സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം സെന്റ് ജോര്‍ജ് ഓവലില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് ആദ്യ ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
നിലവില്‍ മത്സരത്തിലെ നാലാം ദിനത്തിലെ രണ്ടാം സെഷനില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 99 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയിരിക്കുകയാണ് പ്രോട്ടിയാസ്. ഫോളോ ഓണിന് ഇറങ്ങിയ ഓസീസ് നിലവില്‍ ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സാണ് നേടിയത്.
ഓപ്പണര്‍ നിക് മാഡിസണിനെയാണ് ഓസീസിന് നഷ്ടമായത്. എട്ട് റണ്‍സിന് കഗാസോ റബാദയാണ് താരത്തെ കൂടാരെ കയറ്റിയത്. റിയാന്‍ റിക്കള്‍ട്ടന്റെ കയ്യില്‍ നിക്കിനെ കുരുക്കുകയായിരുന്നു റബാദ. ഇതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
സ്വന്തം മണ്ണില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനാണ് പേസ് ബൗളര്‍ക്ക് സാധിച്ചത്. സ്വന്തം നാട്ടില്‍ കളിച്ച 38 ടെസ്റ്റുകളില്‍ നിന്ന് 20.06 ശരാശരിയില്‍ 200 വിക്കറ്റുകള്‍ റബാദ നേടിയിട്ടുണ്ട്.
സ്വന്തം മണ്ണില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ പ്രോട്ടിയസ് ബൗളറാകാനും റബാദയ്ക്ക് സാധിച്ചു. ഡെയ്ല്‍ സ്റ്റെയ്ന്‍, മഖായ എന്റിന്‍, ഷോണ്‍ പൊള്ളാക്ക് എന്നിവര്‍ക്ക് പിന്നാലെയാണ് താരം ഈ നേട്ടത്തിലെത്തിയത്.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ പ്രോട്ടിയാസിന് വേണ്ടി അഞ്ച് വിക്കറ്റുകള്‍ നേടിയ മാര്‍ക്കോ യാന്‍സനാണ് മിന്നും ബൗളിങ് പ്രകടനം നടത്തിയത്. കഗീസോ റബാദ, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ അന്റിക്ക് നോര്‍ക്യ ശേഷിച്ച വിക്കറ്റും നേടി.
അതേസമയം കങ്കാരുക്കള്‍ക്ക് വേണ്ടി കുറച്ചെങ്കിലും പൊരുതിയത് സ്റ്റീവ് സ്മിത്താണ്. 88 പന്തില്‍ നിന്ന് രണ്ട് ഫോര്‍ ഉള്‍പ്പെടെ 28 റണ്‍സാണ് താരം നേടിയത്.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു സൗത്ത് ആഫ്രിക്ക നല്‍കിയത്. ഓപ്പണര്‍ നിക് മാഡിസണെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ പൂജ്യത്തില്‍ കുരുക്കിയ കഗീസോ റബാദയിലൂടെയാണ് പ്രോട്ടിയാസ് വിക്കറ്റ് വേട്ട ആരംഭിച്ചത്.
പിന്നീട് നാലാം ദിനത്തില്‍ 14 റണ്‍സ് നേടവെ ട്രാവിസ് ഹെഡ്ഡിനെയും രണ്ട് റണ്‍സ് നേടിയ സ്‌കോട്ട് ബോളണ്ടിനെയും മാര്‍ക്കോ യാന്‍സന്‍ പുറത്താക്കി. അന്റിക്ക് നോര്‍ക്യ 14 റണ്‍സില്‍ മാര്‍നസ് ലബുഷാനേയും പുറത്താക്കിയതോടെ ഓസീസ് സമ്മര്‍ദത്തിലായി. മാറ്റ് റെന്‍ഷോ (12), അലക്‌സ് കാരി (0) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ക്യാപ്റ്റന്‍ കമ്മിന്‍സ് ഉള്‍പ്പെടെ മറ്റാര്‍ക്കും കങ്കാരുപ്പടയ്ക്ക് വേണ്ടി വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.
സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ടെംബ ബാവുമയുടെ മിന്നും സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് ഉയര്‍ന്ന സ്‌കോറിലെത്തിയത്. 334 പന്തില്‍ നിന്ന് ഒരു സിക്സും 18 ഫോറും ഉള്‍പ്പെടെ 179 റണ്‍സാണ് താരം നേടിയത്.
Content Highlight: South African Pacer Kagiso Rabada Complete 200 Test Wickets In Home