ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന വെടിവെയ്പ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായും 10 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.
ജോഹന്നാസ്ബർഗിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ബെക്കേഴ്‌സ്‌ഡാൽ ടൗൺഷിപ്പിലെ മദ്യശാലയിലാണ് വെടിവെയ്പ്പുണ്ടായത്.
ഒരു മാസത്തിനിടെ നടന്ന രണ്ടാമത്തെ കൂട്ട ആക്രമണമാണിതെന്ന് ഞായറാഴ്ച ദക്ഷിണാഫ്രിക്കൻ ബ്രോഡ്‌കാസ്റ്റിങ് കോർപ്പ് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
തെരുവുകളിൽ അജ്ഞാതരായ തോക്കുധാരികൾ ആകസ്മികമായി വന്ന് വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും ഗൗട്ടെങ് പ്രവിശ്യയുടെ പൊലീസ് വക്താവ് ബ്രിഗേഡിയർ ബ്രെൻഡ മുരിഡിലി എ.എഫ്.പിയോട് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
’12 ഓളം അജ്ഞാതരായ അക്രമികളാണ് മദ്യശാലയിലെ താമസക്കാർക്ക് നേരെ വെടിയുതിർത്തതെന്നും അവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിനിടയിലും ക്രമരഹിതമായി വെടിച്ചുവെച്ചുവെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,’ പൊലീസ് പറഞ്ഞു.
ക്രൈം സീൻ മാനേജ്‌മെന്റ് ടീം എത്തി അന്വേഷണം നടത്തുന്നുണ്ടെന്നും പ്രാദേശിക ക്രിമിനൽ റെക്കോർഡ് സെന്ററിൽ നിന്നുള്ള ഒരു സംഘം, സീരിയസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ടീം, ക്രൈം ഇന്റലിജൻസ്, പ്രൊവിൻഷ്യൽ ക്രൈം ഡിറ്റക്ടീവ് ടീം എന്നിവ സ്ഥലത്തുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഈ മാസം തലസ്ഥാനമായ പ്രിട്ടോറിയയ്ക്കടുത്തുള്ള സോൾസ്‌വില്ലെ ടൗൺഷിപ്പിലെ ഒരു ഹോസ്റ്റലിൽ ലൈസൻസില്ലാത്ത മദ്യശാലയിൽ തോക്കുധാരികൾ വെടിയുതിർക്കുകയും മൂന്ന് വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ നിരവധി ആളുകളെ കൊല്ലുകയും ചെയ്തിരുന്നു.
ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ പ്രതിദിനം ശരാശരി 63 പേർ കൊല്ലപ്പെട്ടതായി പൊലീസ് കണക്കുകൾ സൂചിപ്പിക്കുന്നു. മരണങ്ങളിൽ ഭൂരിഭാഗവും സംഘടിത കുറ്റകൃത്യങ്ങളോ ഗുണ്ടാ ആക്രമണങ്ങളുമായി ബന്ധപ്പെട്ടതോ ആണെന്നും പൊലീസ് റിപ്പോർട്ടുകളിൽ പറയുന്നു.
Content Highlight: Johannesburg shooting: Nine people reported killed