| Monday, 20th July 2026, 8:49 am

അഞ്ച് ലോകകപ്പ് നേടിയ ബ്രസീലിന് സാധിക്കാത്തത്; ചരിത്രമെഴുതി സ്പെയ്ന്‍

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയെ വീഴ്ത്തി സ്പെയ്ന്‍ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയ്ന്‍ പരാജയപ്പെടുത്തിയത്.

ചരിത്രത്തിലെ രണ്ടാം ലോക കിരീടമാണ് സ്‌പെയ്ന്‍ സ്വന്തമാക്കിയത്. 2010ലായിരുന്നു സ്പെയ്നിന്റെ ആദ്യ കിരീട നേട്ടം. ഇപ്പോള്‍ നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പും സ്പെയ്ന്‍ അവസാനിപ്പിച്ചിരിക്കുകയാണ്.

പ്രതിരോധത്തിന്റെ കരുത്തുമായാണ് സ്പെയ്ന്‍ രണ്ടാം ലോക കിരീടം ചൂടിയത്. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ മാത്രമാണ് സ്പെയ്ന്‍ വഴങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം മാത്രമാണ് ലാ റോജയുടെ പോസ്റ്റിലേക്ക് പന്തെത്തിച്ചത്. ഈ ലോകകപ്പില്‍ സ്പെയ്ന്‍ ഒരു മിനിട്ട് പോലും പുറകോട്ട് പോയിട്ടില്ലെന്നതും എടുത്തു പറയണം.

സ്പാനിഷ് പടക്ക് മുമ്പ് ഇറ്റലിയും ജര്‍മനിയും മാത്രമാണ് ഇത്തരത്തിലൊരു ആധിപത്യവുമായി കിരീടം സ്വന്തമാക്കിയിട്ടുള്ളൂ. ലോകകപ്പില്‍ ഒരു മിനിട്ട് പോലും പുറകില്‍ പോവാതെ ആദ്യമായി കിരീടം നേടിയത് ഇറ്റലിയാണ്. 1938ലായിരുന്നു അസൂറിപ്പടയുടെ കിരീട നേട്ടം.

പിന്നീട് 1982ല്‍ ഇറ്റലി വീണ്ടും ഈ നേട്ടം ആവര്‍ത്തിച്ചു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1990ല്‍ ജര്‍മനിയും ഇത്തരത്തില്‍ കിരീടം സ്വന്തമാക്കി. ഇപ്പോള്‍ നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌പെയ്‌നും തങ്ങളുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. അഞ്ച് ലോക കിരീടം നേടിയ സാക്ഷാല്‍ ബ്രസീലിന് പോലും സാധിക്കാത്ത നേട്ടമാണ് സ്പെയ്ന്‍ സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം മത്സരത്തിന്റെ നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. അര്‍ജന്റീനക്കെതിരെ തുടക്കം മുതല്‍ സര്‍വാധിപത്യം പുലര്‍ത്തിയ സ്പെയിനിന് ഫിനിഷിങ്ങിലെ പോരായ്മ മൂലമാണ് നിശ്ചിത സമയത്തില്‍ ലക്ഷ്യം കാണാന്‍ സാധിക്കാതെ പോയത്.

മത്സരത്തിന്റെ എക്സ്ട്രാ ടൈമിലായിരുന്നു സ്പെയ്നിന്റെ ഏക ഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. എക്സ്ട്രാ ടൈമില്‍ 10 ആളുകളുമായാണ് ലയണല്‍ മെസിയും സംഘവും പന്തുതട്ടിയത്.

ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ഈ മത്സരത്തില്‍ അര്‍ജന്റീനക്ക് എടുത്തു പറയാനുള്ളത്. സ്പെയ്നിന്റെ മികച്ച നീക്കങ്ങളെ തകര്‍പ്പന്‍ സേവുകളിലൂടെ തടഞ്ഞുനിര്‍ത്തിയെങ്കിലും ടോറസിന് മുന്നില്‍ മാര്‍ട്ടിനസ് കീഴടങ്ങുകയായിരുന്നു.

Content Highlight: Spain create a new record in FIFA World cup history

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more