2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ വീഴ്ത്തി സ്‌പെയ്ന്‍ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയ്ന്‍ പരാജയപ്പെടുത്തിയത്.
ചരിത്രത്തിലെ രണ്ടാം ലോക കിരീടമാണ് സ്പെയ്ന്‍ സ്വന്തമാക്കിയത്. 2010ലായിരുന്നു സ്‌പെയ്‌നിന്റെ ആദ്യ കിരീട നേട്ടം. ഇപ്പോള്‍ നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പും സ്‌പെയ്ന്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
ഫൈനലില്‍ കിരീടം നേടിയതിനൊപ്പം ഒരു ചരിത്രനേട്ടവും സ്പെയ്ന്‍ സ്വന്തമാക്കി. അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമായാണ് സ്പാനിഷ് പട മാറിയത്. 38 മത്സരങ്ങളിലാണ് സ്പെയ്ന്‍ അപരാജിതമായി കുതിക്കുന്നത്.
ഈ നേട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലിക്കൊപ്പമായിരുന്നു സ്പെയ്ന്‍. 2018 മുതല്‍ 2021 വരെ 37 മത്സരങ്ങളില്‍ ആയിരുന്നു അസൂറിപ്പട തോല്‍വി അറിയാതെ കുതിച്ചത്.
സെമിയില്‍ ഫ്രാന്‍സിനെ വീഴ്ത്തിയതോടെ അര്‍ജന്റീനയെ മറികടന്നാണ് സ്‌പെയ്ന്‍ ഒന്നാമതെത്തിയത്. 2019 മുതല്‍ 2022 വരെയാണ് അര്‍ജന്റീന 36 മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയത്.
ഈ നേട്ടത്തില്‍ അര്‍ജന്റീനക്ക് പുറകിലുള്ളത് 35 മത്സരങ്ങള്‍ തോല്‍വി അറിയാതെ മുന്നേറിയ ബ്രസീലാണ്. 1993-1996 കാലഘട്ടങ്ങളിലായിരുന്നു കാനറി പട 35 വിജയങ്ങള്‍ സ്വന്തമാക്കിയത്.
അതേസമയം മത്സരത്തിന്റെ നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. അര്‍ജന്റീനക്കെതിരെ തുടക്കം മുതല്‍ സര്‍വാധിപത്യം പുലര്‍ത്തിയ സ്‌പെയിനിന് ഫിനിഷിങ്ങിലെ പോരായ്മ മൂലമാണ് നിശ്ചിത സമയത്തില്‍ ലക്ഷ്യം കാണാന്‍ സാധിക്കാതെ പോയത്.
മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌നിന്റെ ഏക ഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. എക്‌സ്ട്രാ ടൈമില്‍ 10 ആളുകളുമായാണ് ലയണല്‍ മെസിയും സംഘവും പന്തുതട്ടിയത്.
Content Highlight: Spain create a new record in international football