ഇന്റർനാഷണൽ ക്രിക്കറ്റിൽ അപരാജിത കുതിപ്പ് തുടർന്ന് സ്പെയ്ൻ. 24 മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറിയാണ് സ്പാനിഷ് പട ലോകത്ത് ശ്രദ്ധ നേടുന്നത്. 2028 ഐ.സി.സി ടി-20 ലോകകപ്പ് സബ് റീജ്യണൽ യൂറോപ്പ് ക്വാളിഫയറിൽ ബൾഗേറിയയെ വീഴ്ത്തിയാണ് സ്പാനിഷ് പട തങ്ങളുടെ റെക്കോഡ് തകരാതെ നിലനിർത്തിയിരിക്കുന്നത്.
ബൾഗേറിയക്കെതിരെ ഒമ്പത് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് സ്പെയ്ൻ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബൾഗേറിയ 14.4 ഓവറിൽ 59 റൺസിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്ന സ്പാനിഷ് ടീം വെറും 4.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അനായാസമായി മറികടന്നു.
നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽവി അറിയാതെ മുന്നേറുന്ന ടീം എന്ന ഓസ്ട്രേലിയയുടെ റെക്കോഡ് സ്പെയ്ൻ മറികടന്നിരുന്നു.
ഫിൻലാൻഡിനെ തകർത്താണ് സ്പെയ്ൻ ഈ ചരിത്രനേട്ടം കൈവരിച്ചത്. റിക്കി പോണ്ടിങ്ങിന്റെ കീഴിൽ ഓസ്‌ട്രേലിയ സ്വന്തമാക്കിയ റെക്കോഡാണ് സ്പെയ്ൻ തകർത്തത്. 2003ൽ 20 മത്സരങ്ങളായിരുന്നു കങ്കാരുപ്പട തോൽവിയറിയാതെ മുന്നേറിയത്.
ഇന്റർനാഷണൽ ക്രിക്കറ്റിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിച്ച ടീം, മത്സരങ്ങളുടെ എണ്ണം, കാലഘട്ടം
സ്‌പെയ്ൻ -24- 2023 – 2026 – ടി-20
ഓസ്ട്രേലിയ -20- 2003 – ഏകദിനം
ഉഗാണ്ട -17- 2024 – 2025 – ടി-20
ഓസ്ട്രേലിയ -16- 2000 – 2001-ടെസ്റ്റ്
ഓസ്ട്രേലിയ -16- 2006 – 2007 – ടെസ്റ്റ്
പാകിസ്ഥാൻ -14- 1990 – ഏകദിനം
പാകിസ്ഥാൻ- 14- 2011 – 2012 – ടെസ്റ്റ്
ജപ്പാൻ – 14 – 2024 – 2025 – ടി-20
പാകിസ്ഥാൻ -13- 2001 – 2002 – ഏകദിനം
സൗത്ത് ആഫ്രിക്ക -13- 2008 – ടെസ്റ്റ്
ന്യൂസിലാൻഡ്- 13 – 2022 – ഏകദിനം
മലേഷ്യ -13- 2022 – ടി-20
ബെർമുഡ -13- 2021 – 2023 – ടി-20
അതേസമയം ഫുട്‌ബോളിലെ അൺബീറ്റൺ റെക്കോഡും സ്‌പെയ്‌നിന്റെ പേരിലാണെന്നതും ഏറെ ശ്രദ്ധേയമാണ്. ഇന്റർനാഷണൽ ഫുട്‌ബോളിൽ 38 മത്സരങ്ങളിലാണ് സ്‌പെയ്ൻ അപരാജിതരായി കുതിക്കുന്നത്.
ഫൈനലിൽ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കിരീടം ചൂടിയതോടെയാണ് അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറുന്ന ടീമായി സ്പാനിഷ് പട മാറിയത്. ഈ റെക്കോഡിൽ മുൻ ചാമ്പ്യന്മാരായ ഇറ്റലിയെയാണ് സ്‌പെയ്ൻ മറികടന്നിരുന്നത്. 2018 മുതൽ 2021 വരെ 37 മത്സരങ്ങളിൽ ആയിരുന്നു അസൂറിപ്പട തോൽവിയറിയാതെ കുതിച്ചത്.
Content Highlight: Spain team become the most consecutive wins team in international cricket