| Thursday, 12th March 2026, 9:48 am

ഇറാനെ ആക്രമിക്കാന്‍ ആയുധങ്ങള്‍ നല്‍കില്ല; ട്രംപിന്റെ ആവശ്യം തള്ളി തെക്ക്-കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍

അനിത സി

വാഷിങ്ടണ്‍: ഇറാന്റെ പ്രത്യാക്രമണവും പ്രതിരോധവും യു.എസ് പ്രതീക്ഷിച്ചതിലും ശക്തമായതോടെ ആയുധശേഖരം തീര്‍ന്നുപോകുന്നതായി റിപ്പോര്‍ട്ടുകള്‍. ആയുധങ്ങള്‍ക്കായി കിഴക്കനേഷ്യയിലെ സഖ്യകക്ഷികളോട് യു.എസ് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും നിരസിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും യു.എസിന് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ആയുധ ക്ഷാമം നേരിട്ടിരിക്കുകയാണ്. ഇസ്രഈലിനും പശ്ചിമേഷ്യയിലെ യു.എസ് താവളങ്ങള്‍ക്കും നേരെ ഇറാന്‍ പ്രത്യാക്രമണം ശക്തമാക്കിയതോടെ ആക്രമണത്തിനേക്കാള്‍ പ്രതിരോധത്തിന് വേണ്ടി യു.എസിന് യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കേണ്ടി വന്നിരുന്നു.

പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, യു.എസ് വ്യോമ പ്രതിരോധ മിസൈലുകളുടെ പ്രാദേശികമായ ശേഖരം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതോടെ ഇറാന്റെ തുടര്‍ച്ചയായ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ തടയുന്നതില്‍ യു.എസിനും ഇസ്രഈലിനും കാര്യമായ പിഴവുകളും സംഭവിച്ചിക്കുന്നുണ്ട്.

മേഖലയില്‍ സ്ഥാപിച്ചിരുന്ന റഡാറുകള്‍ കൂട്ടത്തോടെ ഐ.ആര്‍.ജി.സി തകര്‍ത്തതും യു.എസിന്റെ പ്രതിരോധത്തിന് തിരിച്ചടിയായിരിക്കുകയാണ്.

ആയുധങ്ങള്‍ അതിവേഗത്തില്‍ തീരുകയാണെന്നും മറ്റ് കേന്ദ്രങ്ങളില്‍ നിന്നും ആയുധങ്ങളെത്തിക്കാനായി യു.എസ് സേന ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ആയുധങ്ങള്‍ പെട്ടെന്ന് ശേഖരിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെക്ക്-കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍, തന്ത്രപ്രധാനമായ മേഖലകളില്‍ നിന്നും കൂടുതല്‍ വേഗത്തില്‍ ആയുധങ്ങള്‍ പശ്ചിമേഷ്യയിലേക്ക് എത്തിക്കുന്നതിനായുള്ള ട്രംപിന്റെ ശ്രമങ്ങളോട് കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിച്ചില്ല.

നയതന്ത്ര സമ്മര്‍ദം ചെലുത്തിയിട്ടും സംഘര്‍ഷത്തില്‍ പങ്കുചേരാനാകില്ലെന്ന് ഈ രാജ്യങ്ങള്‍ നിലപാടെടുത്തതോടെ ട്രംപ് കടുത്ത നിരാശയും ദേഷ്യവും പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാന്റെ പ്രതിരോധ ആക്‌സിസ് മിസൈലുകളെ തടയാനായി സഖ്യകക്ഷികള്‍ യുദ്ധക്കപ്പലുകള്‍ അയക്കണമെന്നും റഡാര്‍ സംവിധാനങ്ങള്‍ വിന്യസിക്കണമെന്നുമായിരുന്നു ട്രംപിന്റെ പ്രധാന ആവശ്യം. എന്നാല്‍, സഖ്യകക്ഷികള്‍ ഈ അഭ്യര്‍ത്ഥനയും നിരസിച്ചു.

മൂന്ന് രാജ്യങ്ങള്‍ ട്രംപിന്റെ ആവശ്യം പൂര്‍ണമായും നിരസിച്ചു. ഒരു രാഷ്ട്രം മാത്രം സമ്മര്‍ദങ്ങള്‍ കാരണം അഭ്യര്‍ത്ഥന പരിഗണിക്കുകയാണെന്നും പ്രസ് ടി.വി യു.എസ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

ആഗോള ഊര്‍ജ വിതരണത്തെയും മേഖലയിലെ സമാധാനത്തിനും തിരിച്ചടിയാകുന്ന ഈ സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിലെ തെക്ക്-കിഴക്കനേഷ്യന്‍ രാജ്യങ്ങളുടെയും യൂറോപ്പിലെ സഖ്യ കക്ഷികളുടെയും ആശങ്കകളാണ് യു.എസിന്റെ ആവശ്യം നിരസിക്കാന്‍ കാരമണമായിരിക്കുന്നത്.

സംഘര്‍ഷം തുടരുന്നതുകൊണ്ടുതന്നെ യു.എസ് സേനയ്ക്ക് മേലുള്ള ലോജിസ്റ്റിക് സമ്മര്‍ദം ശക്തമായി തുടരുകയാണ്.

Content Highlight: Southeast Asian countries reject Trump’s demand to provide weapons to attack Iran

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more