| Thursday, 2nd July 2026, 7:55 pm

സ്‌പെയ്ന്‍ ഇനി ഡബിള്‍ സ്‌ട്രോങ്; ഡു ഓര്‍ ഡൈ മാച്ചില്‍ ഓസ്ട്രിയ ഇത്തിരി വിയര്‍ക്കും!

ശ്രീരാഗ് പാറക്കല്‍

2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഓസ്ട്രിയയും സ്പെയ്നും കളത്തിലിറങ്ങും. മത്സരത്തില്‍ ഏവരും കാത്തിരിക്കുന്നത് സ്പെയ്നിന്റെ സൂപ്പര്‍ താരം ലാമിന്‍ യമാലിന്റെ എന്‍ട്രിക്ക് വേണ്ടിയാണ്. പരിക്ക് കാരണം താരത്തിന് കഴിഞ്ഞ മത്സരങ്ങളില്‍ മുഴുവന്‍ സമയവും കളത്തിലിറങ്ങാന്‍ സാധിച്ചില്ലായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സ്പാനിഷ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് വന്നിരിക്കുന്നത്. സൂപ്പര്‍ താരം ലാമിന്‍ യമാല്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തുവെന്നാണ് കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ പറഞ്ഞിരിക്കുന്നത്. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ സ്‌പെയിനായി മുഴുവന്‍ സമയവും കളിക്കാന്‍ താരം ഇപ്പോള്‍ സജ്ജനാണെന്ന് വ്യാഴാഴ്ച സോഫൈ സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

യമാലിന്റെ കാര്യത്തില്‍ തങ്ങള്‍ കടുത്ത ജാഗ്രത പുലര്‍ത്തിയിരുന്നെന്നും എന്നാല്‍ താരം ഇപ്പോള്‍ വളരെ മികച്ച നിലയിലാണെന്നും കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ അവന്‍ അത്രമേല്‍ ആഗ്രഹിക്കുന്നുണ്ടെന്നും പരിശീലകന്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍ 22ന് ഏറ്റ ഹാംസ്ട്രിങ് പരുക്കില്‍ നിന്ന് പൂര്‍ണമായും മോചിതനാവാതിരുന്നതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് യമാലിനെ സ്‌പെയിന്‍ കളത്തിലിറക്കിയിരുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായി വെറും 141 മിനിറ്റ് മാത്രം കളിച്ച 18 കാരനായ ബാഴ്‌സലോണ വിങ്ങര്‍ക്ക് ഒരു ഗോള്‍ മാത്രമാണ് നേടാനായത്. ഇതോടെ ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന് റെക്കോഡും യമാല്‍ സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തില്‍ ആദ്യം എത്തിച്ചേര്‍ന്നത് ഇതിഹാസം പെലെയാണ്.

അതേസമയം ഈ സീസണില്‍ ബാഴ്‌സലോണയ്ക്കായി 24 ഗോളുകളും 17 അസിസ്റ്റുകളും നേടി മികച്ച ഫോമിലായിരുന്ന യമാല്‍ പരിക്കിനെ തുടര്‍ന്ന് ലാ ലിഗയിലെ അവസാന ആറ് മത്സരങ്ങള്‍ നഷ്ടമായാണ് ലോകകപ്പിനെത്തിയത്.

കേപ് വെര്‍ദെയ്‌ക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ താരം സൗദി അറേബ്യക്കെതിരെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ച് 10 മിനിറ്റിനുള്ളില്‍ തന്റെ ആദ്യ ലോകകപ്പ് ഗോള്‍ കുറിച്ചിരുന്നു. ഉറുഗ്വേയ്ക്കെതിരായ തൊട്ടടുത്ത മത്സരത്തില്‍ 76 മിനിറ്റും താരം മൈതാനത്തുണ്ടായിരുന്നു.

മാത്രമല്ല ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തില്‍ ഇടത് തോളില്‍ പരുക്കേറ്റ ക്രിസ്റ്റല്‍ പാലസ് വിങ്ങര്‍ യെറേമി പിനോ സുഖം പ്രാപിച്ച് ഓസ്ട്രിയയ്‌ക്കെതിരെ കളിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ലിവര്‍പൂള്‍
താരം വിക്ടര്‍ മുനോസും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

2010ല്‍ കിരീടം നേടിയതിന് ശേഷം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഒരു മത്സരം പോലും ജയിക്കാന്‍ സ്‌പെയിന് സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ആദ്യ നോക്കൗട്ട് മത്സരത്തില്‍ തന്നെ പുറത്തായ സ്‌പെയിന്‍, ഇത്തവണ ഡി ലാ ഫ്യൂന്റെയുടെ കീഴില്‍ മികച്ച ഫോമിലാണ്.

ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് സ്പാനിഷ് പട നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്.

ഓസ്ട്രിയക്കെതിരായ ഇന്നത്തെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലും തകര്‍പ്പന്‍ പ്രകടനം നടത്തി പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറാനാണ് സ്പയ്നിന്റെ ലക്ഷ്യം. അതേസമയം ലോസ് ആഞ്ചലസില്‍ നടക്കുന്ന മത്സരത്തില്‍ സ്പെയ്ന്‍ വിജയിച്ചാല്‍, പോര്‍ച്ചുഗല്‍ ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ പ്രീക്വാര്‍ട്ടറില്‍ നേരിടും.

Content Highlight: Spanish coach says Lamine Yamal has regained full fitness

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more