പെയ്ന്‍ ലീഡ് നേടിയപ്പോള്‍ 41ാം മിനിട്ടില്‍ റെഡ് ഡെവിള്‍സ് ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. എന്നാല്‍ 88ാം മിനിട്ടില്‍ മെറീനോയിലൂടെ തിരിച്ചടിച്ച സ്‌പെയ്ന്‍ സെമി ഫൈനല്‍ ബെര്‍ത്തും ഉറപ്പിച്ചു.
സെമിയില്‍ ഫ്രാന്‍സിനും ഫൈനലില്‍ അര്‍ജന്റീനയ്ക്കും പന്ത് വലയിലെത്തിക്കാന്‍ സാധിക്കാതെ പോയതോടെ ഏഴ് മത്സരത്തില്‍ ഗോള്‍ വഴങ്ങാതെ സ്‌പെയ്ന്‍ തലയുയര്‍ത്തി നിന്നു.
ഇതിനൊപ്പം ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയ (ഒന്ന്) ടീമായും സ്‌പെയ്ന്‍ ചരിത്രമെഴുതി.
ലോകകപ്പ് ചരിത്രത്തില്‍ കിരീടമുയര്‍ത്തുന്ന ഏറ്റവും പ്രായമേറിയ പരിശീലകന്‍ എന്ന ഗിന്നസ് നേട്ടമാണ് പരിശീലകന്‍ ഫുയന്റെയുടെ പേരില്‍ കുറിക്കപ്പെട്ടത്. കഴിഞ്ഞ മാസം തന്റെ 65ാം പിറന്നാള്‍ ആഘോഷിച്ച സ്പാനിഷ് ടാക്ടീഷ്യന്‍, 65 വയസും 28 ദിവസവും പ്രായമുള്ളപ്പോഴാണ് ലോകകിരീടം ശിരസ്സിലണിഞ്ഞത്.
പുരുഷ ഫുട്‌ബോളില്‍ അപരാജിതരായി ഏറ്റവുമധികം മത്സരം പൂര്‍ത്തിയാക്കുന്ന ടീം എന്ന നേട്ടവും സ്‌പെയ്ന്‍ തങ്ങളുടെ പേരില്‍ കുറിച്ചു. 38 മത്സരങ്ങളിലാണ് സ്‌പെയ്ന്‍ പരാജയമറിയാതെ മുന്നേറിയത്.
Content highlight: Spanish football team sets Guinness records following World Cup victory.