ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സൗത്ത് ആഫ്രിക്ക കരുത്തരായ ഓസ്ട്രലിയയെ അഞ്ച് വിക്കറ്റിന് ജേതാക്കളായിരുന്നു. വിജയത്തോടെ തങ്ങളുടെ 27 വർഷങ്ങളുടെ കാത്തിരിപ്പിനും കണ്ണീരിനും കൂടിയായിരുന്നു പ്രോട്ടിയാസ് വിരാമം കുറിച്ചത്.
കിരീടനേട്ടത്തിനൊപ്പം ചോക്കേഴ്സ് എന്ന ചീത്തപേരും മാറ്റിയെടുത്തു ബാവുമയുടെ സംഘം. നീണ്ട വർഷങ്ങളുടെ കിരീട വരൾച്ചയ്ക്ക് പ്രോട്ടിയാസ് വിരാമമിട്ടത് ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിലാണെന്നത് ചരിത്രനിയോഗമാണ്.
ഏയ്ഡന്‍ മര്‍ക്രമിന്റെയും ക്യാപ്റ്റൻ തെംബ ബാവുമയുടെയും കരുത്തിലാണ് പ്രോട്ടിയാസ് തങ്ങളുടെ സ്വപ്നം സഫലീകരിച്ചത്. സൗത്ത് ആഫ്രിക്കയുടെ ജയത്തോടെ ഫൈനലുകളിൽ ഓസ്ട്രേലിയ തുടർന്ന 15 വർഷത്തിന്റെ അപരാജിത കുതിപ്പിന് കൂടിയാണ് അന്ത്യം കുറിക്കപ്പെട്ടത്.
ഇപ്പോൾ കിരീട നേട്ടത്തിന് ശേഷം സൺറൈസേഴ്‌സ് ഹൈദരാബാദിലെ തന്റെ സഹതാരമായിരുന്ന ട്രാവിസ് ഹെഡുമായി നടത്തിയ സംഭാഷണത്തെ കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കൻ താരം വിയാൻ മുൾഡർ. ട്രാവിസ് ഹെഡ് അവരുടെ തോൽവിയിൽ ദുഖിതനാണെന്നും തങ്ങളുടെ വിജയത്തിൽ അഭിനന്ദിച്ചുവെന്നും താരം പറഞ്ഞു.
കളിയിലെ ആവേശം മികച്ചതായിരുന്നുവെന്നും ചിലപ്പോഴയൊക്കെ ഓസ്‌ട്രേലിയക്കാരെ മോശക്കാരായോ ദുഷ്ടന്മാരായോ ആയാണ് ആളുകൾ കാണാറുള്ളതെന്നും എന്നാൽ അവർ യഥാർത്ഥ ചാമ്പ്യന്മാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.സി ഡിജിറ്റലിൽ സംസാരിക്കുകയായിരുന്നു വിയാൻ മുൾഡർ.
‘ഹെഡിയും (ട്രാവിസ് ഹെഡ്) പാറ്റിയും (പാറ്റ് കമ്മിൻസ്) മികച്ച കളിക്കാരാണ്. ഇന്നലെ ഞാൻ ഹെഡിനോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ടീം തോറ്റെങ്കിലും ഞങ്ങളുടെ വിജയത്തിൽ അഭിനന്ദിച്ചു. അവരുടെ തോൽവിയിൽ അദ്ദേഹം ദുഖിതനായിരുന്നു.
പക്ഷേ, കളിയിലെ ആവേശം മികച്ചതായിരുന്നുവെന്ന് ഞാൻ കരുതുന്നു. ചിലപ്പോഴയൊക്കെ ഓസ്‌ട്രേലിയക്കാരെ മോശക്കാരായോ ദുഷ്ടന്മാരായോ ആയാണ് നമ്മൾ ചിന്തിക്കാറുള്ളത്. പക്ഷേ അവർ യഥാർത്ഥ ചാമ്പ്യന്മാരാണ്,’ മുൾഡർ പറഞ്ഞു.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സൗത്ത് ആഫ്രിക്കക്കായി വിയാൻ മുൾഡർ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. രണ്ട് ഇന്നിങ്‌സിലുമായി താരം 33 റൺസും ഒരു വിക്കറ്റും നേടിയിരുന്നു.
Content Highlight: South African star Wiaan Mulder talks about chat with SRH teammate Travis Head after SA vs AUS 2025 WTC final