| Monday, 22nd September 2025, 2:37 pm

സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് വീരന്‍ തിരിച്ചെത്തുന്നു; കളത്തിലിറങ്ങുക പാകിസ്ഥാനെതിരെ!

സ്പോര്‍ട്സ് ഡെസ്‌ക്

ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക്. നവംബറില്‍ പാകിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലൂടെയാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് താരം ഈ ഫോര്‍മാറ്റിലേക്ക് തിരിച്ചെത്തുന്നത്.

2023 ഏകദിന ലോകകപ്പിന് ശേഷം താരം 50 ഓവര്‍ ക്രിക്കറ്റില്‍ നിന്ന് താരം വിരമിച്ചിരുന്നു. ഈ തീരുമാനം പിന്‍വലിച്ചാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്രോട്ടിയാസ് കുപ്പായത്തില്‍ വീണ്ടും കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്.

നവംബര്‍ നാല് മുതല്‍ പാകിസ്ഥാനെതിരെ തുടങ്ങുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഡി കോക്ക് ഉള്‍പ്പെട്ടിട്ടിട്ടുണ്ട്. പരമ്പരയില്‍ മൂന്ന് ഏകദിന മത്സരമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുളളത്. നവംബര്‍ എട്ട് വരെയാണ് സൗത്ത് ആഫ്രിക്കയുടെ ഏകദിന പരമ്പര നടക്കുക.

കൂടാതെ ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ ഒന്ന് വരെ നടക്കുന്ന ടി – 20 പരമ്പരയ്ക്കുള്ള സ്‌ക്വാഡിലും താരം ഉള്‍പ്പെട്ടിട്ടുണ്ട്. നമീബിയക്കെതിരായ ടി 20 പരമ്പരയ്ക്കുള്ള 14 അംഗ ടീമിലും ഡി കോക്ക് ഭാഗമാണ്.

പ്രോട്ടിയാസിനായി ഡി കോക്ക് അവസാനമായി 2023 ഏകദിന ലോകകപ്പിലെ സെമി ഫൈനലിലാണ് അവസാനമായി ഈ ഫോർമാറ്റിൽ കളിക്കളത്തിൽ ഇറങ്ങിയത്. ടൂർണമെന്റിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത താരം 594 റൺസാണ് അടിച്ച് കൂട്ടിയത്.

അതേസമയം, ടി – 20യിൽ നിന്ന് വിരമിച്ചിരുന്നില്ലെങ്കിലും ഡി കോക്ക് ഒരുപാട് കാലമായി കുട്ടി ക്രിക്കറ്റിൽ ടീമിന്റെ ഭാഗമായിരുന്നില്ല. അവസാനമായി ചെറിയ ഫോർമാറ്റിൽ കളിച്ചത് 2024 ഐ.സി.സി ടി – 20 ലോകകപ്പ് ഫൈനലിലാണ്. ജൂണിൽ നടന്ന മത്സരത്തിൽ ഇന്ത്യയായിരുന്നു അന്നത്തെ എതിരാളി. അന്ന് പ്രോട്ടിയാസിനായി താരം 39 റൺസ് എടുത്തിരുന്നു. ആ മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ കിരീടം ചൂടുകയായിരുന്നു.

പാകിസ്ഥാനെതിരെയുള്ള ഏകദിന ടൂർണമെന്റിനുള്ള സൗത്ത് ആഫ്രിക്കൻ സ്‌ക്വാഡ്

മാത്യു ബ്രീറ്റ്‌സ്‌കെ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്, നാൻഡ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി, ക്വിന്റൺ ഡി കോക്ക്, ടോണി ഡി സോർസി, ഡോണോവൻ ഫെറേര, ബ്യോൺ ഫോർട്ടുയിൻ, ജോർജ്ജ് ലിൻഡെ, ക്വേന മഫാക്ക, ലുങ്കി എൻഗിഡി, ലുഹാൻ-ഡ്രെ പ്രിട്ടോറിയസ്, സിനെതെംബ ക്വെഷൈൽ

Content Highlight: South African Wicket keeper batter Quinton De Cock revise retirement from ODI cricket

We use cookies to give you the best possible experience. Learn more