| Sunday, 16th November 2025, 3:28 pm

അദ്ദേഹം കുള്ളനാണെന്ന് പറഞ്ഞവര്‍ക്ക് മറുപടി; ഇന്ത്യന്‍ മണ്ണില്‍ ചരിത്ര വിജയവുമായി തെംബ ബാവുമ

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ വിജയവുമായായി സൗത്ത് ആഫ്രിക്ക. ആവേശം നിറഞ്ഞ മത്സരത്തില്‍ 30 റണ്‍സിന്റെ വിജയമാണ് തെംബ ബാവുമയും സംഘവും സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റിലെ വിവാദങ്ങള്‍ക്കിടയിലാണ് തെംബ ബാവുമ പ്രോട്ടിയാസിനെ വിജയത്തിലെത്തിച്ചത്. ഇതോടെ ക്യാപ്റ്റന്‍ ബാവുമ ഇന്ത്യക്ക് കൃത്യമായ മറുപടിയാണ് നല്‍കിയതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക: 159 & 153

ഇന്ത്യ: 189 & 93

ടാര്‍ഗറ്റ്: 124

മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തിയ പ്രോട്ടിയാസ് ക്യാപ്റ്റന്‍ തെംബ ബാവുമയെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തും പേസര്‍ ജസ്പ്രീത് ബുംറയും എല്‍.ബി.ഡബ്ല്യു റിവ്യൂ ചെയ്യുന്നതിനിടയില്‍ ബാവുമയെക്കുറിച്ച് ‘ബൗനാ ഭി ഹേ യേ ബാറ്റ്സ്മാന്‍ (ബാറ്റ്സ്മാന്‍ കുള്ളനാണ്)’ എന്നായിരുന്നു പറഞ്ഞത്.

ആദ്യ ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എടുത്ത് നില്‍ക്കവെയായിരുന്നു സംഭവം. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി നേടിക്കൊടുത്ത ക്യാപ്റ്റനാണ് തെമ്പ ബാവുമ. അദ്ദേഹത്തെ ബോഡി ഷെയിം ചെയ്ത ഇന്ത്യന്‍ സീനിയര്‍ താരങ്ങളുടെ പ്രവര്‍ത്തി ഒട്ടും യോജിച്ചതല്ലെന്നായിരുന്നു സോഷ്യല്‍ മീഡിയ വിമര്‍ശിച്ചത്.

ഇപ്പോള്‍ ഇന്ത്യന്‍ മണ്ണില്‍ നടക്കുന്ന ടെസ്റ്റില്‍ 15 വര്‍ഷത്തിന് ശേഷം തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ബാവുമ എല്ലാ പരിഹാസങ്ങളേയും കാറ്റില്‍ പറത്തിയത്. നിറത്തിന്റെയും ഉയരത്തിന്റെയും പേരില്‍ നേരത്തെ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ട താരം കൂടിയാണ് ബാവുമ. ഐ.സി.സി കിരീടം കിട്ടാക്കനിയാണെന്ന് പലരും പ്രോട്ടിയാസിനെ മുദ്രകുത്തിയെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയാണ് ബാവുമ വിമര്‍ശകരുടെ വായ അടപ്പിച്ചത്.

അതേസമയം മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്താവുകയായിരുന്നു. അതോടെ 15 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കാന്‍ സൗത്ത് ആഫ്രിക്കക്ക് സാധിച്ചു.

പ്രോട്ടിയാസിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കം തന്നെ പാളിയിരുന്നു. സ്‌കോര്‍ ഒരു റണ്‍ ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍മാരെയും ആതിഥേയര്‍ക്ക് നഷ്ടമായി. മൂന്നാമതായെത്തിയ വാഷിങ്ടണ്‍ സുന്ദറാണ് ടീമിനായി പിടിച്ച് നിന്നത്.

