യുവേഫ നേഷൻസ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ലോക ചാമ്പ്യന്മാരായ സ്പെയ്ൻ. ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് സ്പാനിഷ് പട ടൂർണമെന്റിലെ രണ്ടാം വിജയം സ്വന്തമാക്കിയത്.
ആദ്യ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയ സ്പെയ്ൻ ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തിലും ആധിപത്യം തുടരുകയായിരുന്നു.
ഈ തകർപ്പൻ വിജയത്തോടെ ഇന്റർനാഷണൽ ഫുട്ബോളിൽ ഒരു ടീമിനും എത്തിപ്പിടിക്കാൻ സാധിക്കാത്ത ഒരു ചരിത്ര നേട്ടമാണ് ലോക ചാമ്പ്യന്മാർ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ മത്സരങ്ങളിൽ തോൽവിയറിയാതെ 40 മത്സരങ്ങളിൽ മുന്നേറുന്ന ആദ്യ ടീമായാണ് സ്പെയൻ മാറിയത്. 2024ൽ തുടങ്ങിയ സ്പാനിഷ് വിജയഗാഥ ഇപ്പോൾ 2026ലാണ് എത്തിനിൽക്കുന്നത്.
37 മത്സരങ്ങൾ അപരാജിതമായി മുന്നേറിയ മുൻ ലോക ചാമ്പ്യന്മാരായ ഇറ്റലിയാണ് സ്പെയ്നിന് പുറകിലുള്ളത്. 2018 മുതൽ 2021 വരെയായിരുന്നു ഇറ്റലിയുടെ വിജയ കുതിപ്പ്.
അതേസമയം മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ യുവതാരം ലാമിൻ യമാലിന്റെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് സ്പെയ്നിന്റെ വിജയം. എം. പബിൽ, നിക്കോ വില്യംസ് എന്നിവരുടെ ഗോളുകളും സ്പെയിനിന് കൂറ്റൻ വിജയം സമ്മാനിക്കുന്നതിൽ നിർണായകമായി. ഡിഡി ബെൽജോയാണ് ക്രൊയേഷ്യയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്.
ഈ തകർപ്പൻ വിജയത്തോടെ യുവേഫ നേഷൻസ് ലീഗ് പോയിന്റ് പട്ടികയിൽ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് നിലവിലെ ലോക ചാമ്പ്യന്മാർ. മറുഭാഗത്ത് രണ്ട് മത്സരങ്ങളിൽ നിന്നും ഓരോ വീതം ജയവും തോൽവിയുമായി മൂന്ന് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ക്രൊയേഷ്യ.
ഒക്ടോബർ നാലിന് ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് സ്പെയ്നിന്റെ അടുത്ത മത്സരം. ഒക്ടോബർ മൂന്നിന് നടക്കുന്ന മത്സരത്തിൽ ക്രൊയേഷ്യ ഇംഗ്ലണ്ടിനെയും നേരിടും.
Content Highlight: Spain create a new history in international football