| Wednesday, 18th February 2026, 3:03 pm

നാലാം അങ്കത്തിലും വിജയക്കൊടി; പ്രോട്ടിയാസിന്റെ തേരോട്ടത്തില്‍ യു.എ.ഇ ചാരം!

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിലും വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു.എ.ഇയെ ആറ് വിക്കറ്റിന് തകര്‍ത്താണ് പ്രോട്ടിയാസ് പടയുടെ മുന്നേറ്റം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യു.എ.ഇ ആറ് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സാണ് സ്വന്തമാക്കിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ പ്രോട്ടിയാസ് 13.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതോടെ അപരാജിതമായ കുതിപ്പാണ് സൗത്ത് ആഫ്രിക്ക കാഴ്ചവെക്കുന്നത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാല് മത്സരങ്ങളില്‍ നാലിനും പ്രോട്ടിയാസ് വമ്പന്‍മാര്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. നിലവില്‍ ഡി ഗ്രൂപ്പില്‍ എട്ട് പോയിന്റ് സ്വന്തമാക്കിയാണ് പ്രോട്ടിയാസിന്റെ കുതിപ്പ്. ഗ്രൂപ്പില്‍ നേരത്തെ ക്വാളിഫൈ ആയത് ന്യൂസിലാന്‍ഡാണ്. നാല് മത്സരങ്ങളില്‍ മൂന്ന് വിജയമുള്‍പ്പെടെ ആറ് പോയിന്റാണ് കിവീസിനുള്ളത്.

അതേസമയം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് നാലാമനായി ഇറങ്ങിയ ഡെവാള്‍ഡ് ബ്രെവിസാണ്. 25 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 36 റണ്‍സാണ് താരം നേടിയത്.

വണ്‍ഡൗണ്‍ ബാറ്റര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ 16 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 30 റണ്‍സ് നേടി തിളങ്ങി. ഓപ്പണറും ക്യാപ്റ്റനുമായ ഏയ്ഡന്‍ മാര്‍ക്രം 11 പന്തില്‍ 28 റണ്‍സ് നേടിയും പുറത്തായി. യു.എ.ഇയ്ക്ക് വേണ്ടി ഹൈദര്‍ അലി, മുഹമ്മദ് ജവാദുള്ള, മുഹമ്മദ് അര്‍ഫാന്‍, മുഹമ്മദ് ഫറൂഖ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ആദ്യ ബാറ്റ് ചെയ്ത യു.എ.ഇയ്ക്ക് വേണ്ടി അലിഷാന്‍ ഷറഫു 38 പന്തില്‍ നിന്ന് 45 റണ്‍സ് നേടി ടോപ് സ്‌കോററായി. ക്യാപ്റ്റനും ഓപ്പണറുമായ മുഹമ്മദ് വസീം 12 പന്തില്‍ 22 റണ്‍സിനും പുറത്തായി മറ്റാര്‍ക്കും ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലായിരുന്നു.

മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ കോര്‍ബിന്‍ ബോഷ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. മത്സരത്തിലെ താരവും കോര്‍ബിനായിരുന്നു. ആന്റിക് നോര്‍ക്യ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മികവ് പുലര്‍ത്തി. ഒപ്പം ജോര്‍ജ് ലിന്‍ഡെ ഒരു വിക്കറ്റും വീഴ്ത്തി.

Content Highlight: South Africa wins fourth consecutive match in T20 World Cup 2026

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more