2026 ഫിഫ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറി സ്പെയ്ന്‍. സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പാനിഷ് പട കലാശപ്പോരിന് യോഗ്യത നേടിയത്. ഇത് രണ്ടാം തവണയാണ് സ്പെയ്ന്‍ ലോകകപ്പ് ഫൈനല്‍ യോഗ്യത നേടുന്നത്.
ഇതിന് മുമ്പ് 2010ലായിരുന്നു സ്പാനിഷ് ടീം ആദ്യമായി ലോകകപ്പ് ഫൈനല്‍ കളിച്ചിരുന്നത്. തങ്ങളുടെ ആദ്യ ഫൈനലില്‍ തന്നെ കിരീടം സ്വന്തമാക്കാനും സ്പാനിഷ് ടീമിന് സാധിച്ചു. ഇപ്പോള്‍ നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ലോകകപ്പാണ് സ്പെയ്ന്‍ ലക്ഷ്യം വെക്കുന്നത്.
ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ ചരിത്രം കുറിച്ചാണ് സ്പെയ്ന്‍ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത്. ഫ്രാന്‍സിനെ വീഴ്ത്തിയതോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമായാണ് സ്പെയ്ന്‍ മാറിയത്. ഇതുവരെ 37 മത്സരങ്ങളിലാണ് സ്പെയ്ന്‍ തോല്‍വിയറിയാതെ കുതിപ്പ് തുടരുന്നത്. 2024ല്‍ തുടങ്ങിയ സ്പെയിനിന്റെ വിജയങ്ങള്‍ ഇപ്പോള്‍ 2026ല്‍ എത്തി നില്‍ക്കുകയാണ്.
ഈ നേട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലിക്കൊപ്പമാണ് ലാ റോജ. 2018 മുതല്‍ 2021 വരെ 37 മത്സരങ്ങളില്‍ ആയിരുന്നു അസൂറിപ്പട തോല്‍വി അറിയാതെ കുതിച്ചത്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ മറികടന്നാണ് സ്പെയ്ന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
2019 മുതല്‍ 2022 വരെയാണ് അര്‍ജന്റീന 36 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയത്. ഈ നേട്ടത്തില്‍ അര്‍ജന്റീനക്ക് പുറകിലുള്ളത് 35 മത്സരങ്ങള്‍ തോല്‍വി അറിയാതെ മുന്നേറിയ ബ്രസീലാണ്. 1993-1996 കാലഘട്ടങ്ങളിലായിരുന്നു കാനറി പട 35 വിജയങ്ങള്‍ സ്വന്തമാക്കിയത്.
അതേസമയം ഡാലസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൈക്കല്‍ ഒയര്‍സബാലാണ് സ്‌പെയ്‌നിന് വേണ്ടി ആദ്യം ലീഡ് നേടിയത്. മത്സരത്തിന്റെ 22ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് താരം ഗോള്‍ നേടിയത്. ഒടുവില്‍ ആദ്യപകുതി സ്പെയ്ന്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ആധിപത്യം സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സിന്റെ സെന്റര്‍ ബാക്ക് വില്യം സാലിബ പരിക്കേറ്റ് പുറത്തായിരുന്നു. താരത്തിന്റെ അഭാവം രണ്ടാം ഫ്രാന്‍സിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
രണ്ടാം പകുതിയില്‍ പെഡ്രോ പൊറോയിലൂടെ സ്പെയ്ന്‍ രണ്ടാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും സ്പാനിഷ് ടീം സ്വന്തമാക്കുകയായിരുന്നു. കിലിയന്‍ എംബാപ്പെ, മൈക്കല്‍ ഒലീസെ, ഒസ്മാനെ ഡെംബലെ ത്രയത്തെ കൃത്യമായി പിടിച്ചുകെട്ടാന്‍ സ്പാനിഷ് ടീമിന് സാധിച്ചു.
ഈ ലോകകപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളിലും എതിരാളികളുടെ വല കുലുക്കിയ ഫ്രഞ്ച് പടക്ക് സ്‌പെയ്‌നിനെതിരെ പിഴയ്ക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം സെമി ഫൈനല്‍ കളിക്കാനെത്തിയ എംബാപ്പെയുടെ പോരാട്ടവും കണ്ണീരോടെ അവസാനിച്ചു.
ജൂലൈ 20നാണ് ലോകകപ്പ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട്-അര്‍ജന്റീന മത്സരത്തിലെ വിജയികളെയാണ് സ്പെയ്ന്‍ കലാശപ്പോരില്‍ നേരിടുക. ജൂലൈ 19ന് ലൂസേഴ്സ് ഫൈനലും നടക്കും. രണ്ടാം സെമിയില്‍ പരാജയപ്പെടുന്നവര്‍ ഫ്രാന്‍സിനെയാണ് നേരിടുക.
Content Highlight: Spain create a new record in international football