| Wednesday, 15th July 2026, 5:03 pm

സ്പാനിഷ് മസാലയില്‍ മാള്‍ഡീനി വീണു; ലോകം കീഴടക്കി 19കാരന്‍

സുദേവ് എ

2026 ഫിഫ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് സ്പെയ്ന്‍. സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പാനിഷ് പട കലാശപ്പോരിന് യോഗ്യത നേടിയത്. ഇത് രണ്ടാം തവണയാണ് സ്പെയ്ന്‍ ലോകകപ്പ് ഫൈനല്‍ യോഗ്യത നേടുന്നത്.

ഇതിന് മുമ്പ് 2010ലായിരുന്നു സ്പാനിഷ് ടീം ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിച്ചിരുന്നത്. തങ്ങളുടെ ആദ്യ ഫൈനലില്‍ തന്നെ കിരീടം സ്വന്തമാക്കാനും സ്പാനിഷ് ടീമിന് സാധിച്ചു. ഇപ്പോള്‍ നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ലോകകപ്പാണ് സ്പെയ്ന്‍ ലക്ഷ്യം വെക്കുന്നത്.

പ്രതിരോധത്തിന്റെ കരുത്തിലാണ് ഈ ലോകകപ്പിലെ സ്പാനിഷ് പടയുടെ സ്വപ്ന കുതിപ്പ്. ഈ ലോകകപ്പില്‍ ഇതുവരെ ഒരു മത്സരത്തില്‍ മാത്രമാണ് സ്പെയ്ന്‍ ഗോള്‍ വഴങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയമാണ് സ്പാനിഷ് വലയില്‍ പന്തെത്തിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും മറ്റ് നോക്കൗട്ട് മത്സരങ്ങളിലും എതിരാളികള്‍ വല നിറക്കാന്‍ ശ്രമിച്ചപ്പോള്‍ ഗോളി ഉനായ് സിമോണും പ്രതിരോധ നിരയും കരുത്തുകാട്ടി.

ഈ മത്സരത്തില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്പാനിഷ് ഡിഫന്‍ഡര്‍ പൗ ക്യൂബാര്‍സി സ്വന്തമാക്കിയത്. ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ ആറ് ക്ലീന്‍ ഷീറ്റുകളില്‍ പങ്കാളിയാവുന്ന ഡിഫന്‍ഡറായാണ് പൗ ക്യൂബാര്‍സി മാറിയത്. ലോകകപ്പിലെ ആറ് മത്സരങ്ങളില്‍ നിന്നുമാണ് പൗ ക്യൂബാര്‍സി എതിരാളികളുടെ മുന്നേറ്റങ്ങള്‍ തടഞ്ഞു നിര്‍ത്തിയത്.

ഇറ്റാലിയന്‍ ഇതിഹാസം പൗലോ മാള്‍ഡീനിയുടെ റെക്കോഡ് തകര്‍ത്താണ് സ്പാനിഷ് താരത്തിന്റെ കുതിപ്പ്. മാള്‍ഡീനി തന്റെ ആദ്യ ലോകകപ്പില്‍ അഞ്ച് ക്ലീന്‍ ഷീറ്റുകളായിരുന്നു നേടിയിരുന്നത്.

അതേസമയം ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ സ്പെയ്ന്‍ ലീഡ് നേടിയിരുന്നു. 22ാം മിനിട്ടില്‍ മൈക്കല്‍ ഒയര്‍സബാലാണ് ഗോളടിച്ചത്. ടീമിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് താരത്തിന്റെ ഗോള്‍ നേട്ടം. അതോടെ ഒന്നാം പകുതിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ലാ റോജയ്ക്ക് സാധിച്ചു.

രണ്ടാം പകുതിയില്‍ സ്പെയ്ന്‍ വീണ്ടും ഫ്രാന്‍സിന്റെ വല കുലുക്കി. ഡിഫന്‍ഡര്‍ പെഡ്രോ പൊറോയാണ് ഇത്തവണത്തെ ഗോള്‍ സ്‌കോറര്‍. 58ാം മിനിട്ടിലാണ് പൊറോ ടീമിന്റെ വിജയഗോള്‍ വലയിലെത്തിച്ചത്.

ജൂലൈ 20നാണ് ലോകകപ്പ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട്-അര്‍ജന്റീന മത്സരത്തിലെ വിജയികളെയാണ് സ്പെയ്ന്‍ കലാശപ്പോരില്‍ നേരിടുക.

Content Highlight: Spanish defender Pau Cubarsi break Paolo Maldini record in world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more