നീണ്ട 16 വർഷങ്ങൾക്ക് ശേഷം ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് സ്പെയ്ൻ. ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് സ്പാനിഷ് പട സെമി ഫൈനലിലേക്ക് കുതിച്ചത്.
ഈ ഒറ്റ വിജയത്തോടെ ഒരു ചരിത്ര നേട്ടവുമായാണ് സ്പെയ്ൻ സെമി ഫൈനലിലേക്ക് നടന്നുകയറിയത്. ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറുന്ന രണ്ടാമത്തെ ടീമായാണ് സ്പെയ്ൻ മാറിയത്.
ഇതുവരെ 36 മത്സരങ്ങളിലാണ് സ്പെയ്ൻ തോൽവിയറിയാതെ കുതിപ്പ് നടത്തുന്നത്. 2024ൽ തുടങ്ങിയ സ്പെയ്നിന്റെ വിജയങ്ങൾ ഇപ്പോൾ 2026ൽ എത്തി നിൽക്കുകയാണ്. 35 മത്സരങ്ങൾ തോൽവി അറിയാതെ വന്ന ബ്രസീലിനെ മറികടന്നു കൊണ്ടാണ് സ്പാനിഷ് പടയുടെ ഈ ചരിത്ര നേട്ടം.
1993-1996 കാലഘട്ടങ്ങളിലായിരുന്നു കാനറി പട 35 വിജയങ്ങൾ സ്വന്തമാക്കിയത്. നിലവിൽ ഈ റെക്കോഡിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനൊപ്പമാണ് സ്പെയ്ൻ. 2019 മുതൽ 2022 വരെയാണ് അർജന്റീന 36 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറിയത്.
സെമി ഫൈനൽ മത്സരം കൂടി വിജയിച്ചാൽ അന്താരാഷ്ട്ര ഫുട്ബോളിൽ തോൽവി അറിയാതെ മുന്നേറുന്ന ടീം എന്ന ഇറ്റലിയുടെ നേട്ടത്തിനൊപ്പം സ്പെയ്നിന് എത്താൻ സാധിക്കും. 2018 മുതൽ 2021 വരെ 37 മത്സരങ്ങളിൽ ആയിരുന്നു അസൂറിപ്പട തോൽവി അറിയാതെ കുതിച്ചത്. ഒറ്റ ജയത്തിലൂടെ ഈ നേട്ടം സ്വന്തമാക്കാൻ സ്പെയ്നിന് സാധിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
അതേസമയം ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 30 മിനിട്ട് പൂർത്തിയായപ്പോഴാണ് ആദ്യം ഗോൾ പിറന്നത്. ഫാബിയാൻ റൂയിസിലൂടെയാണ് സ്പെയ്നാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്. എന്നാൽ 11 മിനിട്ടുകൾക്ക് ശേഷം ചാൾസ് ഡി കെറ്റെലെയറിലൂടെ ബെൽജിയം തിരിച്ചടിച്ചു. എന്നാൽ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ മൈക്കൽ മെറീനയിലൂടെ സ്പെയ്ൻ വിജയ ഗോൾ നേടുകയായിരുന്നു.
ജൂലൈ 15ന് നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ ഫ്രാൻസിനെയാണ് സ്പെയ്ൻ നേരിടുക. ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ ടീം മൊറോക്കോയെ വീഴ്ത്തിയാണ് ഫ്രഞ്ച് പട വരുന്നത്.
അതേസമയം 2010ൽ ലോക കിരീടം നേടിയതിന് ശേഷം ഒരിക്കൽ പോലും സെമി ഫൈനലിലേക്ക് യോഗ്യത നേടാത്ത സ്പെയ്ൻ ഇപ്പോൾ 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ആദ്യ നാലിൽ ഇടം പിടിക്കുമ്പോൾ മറ്റൊരു കിരീടം കൂടി സ്പാനിഷ് മണ്ണിൽ എത്തുമോ എന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
Content Highlight: Spain football team sets new record in international football