| Friday, 7th November 2025, 7:25 am

തിരിച്ചുവരവിലെ രണ്ടാം മത്സരത്തില്‍ തന്നെ സെഞ്ച്വറി; പാകിസ്ഥാനെതിരെ തിളങ്ങി ഡി കോക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറിയുമായി തിളങ്ങി സൗത്ത് ആഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക്. താരത്തിന്റെ കരുത്തില്‍ മത്സരത്തില്‍ പ്രോട്ടിയാസ് വിജയം സ്വന്തമാക്കി. ഇഖ്ബാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജയിച്ചതോടെ പരമ്പരയില്‍ സൗത്ത് ആഫ്രിക്ക ആതിഥേയര്‍ക്ക് ഒപ്പമെത്തി.

മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി ഡി കോക്ക് 119 പന്തില്‍ പുറത്താവാതെ 123 റണ്‍സാണ് അടിച്ചെടുത്തത്. ഏഴ് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. വിരമിക്കല്‍ പിന്‍വലിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്തിയ രണ്ടാം മത്സരത്തിലാണ് താരം മൂന്നക്കം കടന്നത്.

ഏകദിനത്തില്‍ തന്റെ 22ാം സെഞ്ച്വറിയാണ് ഡി കോക്ക് കുറിച്ചത്. ഇതോടെ സൗത്ത് ആഫ്രിക്കക്കായി കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരകമാകാനും ഇടം കൈയ്യന്‍ ബാറ്റര്‍ക്കായി. നേരത്തെ, പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 270 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടിയാസിനായി ഡി കോക്കിന് പുറമെ, ടോണി ഡി സോര്‍സിയും തിളങ്ങി. താരം 63 പന്തില്‍ മൂന്ന് സിക്സും ഒമ്പത് ഫോറും അടക്കം 76 റണ്‍സാണ് എടുത്തത്. ഇവര്‍ക്ക് ഒപ്പം, 40 പന്തില്‍ 46 റണ്‍സുമായി ഓപ്പണര്‍ ലുവന്‍-ഡ്രെ പ്രെട്ടോറിയസ് മികവ് പുലര്‍ത്തി.

പാകിസ്ഥാനായി മുഹമ്മദ് വസീം ജൂനിയറും ഫഹീം അഷ്റഫ് ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റ് ചെയ്ത പാകിസ്ഥാനായി ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ, മുഹമ്മദ് നവാസ്, സയീം അയ്യൂബ് എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ആഘ 106 പന്തില്‍ 69 റണ്‍സ് എടുത്തപ്പോള്‍ നവാസ് 59 പന്തില്‍ 59 റണ്‍സും സ്‌കോര്‍ ചെയ്തു. സയീം അയ്യൂബ് 66 പന്തില്‍ 53 റണ്‍സും ചേര്‍ത്തു.

സൗത്ത് ആഫ്രിക്കക്കായി നന്ദ്രേ ബര്‍ഗര്‍ നാല് വിക്കറ്റുമായി തിളങ്ങി. എന്‍കാബ പീറ്റര്‍ മൂന്ന് വിക്കറ്റും കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

Content Highlight: South African player Quinton De Cock scores 22nd ODI century in his return to international cricket against Pakistan cricket Team

We use cookies to give you the best possible experience. Learn more