| Tuesday, 20th October 2026, 7:03 pm

പ്രോട്ടിയാസിന്റെ ചരിത്രത്തിലെ ആദ്യ ക്യാപ്റ്റന്‍; സെഞ്ച്വറിയില്‍ തൂക്കിയത് ഇതിഹാസ റെക്കോഡ്

ശ്രീരാഗ് പാറക്കല്‍

സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം സെന്റ് ജോര്‍ജ് ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് നിലവില്‍ മൂന്നാം ദിനത്തിലെ രണ്ടാം സെഷനില്‍ ടീ ബ്രേക്കിന് പിരിഞ്ഞപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് നേടിയിട്ടുണ്ട്.

സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ടെംബ ബാവുമയുടെ മിന്നും സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് മുന്നോട്ട് നീങ്ങുന്നത്. നിലവില്‍ 266 പന്തില്‍ നിന്ന് 125* റണ്‍സാണ് താരം നേടിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ബാവുമയുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. മാത്രമല്ല ടെസ്റ്റിലെ അഞ്ചാം സെഞ്ച്വറി കൂടിയാണിത്. എല്ലാ സെഞ്ച്വറികളും താരം പ്രോട്ടിയാസിന്റെ മണ്ണിലാണ് നേടിയത് എന്നതും എടുത്തുപറയേണം.

എന്നാല്‍ ഈ സെഞ്ച്വറിയോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും ബാവുമയ്ക്ക് സാധിച്ചിരിക്കുകയാണ്. സെന്റ് ജോര്‍ജ് ഓവലിലെ ഗ്‌കെബെര്‍ഹയില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റനാകാനാണ് ബാവുമയ്ക്ക് സാധിച്ചത്. ക്രീസില്‍ ബാവുമയ്‌ക്കൊപ്പമുള്ളത് 30 റണ്‍സ് നേടിയ സൈമണ്‍ ഹാര്‍മറാണ്.

ഒന്നാം ഇന്നിങ്സില്‍ 51.2 ഓവറില്‍ 226/6 എന്ന നിലയിലായിരുന്നു. എന്നാല്‍ ബാവുമയുടേയും സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സന്റെയും കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് പ്രോട്ടിയാസിനെ രക്ഷിച്ചത്. 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്.

നിലവില്‍ ഓസ്ട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി ഓസ്‌ട്രേലിയന്‍ ഇടംകൈ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ചരിത്രനേട്ടവും സ്വന്തമാക്കിയിരുന്നു.

അതേസമയം പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 214 റണ്‍സിന് ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് സന്ദര്‍ശകരുടെ ലക്ഷ്യം.

Content Highlight: South African Captain Temba Bavuma In Great Record Achievement In Test Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more