| Sunday, 16th August 2026, 7:07 am

ഇന്ത്യയെന്നും ചിത്രത്തിലില്ല, തകർത്തത് ഓസ്‌ട്രേലിയയുടെ ലോക റെക്കോഡ്; ചരിത്രമെഴുതി സ്പെയ്ൻ

സുദേവ് എ

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് സ്പെയ്ന്‍. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിക്കുന്ന ടീമായി മാറിയാണ് സ്പാനിഷ് പട ക്രിക്കറ്റ് ലോകത്തും തങ്ങളുടെ സാന്നിധ്യമറിയിച്ചത്. ഇതുവരെ 21 മത്സരങ്ങളാണ് സ്പെയ്ന്‍ അപരാജിതരായി മുന്നേറുന്നത്.

2028 ഐ.സി.സി ടി-20 ലോകകപ്പ് സബ് റീജ്യണല്‍ യൂറോപ്പ് ക്വാളിഫയര്‍ സി ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ ഫിന്‍ലാന്‍ഡിനെ തകര്‍ത്താണ് സ്പെയ്ന്‍ ഈ ചരിത്രനേട്ടം കൈവരിച്ചത്.

ഫിന്‍ലാന്‍ഡിനെതിരെ എട്ട് വിക്കറ്റുകളുടെ വമ്പന്‍ വിജയമാണ് സ്പെയ്ന്‍ കൈപ്പിടിയിലാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഫിന്‍ലാന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്പെയ്ന്‍ 17.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസമായി മറികടന്നു.

സ്‌പെയ്ൻ ക്രിക്കറ്റ് ടീം

2023ല്‍ ഐല്‍ ഓഫ് മാനെതിരെ തുടങ്ങിയ സ്പെയിനിന്റെ വിജയ തേരോട്ടം ഇന്ന് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഫിന്‍ലാന്‍ഡിനെതിരെയാണ് എത്തിനില്‍ക്കുന്നത്. സ്പാനിഷ് പടയുടെ വിജയകുതിപ്പില്‍ റിക്കി പോണ്ടിങ്ങിന്റെ കീഴില്‍ ഓസ്‌ട്രേലിയ സ്വന്തമാക്കിയ റെക്കോഡാണ് തകര്‍ന്ന് വീണത്. 2003ല്‍ 20 മത്സരങ്ങളായിരുന്നു കങ്കാരുപ്പട തോല്‍വിയറിയാതെ മുന്നേറിയത്.

ഇന്റർനാഷണൽ ക്രിക്കറ്റിൽ തോൽവിയറിയാതെ മുന്നേറിയ ടീമുകളുടെ പട്ടികയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇടം നേടാനായിട്ടില്ലെന്നും എടുത്തുപറയേണ്ടതാണ്.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച ടീം, മത്സരങ്ങളുടെ എണ്ണം, കാലഘട്ടം

സ്‌പെയ്ൻ -21- 2023 – 2026 – ടി-20

ഓസ്ട്രേലിയ -20- 2003 – ഏകദിനം

ഉഗാണ്ട -17- 2024 – 2025 – ടി-20

ഓസ്ട്രേലിയ -16- 2000 – 2001-ടെസ്റ്റ്

ഓസ്ട്രേലിയ -16- 2006 – 2007 – ടെസ്റ്റ്

പാകിസ്ഥാൻ -14- 1990 – ഏകദിനം

പാകിസ്ഥാൻ- 14- 2011 – 2012 – ടെസ്റ്റ്

ജപ്പാൻ – 14 – 2024 – 2025 – ടി-20

പാകിസ്ഥാൻ -13- 2001 – 2002 – ഏകദിനം

സൗത്ത് ആഫ്രിക്ക -13- 2008 – ടെസ്റ്റ്

ന്യൂസിലാൻഡ്- 13 – 2022 – ഏകദിനം

മലേഷ്യ -13- 2022 – ടി-20

ബെർമുഡ -13- 2021 – 2023 – ടി-20

അതേസമയം ഫുട്‌ബോളിലെ അണ്‍ബീറ്റണ്‍ റെക്കോഡും സ്‌പെയ്‌നിന്റെ പേരിലാണെന്നതും ഏറെ ശ്രദ്ധേയമാണ്. ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ 38 മത്സരങ്ങളിലാണ് സ്‌പെയ്ന്‍ അപരാജിതരായി കുതിക്കുന്നത്.

ഫൈനലില്‍ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കിരീടം ചൂടിയതോടെയാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമായി സ്പാനിഷ് പട മാറിയത്.

സ്‌പെയ്ൻ ഫുട്ബോൾ ടീം

ഈ റെക്കോഡില്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലിയെയാണ് സ്‌പെയ്ന്‍ മറികടന്നിരുന്നത്. 2018 മുതല്‍ 2021 വരെ 37 മത്സരങ്ങളില്‍ ആയിരുന്നു അസൂറിപ്പട തോല്‍വിയറിയാതെ കുതിച്ചത്. ലയണല്‍ മെസിയുടെ അര്‍ജന്റീനായാണ് മൂന്നാം സ്ഥാനത്തുള്ളത്. 2019 മുതല്‍ 2022 വരെ അര്‍ജന്റീന 36 മത്സരങ്ങളിലാണ് പരാജയപ്പെടാതെ മുന്നേറിയത്.

Content Highlight: Spain team become the most consecutive wins team in international cricket

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more