2026 ഫിഫ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് സ്‌പെയ്ന്‍. സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പാനിഷ് പട കലാശപ്പോരിന് യോഗ്യത നേടിയത്. ഇത് രണ്ടാം തവണയാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ യോഗ്യത നേടുന്നത്.
ഇതിന് മുമ്പ് 2010ലായിരുന്നു സ്പാനിഷ് ടീം ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിച്ചിരുന്നത്. തങ്ങളുടെ ആദ്യ ഫൈനലില്‍ തന്നെ കിരീടം സ്വന്തമാക്കാനും സ്പാനിഷ് ടീമിന് സാധിച്ചു. ഇപ്പോള്‍ നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ലോകകപ്പാണ് സ്‌പെയ്ന്‍ ലക്ഷ്യം വെക്കുന്നത്.
ഈ വിജയത്തോടെ മറ്റൊരു യൂറോപ്യന്‍ ടീമിനും നേടാനാവാത്ത റെക്കോഡാണ് സ്പാനിഷ് പട സ്വന്തമാക്കിയത്. മേജര്‍ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായ എട്ട് നോക്ക് ഔട്ട് മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമായാണ് സ്പെയ്ന്‍ മാറിയത്.
2024 യൂറോ കപ്പിലെ നോക്ക് ഔട്ടില്‍ തുടങ്ങിയ സ്പെയിനിന്റെ വിജയക്കുതിപ്പ് 2026 ലോകകപ്പ് ഫൈനലിലാണ് എത്തി നില്‍ക്കുന്നത്. ഇറ്റലിയുടെയും സ്വന്തം റെക്കോഡുമാണ് സ്പെയ്ന്‍ തകര്‍ത്തത്. 1934 മുതല്‍ 1938 വരെ ഏഴ് മത്സരങ്ങളിലായിരുന്നു ഇറ്റലി വിജയിച്ചത്. 2008 മുതല്‍ 2012 വരെയായിരുന്നു സ്പെയ്ന്‍ ഏഴ് മത്സരങ്ങള്‍ വിജയിച്ചത്.
2024 യൂറോ കപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ജോര്‍ജിയയെ 4-1നാണ് സ്പെയ്ന്‍ ആദ്യമായി പരാജയപ്പെടുത്തിയത്. പിന്നീട് ക്വാര്‍ട്ടറില്‍ ജര്‍മനിയെയും സെമി ഫൈനലില്‍ ഫ്രാന്‍സിനെയും 2-1ന് കീഴടക്കി. യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്പാനിഷ് പടയുടെ കിരീട നേട്ടം.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ലോകകപ്പിലും സ്പെയ്ന്‍ പ്രീക്വാര്‍ട്ടറിലെ വിജയ തേരോട്ടം തുടര്‍ന്നു. ഈ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത സ്പെയ്ന്‍ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന്റെ എതിരില്ലാത്ത ഒരു ഗോളിനും വീഴ്ത്തി. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെ 2-1നുമാണ് സ്പെയ്ന്‍ പരാജയപ്പെടുത്തിയത്. ഇപ്പോള്‍ സെമിയില്‍ ഫ്രാന്‍സിനെയും വീഴ്ത്തിയതോടെയാണ് സ്പെയ്ന്‍ ഈ ചരിത്ര നേട്ടം കൈവരിച്ചത്.
അതേസമയം മത്സരത്തില്‍ മൈക്കല്‍ ഒയര്‍സബാലാണ് സ്പെയ്നിന് വേണ്ടി ആദ്യം ലീഡ് നേടിയത്. മത്സരത്തിന്റെ 22ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് താരം ഗോള്‍ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സിന്റെ സെന്റര്‍ ബാക്ക് വില്യം സാലിബ പരിക്കേറ്റ് പുറത്തായിരുന്നു. താരത്തിന്റെ അഭാവം രണ്ടാം ഫ്രാന്‍സിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
രണ്ടാം പകുതിയില്‍ പെഡ്രോ പൊറോയിലൂടെ സ്‌പെയ്ന്‍ രണ്ടാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും സ്പാനിഷ് ടീം സ്വന്തമാക്കുകയായിരുന്നു. കിലിയന്‍ എംബാപ്പെ, മൈക്കല്‍ ഒലീസെ, ഒസ്മാനെ ഡെംബലെ ത്രയത്തെ കൃത്യമായി പിടിച്ചുകെട്ടാന്‍ സ്പാനിഷ് ടീമിന് സാധിച്ചു.
ജൂലൈ 20നാണ് ലോകകപ്പ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട്-അര്‍ജന്റീന മത്സരത്തിലെ വിജയികളെയാണ് സ്‌പെയ്ന്‍ കലാശപ്പോരില്‍ നേരിടുക.
Content Highlight: Spain create a new record in knockout games major tournaments