മാഡ്രിഡ്: ഇറാന് നേരെ അമേരിക്കയും ഇസ്രഈലും നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് തങ്ങളുടെ സൈനിക താവളങ്ങള്‍ വിട്ടുനല്‍കില്ലെന്ന് സ്‌പെയിന്‍.
സ്‌പെയിനിലെ റോട്ട- മൊറോണ്‍ എന്നീ സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന യു.എസ് ആവശ്യം സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തള്ളി.
ഇതോടെ ഈ താവളങ്ങളില്‍ നിലയുറപ്പിച്ചിരുന്ന യു.എസ് ഇന്ധന വിമാനങ്ങള്‍ ജര്‍മനിയിലെ റാമിസ്റ്റീന്‍ ബേസിലേക്ക് മാറ്റാന്‍ പെന്റഗണ്‍ നിര്‍ബന്ധിതരായി.
ഇറാന് നേരെയുള്ള വ്യോമാക്രമണം അംഗീകരിക്കാനാവാത്തതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തുറന്നടിച്ചു.
ഇത്തരം ഏകപക്ഷീയമായ സൈനിക നടപടികള്‍ ലോകക്രമത്തെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘ഇറാനിലെ ഭരണകൂടത്തെ എതിര്‍ക്കുമ്പോള്‍ തന്നെ, അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള അപകടകരമായ സൈനിക ഇടപെടലുകളെയും എതിര്‍ക്കേണ്ടതുണ്ട്,’ ബാഴ്സലോണയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
യു.എസുമായുള്ള ഉഭയകക്ഷി കരാറുകള്‍ പ്രകാരം താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ വിട്ടുനല്‍കാനാവില്ലെന്ന് സ്പാനിഷ് വിദേശകാര്യമന്ത്രി അല്‍ബാരസ് വ്യക്തമാക്കി.
ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള ഇറാനിയന്‍ ജനതയുടെ പോരാട്ടങ്ങളെ സ്‌പെയിന്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഒരു യുദ്ധത്തിന്റെ ഭാഗമാകാന്‍ താത്പ്പര്യമില്ലെന്ന് പ്രതിരോധ മന്ത്രി മര്‍ഗരിറ്റ റോബിള്‍സും കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ യു.എസ് നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സ്‌പെയിനിന്റെ ഈ നിലപാട്.
ഗസ വിഷയത്തിലും ഇസ്രഈലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാഞ്ചസ് സര്‍ക്കാര്‍, ഇപ്പോള്‍ ഇറാന്‍ വിഷയത്തിലും അമേരിക്കയെ വെല്ലുവിളിച്ച് രംഗത്തെത്തിയത് നാറ്റോ സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ ചൂണ്ടിക്കാട്ടുന്നതാണെന്നാണ് റിപ്പോര്‍ട്ട്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്പാനിഷ് സര്‍ക്കാരും തമ്മിലുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനോടകം തന്നെ 15 യു.എസ് സൈനിക വിമാനങ്ങള്‍ സ്‌പെയിനില്‍ നിന്നും പിന്‍വലിച്ചതായി ഫ്‌ലൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
Content Highlight: Spain denies US permission to use jointly operated bases to attack Iran