ഓസ്‌ട്രേലിയ ഒഴികെ മറ്റാര്‍ക്കും സെമി ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് ലോകകപ്പ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. അങ്ങനെ ഇരിക്കെയാണ് സെമി സാധ്യത തീര്‍ത്തും നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്കയും പേരിനു മാത്രം പ്രതീക്ഷയുള്ള ശ്രീലങ്കയും തമ്മില്‍ ഇന്നലെ കൊമ്പുകോര്‍ത്തത്. ഇനിയുള്ള മത്സരങ്ങള്‍ ജയിച്ച് നഷ്ടപ്പെട്ടു പോയ അഭിമാനം തിരിച്ചു പിടിക്കലായിരുന്നു സൗത്ത് ആഫ്രിക്കയുടെ ലക്ഷ്യമെങ്കില്‍ മറ്റു ടീമുകളുടെ ഫലം അനുകൂലമായാലും തങ്ങള്‍ ജയിച്ചു കയറിയാല്‍ മാത്രമേ സെമി സാധ്യതയുള്ളൂ എന്ന തിരിച്ചറിവ് ശ്രീലങ്കയെയും പോരാടാന്‍ പ്രേരിപ്പിച്ചു.
ഇംഗ്ലീഷ് കൗണ്ടിയില്‍ ഡര്‍ഹാമിന്റെ ഹോം ഗ്രൗണ്ടായ റിവര്‍സൈഡ് ഗ്രൗണ്ടില്‍ ടോസ് നേടിയ ആഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസ് ബൗളിംഗ് തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ തീരുമാനത്തെ ന്യായീകരിക്കും വിധം ബൗളര്‍മാര്‍ അരങ്ങു വാണപ്പോള്‍ ശ്രീലങ്ക പതറി. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ലങ്കന്‍ നായകന്റെ തലയെടുത്ത റബാഡ തകര്‍ച്ചക്ക് തുടക്കം കുറിച്ചു. പിന്നീട് ആവിഷ്‌കയും കുശാല്‍ പെരേരയും ചെറുത്തുനില്പിനു ശ്രമിച്ചെങ്കിലും ആദ്യമായി ഈ ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ച പ്രീറ്റോറിയസ് അതൊരു ആഘോഷമാക്കിയപ്പോള്‍ ലങ്കന്‍ മുന്‍നിരയുടെ മുനയൊടിഞ്ഞു.
കരുണരത്‌നെയുടെ വിക്കറ്റ് ഒഴിച്ച് ബാക്കി മുന്‍നിരയിലെ മൂന്നു പ്രധാന വിക്കറ്റുകള്‍ പിഴുത് പ്രീറ്റോറിയസ് ലങ്കന്‍ ദ്വീപ് സമൂഹത്തെ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു. പിന്നീട് വന്നവരെല്ലാം പിടിച്ചു നില്‍ക്കുമെന്ന ധ്വനി ജനിപ്പിച്ചതിനു ശേഷം ലഭിച്ച മികച്ച തുടക്കം ഉപയോഗിക്കാനാകാതെ മുപ്പത് റണ്‍സിന് താഴെ പുറത്തായി. പരിചയ സമ്പന്നരായ കുശാല്‍ മെന്‍ഡിസും മാത്യൂസും തിസാര പെരേരയും എല്ലാം ആ കൂട്ടത്തില്‍ പെടുന്നു.
പ്രീറ്റോറിയസിനു പിന്തുണ ഏകി മോറിസും റബാഡയും ഫഹ്ലുക്വായോയും മികച്ച രീതിയില്‍ പന്തെറിഞ്ഞു വിക്കറ്റുകള്‍ കരസ്ഥമാക്കിയപ്പോള്‍ മറുവശത്തു വിക്കറ്റൊന്നും ലഭിച്ചില്ലെങ്കില്‍ പോലും റണ്‍സ് അധികം വിട്ടു കൊടുക്കാതെ പൊടുന്നനെ ഓവറുകള്‍ തീര്‍ത്ത താഹിറിന്റെ പ്രകടനവും പ്രശംസിക്കപ്പെടേണ്ടതാണ്. താഹിര്‍ ഒരു എന്‍ഡില്‍ വിതച്ച സമ്മര്‍ദ്ദമാണ് മറുവശത്തു വിക്കറ്റുകളായി കൊയ്യാന്‍ ആഫ്രിക്കന്‍ പേസര്‍മാര്‍ക്ക് സാധിച്ചത്.
