2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് തോല്‍വി വഴങ്ങി സൗത്ത് ആഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു തോല്‍വി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് തുടക്കത്തില്‍ പതറിയിരുന്നു. മാര്‍ക്കോ യാന്‍സന്റെ അര്‍ധ സെഞ്ച്വറിയായിരുന്നു ടീമിന്റെ രക്ഷക്കെത്തിയത്. മറുപടി ബാറ്റിങ്ങില്‍ കിവീസ് താരങ്ങള്‍ 170 എന്ന വിജയലക്ഷ്യം അനായാസം മറികടന്നാണ് വിജയവും ഫൈനല്‍ സ്‌പോട്ടും സ്വന്തമാക്കിയത്.
സൗത്ത് ആഫ്രിക്കൻ ടീം. Photo: Proteas Men/x.com
ചോക്കേഴ്‌സ് എന്ന വിളിപ്പേരുള്ള സൗത്ത് ആഫ്രിക്ക വീണ്ടും ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍ പടിക്കല്‍ കലമുടച്ചിരിക്കുകയാണ്. അപരാജിതരായി മുന്നേറിയ ടീം ഒന്നാം സെമിയിലെത്തിയപ്പോള്‍ ബാറ്റര്‍മാര്‍ ഒന്നടങ്കം നിറം മങ്ങിയതാണ് വിനയായത്.
അതോടെ മറ്റൊരു നാണക്കേടിന്റെ ലിസ്റ്റിലും സൗത്ത് ആഫ്രിക്ക ഒന്നാമതെത്തി. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ സെമി ഫൈനലില്‍ ഏറ്റവും കൂടുതല്‍ തോല്‍വി നേരിട്ട ടീമുകളിലാണ് പ്രോട്ടിയാസ് തലപ്പത്തെത്തിയത്. ആരും ആഗ്രഹിക്കാത്ത നേട്ടത്തില്‍ ടീം മുന്നിലെത്തിയത് 12 തോല്‍വിയുമായാണ്.
കഴിഞ്ഞ ദിവസത്തെ സെമി ഫൈനല്‍ വരെ ന്യൂസിലാന്‍ഡും തോല്‍വിയുടെ എണ്ണത്തില്‍ സൗത്ത് ആഫ്രിക്കക്ക് ഒപ്പമായിരുന്നു. എന്നാല്‍, ഈ ടി – 20 ലോകകപ്പിലെ തോല്‍വിയോടെ കിവീസിനെ മറികടന്ന് സൗത്ത് ആഫ്രിക്ക ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു.
ന്യൂസിലാൻഡ് ടീം. Photo: BlackCaps/x.com
കിവീസിന് ഐ.സി.സി ടൂര്ണമെന്റുകളിലെ സെമി ഫൈനലില്‍ 11 തോല്‍വി നേരിട്ടിട്ടുണ്ട്. പത്ത് തോല്‍വിയുമായി പാകിസ്ഥാനും ഏഴ് തോല്‍വിയുമായി ഇന്ത്യയും ഇവരുടെ പിന്നിലുണ്ട്.
സൗത്ത് ആഫ്രിക്ക – 12
ന്യൂസിലാന്‍ഡ് – 11
പാകിസ്ഥാന്‍ – 10
ഇന്ത്യ – 7
ഓസ്‌ട്രേലിയ – 6
ഇംഗ്ലണ്ട് – 6
ശ്രീലങ്ക – 4
വെസ്റ്റ് ഇന്‍ഡീസ് – 3
Content Highlight: South Africa tops the list of most defeats in semi finals of ICC Tournaments with the loss against New Zealand in T20 World Cup