| Friday, 6th March 2026, 10:54 pm

160 പെണ്‍കുട്ടികളെ കൊലപ്പെടുത്തിയാണോ ട്രംപും നെതന്യാഹുവും ഇറാനിയന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത്? ചോദ്യം ചെയ്ത് സ്പാനിഷ് നിയമസഭാംഗം

അനിത സി

മാഡ്രിഡ്: ഇറാനെതിരായ ആക്രമണം തുടരുന്ന യു.എസിനേയും ഇസ്രഈലിനേയും വിമര്‍ശിച്ച് സ്പാനിഷ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് മാനുവേല ബെര്‍ഗറോട്ട്. ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിലുണ്ടായ ആക്രമണത്തെ അപലപിച്ചുകൊണ്ടാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും മാനുവേല വിമര്‍ശിച്ചത്.

ഇറാനിലെ സ്ത്രീകളുടെ അവകാശം സംരക്ഷിക്കാനും ജനങ്ങള്‍ക്ക് മികച്ച ഭരണം നല്‍കാനുമാണ് ഇറാനില്‍ ആക്രമണം നടത്തുന്നതെന്ന ട്രംപിന്റെയും നെതന്യാഹുവിന്റെയും വലതുപക്ഷക്കാരുടെയും വാദത്തെ മാനുവേല ചോദ്യം ചെയ്തു. ചെറിയ കുട്ടികളുടെ സ്‌കൂള്‍ ആക്രമിച്ച് 16ലേറെ പേരെ കൊലപ്പെടുത്തിയതിനെ മാനുവേല വിമര്‍ശിച്ചു.

160 പെണ്‍കുട്ടികളുടെ കൊലപാതകം ആഘോഷിച്ചാണോ വലതുപക്ഷം ഇറാനിയന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതെന്ന് അവര്‍ നിയമസഭയില്‍ ചോദിച്ചു. താനൊരു ഫെമിനിസ്റ്റാണെന്നും അതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും മാഡ്രിഡില്‍ നിന്നുള്ള നിയമസഭാംഗമായ മാനുവേല ബെര്‍ഗറോട്ട് പറഞ്ഞു.

‘ഇറാന്‍ ജനതയ്ക്കും ഇറാനിലെ സ്ത്രീകള്‍ക്കും നേരെയുള്ള യു.എസിന്റെയും ഇസ്രഈലിന്റെയും എല്ലാ ആക്രമണങ്ങളെയും ഞാന്‍ എതിര്‍ക്കുന്നു. നെതന്യാഹുവിന്റെയും ട്രംപിന്റെയും പ്രഥമ സൈനിക ലക്ഷ്യമെന്ന് പറയുന്നത് പെണ്‍കുട്ടികളുടെ സ്‌കൂള്‍ തകര്‍ക്കുകയെന്നതും 160 ചെറിയ പെണ്‍കുട്ടികളെ കൊല്ലുകയെന്നതുമായിരുന്നു’, മാനുവേല വിമര്‍ശിച്ചു.

നിയമസഭയിലെ എതിര്‍പാര്‍ട്ടിയുടെ നിലപാടുകളെ എതിര്‍ത്ത മാനുവേല, നിങ്ങളുടെ പാര്‍ട്ടിയുടെ വക്താവ് പറയുന്നത് ഇത് ഫെമിനിസത്തിനുള്ള അത്ഭുതകരമായ വാര്‍ത്തയാണെന്നാണ്. 160 പെണ്‍കുട്ടികളുടെ കൊലപാതകം ആഘോഷിച്ചാണ് വലതുപക്ഷം ഇറാനിയന്‍ സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതെന്നും കുറ്റപ്പെടുത്തി.

ഈ പ്രസ്താവന അത്യന്തം നിന്ദ്യമാണ്. എല്ലാവര്‍ക്കും പ്രതിസന്ധിയും അരക്ഷിതാവസ്ഥയും സമ്മാനിക്കുന്ന യുദ്ധത്തിന് വേണ്ടിയാണ് നിങ്ങളൊക്കെ കയ്യടിക്കുന്നത്.

23 വര്‍ഷം മുമ്പത്തെ പ്രധാനമന്ത്രി അന്‍സര്‍ ചെയ്തത് പോലെ മാഡ്രിഡിനെ ഏറ്റവും മോശമായ കാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. ഏറ്റവും മോശമായ തീവ്രവാദ ആക്രമണത്തിലേക്ക് മാഡ്രിഡിനെ വലിച്ചിഴച്ചു.

അന്ന് 192 ജീവനുകളാണ് നഷ്ടമായതെന്നും സ്‌പെയ്‌നിന്റെ മുമ്പത്തെ ദുരന്തത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് മാനുവേല പറഞ്ഞു. മാനുവേലയുടെ വാക്കുകള്‍ കയ്യടികളോടെയാണ് മറ്റ് അംഗങ്ങള്‍ അംഗീകരിച്ചത്.

ശനിയാഴ്ച ഇറാനെ ആക്രമിച്ച യു.എസിന്റെയും ഇറാന്റെയും സേന ഇറാനിലെ പെണ്‍കുട്ടികളുടെ എലമെന്ററി സ്‌കൂള്‍ തകര്‍ത്തിരുന്നു. 160ഓളം പെണ്‍കുട്ടികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ ക്രൂരതയെ ലോകരാജ്യങ്ങളും യു.എന്നും അപലപിച്ചിരുന്നു.

അതേസമയം, ഇറാനെ ആക്രമിക്കാനായി സൈനിക താവളങ്ങള്‍ വിട്ടുനല്‍കാത്തതിന്റെ പേരില്‍ സ്‌പെയിനിനെതിരെ ഉയര്‍ത്തിയ ഭീഷണികളെ തള്ളിക്കളഞ്ഞ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും രംഗത്തെത്തിയിരുന്നു. സ്‌പെയ്ന്‍ നയതന്ത്രത്തിനും അന്താരാഷ്ട്ര നിയമത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്. യുദ്ധം വേണ്ട എന്ന നിലപാടാണ് എക്കാലവും സ്‌പെയ്ന്‍ പിന്തുടരുന്നതെന്നും സാഞ്ചസ് പറഞ്ഞിരുന്നു.

Content Highlight: Are Trump and Netanyahu protecting Iranian women’s rights by killing 160 girls? Manuela Bergerot

 
അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more