കേവലം കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആഫ്രിക്കക്ക് തുടക്കത്തിലേ വിശ്വസ്തനായ ഡീകോക്കിനെ നഷ്ടപ്പെട്ടതൊഴിച്ചാല്‍ ഒരു തരത്തിലും സമ്മര്‍ദ്ദമേല്‍പ്പിക്കാന്‍ മലിംഗക്കും സംഘത്തിനുമായില്ല. പരിചയസമ്പന്നരായ അംലയും ഡുപ്ലെസിസും ചുവടുറപ്പിച്ചതോടെ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല ലങ്കക്കാര്‍ക്ക്. ചെറിയ ലക്ഷ്യമായതിനാല്‍ വമ്പനടികള്‍ക്ക് പോകാതെ സാവധാനം കളി കെട്ടി പൊക്കിയ ഇരുവരുടെയും ക്ലാസ്സ് വിളിച്ചോതുന്ന ഡ്രൈവുകളും സ്‌ട്രോക്കുകളും ഇന്നിംഗ്‌സ് ഉടനീളം നിറഞ്ഞു നിന്നു.
ഡുപ്ലെസിസ് നേടിയ ഒരു സിക്‌സ് മാറ്റി നിര്‍ത്തിയാല്‍ റിസ്‌ക് എടുക്കാന്‍ നില്‍ക്കാതെ സുരക്ഷിതമായി വിക്കറ്റ് കളയാതെ ജയിക്കുക എന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. മുന്‍നിരയുടെ തകര്‍ച്ച പല ഘട്ടത്തിലും തങ്ങള്‍ക്ക് വിനയായിട്ടുണ്ട് എന്ന തിരിച്ചറിവായിരിക്കാം അവരെ ഇതിനു പ്രേരിപ്പിച്ചത്.
ആദ്യമേ പുറത്തായ ദക്ഷിണാഫ്രിക്ക ഇന്നലത്തെ ജയത്തോടെ ലങ്കന്‍ സെമി പ്രതീക്ഷകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. അവശേഷിക്കുന്ന കളികളില്‍ ജയിക്കുകയും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ ടീമുകള്‍ ഒന്നിലധികം ജയം നേടാതിരിക്കുകയും ഇംഗ്ലണ്ട് ശേഷിക്കുന്ന ഇരു കളികളും തോല്‍ക്കുകയും ചെയ്താല്‍ മാത്രമാണ് ലങ്കയ്ക്ക് സെമിയിലേക്ക് പ്രതീക്ഷ വക്കേണ്ടതുള്ളൂ. നെറ്റ് റണ്‍ റേറ്റ് നെഗറ്റീവ് ആയതു കൊണ്ടു തന്നെ മികച്ച വിജയം നേടണം ഇനിയുള്ള രണ്ടു കളികളിലും എന്ന കടമ്പ കൂടെ അവര്‍ക്ക് മുന്നിലുണ്ട്.
മറുവശത്തു ഈ ലോകകപ്പില്‍ ഇതു വരെ കാണാന്‍ സാധിക്കാതിരുന്ന ആ പഴയ ആഫ്രിക്കന്‍ ടീമിന്റെ ശൗര്യം അവര്‍ പുറത്തെടുത്തത് ഈ കളിയിലാണ്. ഇംഗ്ലണ്ടിനെ മലര്‍ത്തി അടിച്ച ലങ്കക്കെതിരെ ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലുമെല്ലാം വ്യക്തമായ ആധിപത്യം പുലര്‍ത്തി ആധികാരികമായി തന്നെയാണ് അവര്‍ ജയിച്ചു കയറിയത്. വൈകിയാണെങ്കിലും ഇത്തരത്തിലുള്ള ഒരു പ്രകടനമാണ് അവരില്‍ നിന്നു ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിച്ചത്.