2027ലെ ഏകദിന ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാള്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയാകുമെന്നാണ് പ്രോട്ടിയാസ് ഇതിഹാസം ജോണ്ടി റോഡ്‌സ്. രോഹിത് ശര്‍മയുടെ അനുഭവസമ്പത്ത് ഇന്ത്യയ്ക്ക് ആവശ്യമാണെന്നും സമ്മര്‍ദഘട്ടങ്ങളില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ രോഹിത്തിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ലോകകപ്പില്‍ കളിച്ചിട്ടുള്ള അനുഭവം മറ്റൊരു പ്രധാന ഘടകമാണ്. എന്നാല്‍ നമ്മള്‍ സാധാരണയായി അത് പരിഗണിക്കാറില്ല. താരങ്ങളുടെ കഴിവും മികവും അവര്‍ പുറത്തെടുക്കുന്ന പ്രകടനങ്ങളുമാണ് പ്രധാനമായും വിലയിരുത്തുന്നത്. ഒരുപക്ഷേ ഒരു താരം മികച്ചൊരു ഇന്നിങ്‌സ് കളിച്ചിട്ടുണ്ടാകാം, മികച്ചൊരു സീസണും പിന്നിട്ടിട്ടുണ്ടാകാം. എന്നാല്‍ സമ്മര്‍ദമേറിയ ഘട്ടങ്ങളിലെത്തുമ്പോള്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യുമെന്നതും പ്രധാനമാണ്. ലോകകപ്പ് എന്നത് വലിയ സമ്മര്‍ദമുള്ള വേദിയാണ്,’ റോഡ്‌സ് ജിയോസ്റ്റാറിനോട് പറഞ്ഞു.
രോഹിത് ശര്‍മ
നിലവില്‍ 2027ല്‍ സൗത്ത് ആഫ്രിക്കയില്‍ വെച്ച് നടക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയ്ക്ക് വേണ്ടി 280 മത്സരത്തില്‍ നിന്ന് 11895 റണ്‍സാണ് രോഹിത് നേടിയത്. വരാനിരിക്കുന്ന ലോകകപ്പില്‍ രോഹിത്തിന്റെ അനുഭവസമ്പത്തും സാന്നിധ്യവും ഏറെ നിര്‍ണായകമാണ്.
അതേസമയം രോഹിത്തിന് കീഴില്‍ 2023 ഏഷ്യാ കപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതേ വര്‍ഷത്തില്‍ തന്നെ നടന്ന ഐ.സി.സി ഏകദിന ലോകകപ്പിന്റെ ഫൈനല്‍ വരെ ഇന്ത്യയെ എത്തിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. എന്നാല്‍ കലാശ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യയ്ക്ക് കിരീടം നഷ്ടമാവുകയായിരുന്നു.
എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന ടി-20 ലോകകപ്പ് സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ഇന്ത്യ രോഹിത്തിന്റെ കീഴില്‍ ടി-20 കിരീടം സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസിലും യു.എസ്.എയിലുമായി നടന്ന ലോകകപ്പില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ ആയിരുന്നു രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യ ലോകത്തിന്റെ നെറുകയില്‍ എത്തിയത്.
നിലവില്‍ ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രോഹിത്ത് അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. 110 പന്തില്‍ 17 ഫോറുകളും അഞ്ച് സിക്‌സുകളും അടക്കം 138 റണ്‍സാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Content Highlight: South African legend Jonty Rhodes speaks about Rohit Sharma