| Tuesday, 14th July 2026, 8:20 am

ഫ്രാന്‍സിനെ തകര്‍ത്താല്‍ അര്‍ജന്റീനയും വീഴും; ലോകറെക്കോഡിനരികെ സ്‌പെയ്ന്‍

സുദേവ് എ

2026 ഫിഫ ലോകകപ്പ് സെമി ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ സെമിഫൈനലില്‍ ഫ്രാന്‍സും സ്പെയ്നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഇംഗ്ലണ്ടും മുഖാമുഖമെത്തും.

ആദ്യ സെമി പോരാട്ടം ജൂലൈ 15നും രണ്ടാം സെമി ജൂലൈ 16നുമാണ് നടക്കുന്നത്. സെമിയില്‍ ഫ്രാന്‍സിനെ തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറിയാല്‍ സ്പാനിഷ് പടയെ കാത്തിരിക്കുന്നത് ഒരു ലോക റെക്കോഡാണ്.

ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമായി മാറാനാണ് സ്‌പെയിനിന് സാധിക്കുക. ഇതുവരെ 36 മത്സരങ്ങളിലാണ് സ്‌പെയ്ന്‍ തോല്‍വിയറിയാതെ കുതിപ്പ് നടത്തുന്നത്.

2024ല്‍ തുടങ്ങിയ സ്‌പെയിനിന്റെ വിജയങ്ങള്‍ ഇപ്പോള്‍ 2026ല്‍ എത്തി നില്‍ക്കുകയാണ്. ഒരു ജയം കൂടി സ്വന്തമാക്കിയാല്‍ 37 വിജയങ്ങളുമായി സ്പാനിഷ് പടക്ക് ഈ റെക്കോഡ് കൈപ്പിടിയിലാക്കാനാവും.

ഈ നേട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലിക്കൊപ്പമെത്താനാണ് സ്‌പെയ്‌നിന് സാധിക്കുക. 2018 മുതല്‍ 2021 വരെ 37 മത്സരങ്ങളില്‍ ആയിരുന്നു അസൂറിപ്പട തോല്‍വി അറിയാതെ കുതിച്ചത്.

നിലവില്‍ ഈ റെക്കോഡില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനൊപ്പമാണ് സ്‌പെയ്ന്‍. 2019 മുതല്‍ 2022 വരെയാണ് അര്‍ജന്റീന 36 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയത്. അതുകൊണ്ട് തന്നെ ഫ്രാന്‍സിനെ മറികടന്നത് അര്‍ജന്റീനയുടെ റെക്കോഡ് തകര്‍ത്തുകൊണ്ട് മുന്നേറാനും സ്പെയിനിന് സാധിക്കും.

ഈ പട്ടികയില്‍ ലാ റോജക്ക് പുറകിലുള്ളത് 35 മത്സരങ്ങള്‍ തോല്‍വി അറിയാതെ മുന്നേറിയ ബ്രസീലാണ്. 1993-1996 കാലഘട്ടങ്ങളിലായിരുന്നു കാനറി പട 35 വിജയങ്ങള്‍ സ്വന്തമാക്കിയത്.

അതേസമയം നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയ്ന്‍ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. ഇതിനുമുമ്പ് 2010ലായിരുന്നു സ്പാനിഷ് പട അവസാനമായി ലോകകപ്പ് സെമി കളിച്ചിരുന്നത്. ആ ലോകകപ്പിലെ ചാമ്പ്യന്മാരായതും സ്‌പെയ്ന്‍ തന്നെയായിരുന്നു.

2014ല്‍ ഗ്രൂപ്പ് സ്റ്റേജിലും 2018, 2022 ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലുമായിരുന്നു സ്‌പെയ്ന്‍ പുറത്തായിരുന്നത്. ഇപ്പോള്‍ മറ്റൊരു സെമി ഫൈനല്‍ മുന്നിലെത്തി നില്‍ക്കുമ്പോള്‍ വീണ്ടുമൊരു കിരീട നേട്ടമാവും സ്പാനിഷ് പടയുടെ ലക്ഷ്യം.

Content Highlight: Spain football team need one win to set a new record in international football

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more