കളിക്കളത്തിൽ ഗോൾ കീപ്പറുമായി കൂട്ടിയിടിച്ച് സ്പാനിഷ് ഫുട്ബോൾ താരം ജീസസ് ഡി മിഗ്വേൽ(30) മരിച്ചു. സ്പാനിഷ് സെക്കൻഡ് ഡിവിഷനിൽ എഫ്.സി അന്റോറയും സി.ഡി ടെനെരിഫ് തമ്മിലുള്ള മത്സരത്തിലാണ് ഫുട്ബോൾ ലോകത്തെ ദുഃഖത്തിലാഴ്ത്തിയ സംഭവം നടന്നത്.
അന്റോറയുടെ ഗോൾ കീപ്പർ ജീസസ് ഒവാനോയുമായാണ് സ്പാനിഷ് താരം കൂട്ടിയിടിച്ചത്. മൈതാനത്തിന്റെ മധ്യത്തിൽ നിന്നും ക്രോസ് ബോൾ പിടിച്ചെടുത്തുകൊണ്ട് ഗോൾ സ്കോർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്വന്തം പെനാൽറ്റി ഏരിയ വിട്ടുഓടിയെത്തിയ ഗോൾ കീപ്പറുടെ കാൽമുട്ട് സ്പാനിഷ് താരത്തിന്റെ നെഞ്ചിൽ ഇരിക്കുകയായിരുന്നു.
ഉടനെ താരം മൈതാനത്തിൽ കുഴഞ്ഞുവീഴുകയും ചെയ്തു. അടിയന്തര ചികിത്സയ്ക്ക് ശേഷം താരത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഹൃദയാഘാതത്തെ തുടർന്ന് മിഗ്വേൽ ലോകത്തോട് വിട പറയുകയായിരുന്നു.
മിഗ്വേൽ തന്റെ ഫുട്ബോൾ കരിയറിൽ ഭൂരിഭാഗം സമയവും ചെലവഴിച്ചത് സ്പെയിനിലെ മൂന്നാം ഡിവിഷൻ ക്ലബ്ബുകൾക്കൊപ്പമായിരുന്നു. ലെഗനെസ് ബി, ഇന്റർ മാഡ്രിഡ്, ഫ്യൂൻലബ്രെഡ, നവൽകാർനെറോ, യൂണിയനിസ്റ്റസ് ഡി സലാമങ്ക, കാസ്റ്റലോൺ എന്നീ ടീമുകൾക്ക് വേണ്ടി താരം ബൂട്ടുകെട്ടിയിട്ടുണ്ട്.
2024 സീസണിൽ കാസ്റ്റലോണിന് രണ്ടാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചപ്പോൾ ടീമിന്റെ ടോപ് സ്കോറർ ജീസസ് ആയിരുന്നു. തൊട്ടടുത്ത വർഷമാണ് താരം ടെനെരിഫോയിലേക്ക് ചേക്കേറിയത്.
മിഗ്വേലിന്റെ വേർപാട് കടുത്ത വേദനയാണ് ഉണ്ടാക്കിയതെന്ന് ടെനെരിഫ് ക്ലബ്ബ് വ്യക്തമാക്കി. താരത്തിനോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച നടക്കാനിരുന്ന കോപ്പ ഡെൽറേ, കോപ്പ ഡി ലാ റെയ്ന മത്സരങ്ങൾ എന്നിവ മാറ്റിവെച്ചിട്ടുണ്ടെന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
Content Highlight: Spanish football player Jesus de Miguel died after colliding with the goalkeeper on the pitch