| Tuesday, 8th July 2025, 9:37 pm

മുള്‍ഡര്‍ കൊടുങ്കാറ്റിലും ആടിയുലയാതെ സൗത്ത് ആഫ്രിക്കയുടെ ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ പ്രോട്ടിയാസ് കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ക്യൂന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്സിനും 236 റണ്‍സിനുമാണ് പ്രോട്ടിയാസ് വിജയിച്ചുകയറിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 2-0ന് വിജയിക്കാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക: 626/5d

സിംബാബ്‌വേ : 170 & 220 (fo)

ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡറിന്റെ അപരാജിത ട്രിപ്പിള്‍ സെഞ്ച്വറിയുടെ കരുത്തിലാണ് സൗത്ത് ആഫ്രിക്ക മത്സരം വിജയിച്ചത്. 334 പന്ത് നേരിട്ട താരം പുറത്താകാതെ 367 റണ്‍സാണ് അടിച്ചെടുത്തത്. സൗത്ത് ആഫ്രിക്കയ്ക്കായി ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ താരം ഹാഷിം അംലയ്ക്ക് ശേഷം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന രണ്ടാമത് താരമെന്ന നേട്ടവും സ്വന്തമാക്കി.

സിംബാബ്‌വേക്കെതിരെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയെങ്കിലും തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം എന്ന നേട്ടത്തിലെത്താന്‍ സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചില്ല. ഏറ്റവും മികച്ച മൂന്നാമത് ടെസ്റ്റ് വിജയമാണ് ക്യൂന്‍സ് പാര്‍ക്കില്‍ പ്രോട്ടിയാസ് നേടിയത്.

2024ല്‍ ബംഗ്ലാദേശിനെതിരെ നേടിയ ഇന്നിങ്‌സിനും 273 റണ്‍സിനും നേടിയ വിജയമാണ് ഈ റെക്കോഡില്‍ ഒന്നാമതുള്ളത്. ഒരുപക്ഷേ രണ്ടാം ദിവസത്തെ ലഞ്ചിന് പിന്നാലെ വിയാന്‍ മുള്‍ഡര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാതിരുന്നെങ്കില്‍ ഈ റെക്കോഡും തകരുമായിരുന്നു.

ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയുടെ ഏറ്റവും വലിയ വിജയങ്ങള്‍

(എതിരാളികള്‍ – മാര്‍ജിന്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

ബംഗ്ലാദേശ് – ഇന്നിങ്‌സിനും 273 റണ്‍സിനും – ചാറ്റോഗ്രാം – 2024

ബംഗ്ലാദേശ് – ഇന്നിങ്‌സിനും 254 റണ്‍സിനും – ബ്ലോയംഫോണ്ടെയ്ന്‍ – 2017

സിംബാബ്‌വേ – ഇന്നിങ്‌സിനും 236 റണ്‍സിനും – ബുലവായോ – 2025*

ശ്രീലങ്ക – ഇന്നിങ്‌സിനും 229 റണ്‍സിനും – കേപ്ടൗണ്‍ – 2001

വെസ്റ്റ് ഇന്‍ഡീസ് – ഇന്നിങ്‌സിനും 220 റണ്‍സിനും – സെഞ്ചൂറിയന്‍ – 2014

സിംബാബ്‌വേ – ഇന്നിങ്‌സിനും 219 റണ്‍സിനും – ഹരാരെ – 1999

ശ്രീലങ്ക – ഇന്നിങ്‌സിനും 208 റണ്‍സിനും – കൊളംബോ – 1993

ബംഗ്ലാദേശ് – ഇന്നിങ്‌സിനും 2078 റണ്‍സിനും – ചാറ്റോഗ്രാം – 2008

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡറിന്റെ കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മുള്‍ഡറിന് പുറമെ ബാറ്റിങ്ങില്‍ തിളങ്ങിയ ഡേവിഡ് ബെഡ്ഡിങ്ഹാം (82), ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് (78) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ രണ്ടാം ദിവസം തന്നെ ഓള്‍ ഔട്ടായി. 170 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറാണ് സിംബാബ്‌വേക്ക് നേടാന്‍ സാധിച്ചത്. പുറത്താകാതെ 83 റണ്‍സ് നേടിയ ഷോണ്‍ വില്യംസാണ് ടോപ് സ്‌കോറര്‍.

സൗത്ത് ആഫ്രിക്കയ്ക്കായി പി. സുബ്രായന്‍ നാല് വിക്കറ്റുമായി തിളങ്ങി. കോഡി യൂസഫും വിയാന്‍ മുള്‍ഡറും രണ്ട് വിക്കറ്റ് വീതവും കോര്‍ബിന്‍ ബോഷ്, എസ്. മുത്തുസ്വാമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ ആദ്യ ഇന്നിങ്സിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലാണ് ബാറ്റ് വീശിയത്. ടോപ്പ് ഓര്‍ഡറില്‍ നിക് വെല്‍ച്ച് അര്‍ധ സെഞ്ച്വറി നേടി. 126 പന്ത് നേരിട്ട് 55 റണ്‍സാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ 49 റണ്‍സിനും തകുഡ്സ്വനാഷെ കെയ്റ്റാനോ 40 റണ്‍സിനും മടങ്ങി.

മറ്റ് താരങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ ഷെവ്റോണ്‍സ് 220ന് പുറത്തായി.

സൗത്ത് ആഫ്രിക്കയ്ക്കായി കോര്‍ബിന്‍ ബോഷ് നാല് വിക്കറ്റും സേനുരന്‍ മുത്തുസ്വാമി മൂന്ന് വിക്കറ്റും നേടി. കോഡി യൂസഫ് രണ്ട് വിക്കറ്റും ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡര്‍ ഒരു വിക്കറ്റുമെടുത്ത് സിംബാബ്‌വേയുടെ പതനം പൂര്‍ത്തിയാക്കി.

Content Highlight: South Africa registered their 3rd biggest victory in test

We use cookies to give you the best possible experience. Learn more