സുന്ദര്‍ പിന്നാലെയെത്തിയവരുമായി ടീമിനെ മുന്നോട്ട് കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ താരങ്ങള്‍ തിരികെ നടന്നു. രവീന്ദ്ര ജഡേജ മാത്രമാണ് കുറച്ച് നേരമെങ്കിലും പിടിച്ച് നിന്നത്. എന്നാല്‍ താരം സുന്ദറിന്റെ കൂടെ 26 റണ്‍സ് ചേര്‍ത്ത് മടങ്ങി. 26 പന്തില്‍ 18 റണ്‍സായിരുന്നു ജഡേജ നേടിയത്.

ഏറെ വൈകാതെ 92 പന്തില്‍ 31 റണ്‍സെടുത്ത സുന്ദറും തിരികെ നടന്നു. പിന്നാലെ അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും ഒത്തുചേര്‍ന്നു. അഞ്ച് റണ്‍സിന് കൂടുതല്‍ ചേര്‍ത്തതിന് ശേഷം കുല്‍ദീപ് മടങ്ങി.

ശേഷം അക്‌സര്‍ രണ്ട് സിക്സ് അടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, താരത്തിന് അധികം ആയുസുണ്ടായിരുന്നില്ല. താരം 17 പന്തില്‍ 26 റണ്‍സ് എടുത്താണ് പുറത്തായത്. പിന്നാലെ സിറാജും തിരികെ നടന്നു. പരിക്കേറ്റ ഗില്‍ ബാറ്റിങ്ങിന് ഇറങ്ങാത്തതിനാല്‍ സൗത്ത് ആഫ്രിക്ക മത്സരത്തില്‍ വിജയിച്ചു.

പ്രോട്ടീയാസിനായി സൈമണ്‍ ഹാര്‍മാര്‍ നാല് വിക്കറ്റ് വീഴ്ത്തി മികവ് പുലര്‍ത്തി. മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ, രണ്ടാം ഇന്നിങ്സില്‍ പ്രോട്ടിയാസ് 153 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി ക്യാപ്റ്റന്‍ തെംബ ബാവുമ 136 പന്തില്‍ പുറത്താവാതെ 55 റണ്‍സെടുത്ത് തിളങ്ങി. ഒപ്പം കോര്‍ബിന്‍ ബോഷ് 37 പന്തില്‍ 25 റണ്‍സും എടുത്തു.

ഇന്ത്യയ്ക്കായി ജഡേജ നാല് വിക്കറ്റും സിറാജ്, കുല്‍ദീപ് എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി. ബുംറയും അക്സറും ഓരോ വിക്കറ്റും സ്വന്തമാക്കി.

അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഒന്നാം ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്ക 159 റണ്‍സാണ് എടുത്തിരുന്നത്. ടീമിനായി എയ്ഡന്‍ മാര്‍ക്രമാണ് മികച്ച ബാറ്റിങ് നടത്തിയത്. താരം 48 പന്തില്‍ 31 റണ്‍സാണ് സ്‌കോര്‍ ചെയ്തിരുന്നത്. കൂടാതെ വിയാന്‍ മുള്‍ഡറും ടോണി ഡി സോഴ്സിയും 24 റണ്‍സ് വീതവും നേടി.

ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റുമായി ജസ്പ്രീത് ബുംറ തിളങ്ങി. കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്‌സര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കും വലിയ സ്‌കോര്‍ ഉയര്‍ത്താനായില്ല. ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിച്ച മത്സരത്തില്‍ ആതിഥേയര്‍ 189 റണ്‍സിന് പുറത്തായി. 119 പന്തില്‍ 39 റണ്‍സ് നേടിയ കെ.എല്‍ രാഹുല്‍ ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായി. വാഷിങ്ടണ്‍ സുന്ദര്‍ 27 റണ്‍സ് എടുത്തപ്പോള്‍ പന്തും ജഡേജയും 27 റണ്‍സ് വീതം ചേര്‍ത്തു.

പ്രോട്ടിയാസിനായി ഹാര്‍മാര്‍ നാല് വിക്കറ്റും യാന്‍സെന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. കോര്‍ബിന്‍ ബോഷും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: South Africa VS India: South African captain gives a befitting reply to Indian players who called him a dwarf

Latest Stories

We use cookies to give you the best possible experience. Learn more