ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. ലോര്‍ഡ്സില്‍ നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ വിജയമാണ് പ്രോട്ടിയാസ് സംഘം നേടിയത്. മാത്യൂ ബ്രീറ്റ്സ്‌കിയുടെ തകര്‍പ്പന്‍ പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് വിജയം സമ്മാനിച്ചത്.
വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു. പരമ്പരയില്‍ ആദ്യ മത്സരത്തിലും തെംബ ബാവുമയും കൂട്ടരും ഇംഗ്ലണ്ടിനെ തകര്‍ത്തിരുന്നു. ഇതോടെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ ഒരു ഏകദിന പരമ്പര നേടാനും പ്രോട്ടിയാസിന് സാധിച്ചു. 1998ലാണ് സൗത്ത് ആഫ്രിക്ക 50 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര സ്വന്തമാക്കിയത്.
അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തിരുന്നു. മാത്യൂ ബ്രീറ്റ്സ്‌കി, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് മികച്ച സ്‌കോറിലെത്തിയത്.
ബ്രീറ്റ്സ്‌കി 77 പന്തില്‍ 85 റണ്‍സ് നേടി ടീമിന്റെ പോരാട്ടത്തില്‍ കരുത്തായി. മൂന്ന് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. സ്റ്റബ്സ് 62 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 58 റണ്‍സും അടിച്ചെടുത്തു.
ഏയ്ഡന്‍ മര്‍ക്രം (64 പന്തില്‍ 49) ഡെവാള്‍ഡ് ബ്രെവിസ് (20 പന്തില്‍ 42), റിയാന്‍ റിക്കല്‍ടണ്‍ (33 പന്തില്‍ 35), കോര്‍ബിന്‍ ബോഷ് (29 പന്തില്‍ പുറത്താകാതെ 32) എന്നിവരുടെ പ്രകടനവും പ്രോട്ടിയാസ് ഇന്നിങ്സില്‍ നിര്‍ണായകമായി.
ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍ നാല് വിക്കറ്റ് വീഴ്ത്തി. ആദില്‍ റഷീദ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജേകബ് ബേഥല്‍ ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങില്‍ ഒമ്പത് വിക്കറ്റിന് 325 റണ്‍സ് എടുക്കാന്‍ മാത്രമേ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ. ടീമിനായി ജോസ് ബട്‌ലറും ജോ റൂട്ടും ജേക്കബ് ബേഥലും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ആതിഥേയര്‍ക്ക് വിജയിക്കാനായില്ല. ബട്‌ലര്‍ 51 പന്തുകള്‍ നേരിട്ട് 61 റണ്‍സ് നേടി. റൂട്ട് 72 പന്തില്‍ നിന്ന് 61 റണ്‍സ് എടുത്തപ്പോള്‍ ബേഥല്‍ 40 പന്തില്‍ 58 റണ്‍സടിച്ചു.
സൗത്ത് ആഫ്രിക്കക്കായി നാന്ദ്രെ ബര്‍ഗര്‍ ബൗളിങ്ങില്‍ മികവ് കാണിച്ചു. താരം 10 ഓവറുകള്‍ എറിഞ്ഞ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കേശവ് മഹാരാജ് രണ്ട് വിക്കറ്റും കോര്‍ബിന്‍ ബോഷ്, ലുങ്കി എന്‍ഗിടി, സെനുരന്‍ മുതുസാമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
Content Highlight: South Africa secure a ODI series against England after 27 years