| Sunday, 17th May 2026, 1:01 pm

പോരാടിയിട്ടും വീണുപോയവര്‍; ലോകകപ്പിലെ ഒരേയൊരു നിര്‍ഭാഗ്യ ആതിഥേയ രാജ്യം

Sudev A

2026 ഫുട്‌ബോള്‍ ലോകകപ്പിന് കണ്ണുംനട്ട് കാത്തിരിക്കുകയാണ്. മെക്‌സിക്കോ, കാനഡ, യു.എസ്.എ തുടങ്ങിയ മൂന്ന് വ്യത്യസ്ത രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ഈ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റാണ്. 48 രാജ്യങ്ങളാണ് ഇത്തവണ കിരീടത്തിനായി പോരാട്ടത്തിനിറങ്ങുന്നത്.

ഓരോ ലോകകപ്പിലും പുതിയ ചാമ്പ്യന്മാര്‍ പിറവിയെടുക്കുമ്പോള്‍ സ്വന്തം മണ്ണില്‍ സ്വന്തം ജനതയുടെ മുന്നില്‍ കിരീടമുയര്‍ത്തുകയെന്നത് ഏതൊരു രാജ്യത്തിന്റെയും സ്വപ്നമായിരിക്കും. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ലോകം കീഴടക്കാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില ടീമുകള്‍ മാത്രമേ ചരിത്രത്തിലുള്ളൂ.

ലോകകപ്പ് ആരംഭിച്ച വര്‍ഷമായ 1930ല്‍ തന്നെ സ്വന്തം മണ്ണില്‍ ആദ്യമായി കിരീടമുയര്‍ത്താന്‍ ഭാഗ്യം ലഭിച്ചത് ഉറുഗായ്ക്കായിരുന്നു. തൊട്ടടുത്ത ലോകകപ്പില്‍ ഇറ്റലിയും 1966ല്‍ ഇംഗ്ലണ്ടും സ്വന്തം തട്ടകത്തില്‍ ലോകകപ്പ് സ്വന്തമാക്കി. 1974ല്‍ വെസ്റ്റ് ജര്‍മനിയും 1978ല്‍ അര്‍ജന്റീനയും ഇത്തരത്തിലൊരു വിജയം കൈവരിച്ചു. 1998ല്‍ ഫ്രഞ്ച് പടയും സ്വന്ത മണ്ണില്‍ ലോക ചാമ്പ്യന്മാരായി.

ലോകകപ്പില്‍ ആതിഥേയ രാജ്യം തന്നെ കിരീടമുയര്‍ത്തുകയെന്ന അപൂര്‍വ സംഭവത്തിന് ആറ് തവണ ലോകം സാക്ഷ്യം വഹിച്ചപ്പോള്‍ ഒരേയൊരു ആതിഥേയ രാജ്യത്തിന് മാത്രമാണ് ചരിത്രത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യം നേരിടേണ്ടി വന്നത്.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്തായ ഒരേയൊരു ആതിഥേയ രാജ്യം സൗത്ത് ആഫ്രിക്കയാണ്. 2010 ലോകകപ്പിലായിരുന്നു സൗത്ത് ആഫ്രിക്കക്ക് സ്വന്തം ജനതയുടെ മുന്നില്‍ ഈ തിരിച്ചടി നേരിടേണ്ടി വന്നത്. ടൂര്‍ണമെന്റില്‍ നാല് പോയിന്റ് നേടിയിട്ടും ആഫ്രിക്കന്‍ കരുത്തര്‍ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സാധിച്ചില്ല.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക മെക്‌സിക്കോയോട് സമനില വഴങ്ങി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ഉറുഗ്വായോടാണ് സൗത്ത് ആഫ്രിക്ക പരാജയപ്പെട്ടത്. 3-1നായിരുന്നു ആദ്യ ലോകകപ്പ് ജേതാക്കളുടെ വിജയം.

എന്നാല്‍ അവസാന മത്സരത്തില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ ഫ്രഞ്ച് പടയെ അട്ടിമറിച്ചാണ് സൗത്ത് ആഫ്രിക്ക സ്വന്തം മണ്ണില്‍ തിരിച്ചുവരവ് നടത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു 2006 ലോകകപ്പ് ഫൈനലിസ്റ്റുകളെ സൗത്ത് ആഫ്രിക്ക കീഴടക്കിയത്. അവസാന മത്സരത്തില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയിട്ടും സൗത്ത് ആഫ്രിക്ക പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.

ഇപ്പോള്‍ നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ലോകകപ്പ് കളിക്കാനൊരുങ്ങുകയാണ് സൗത്ത് ആഫ്രിക്ക. ഗ്രൂപ്പ് എ-യിലാണ് ടീം ഇടം നേടിയിട്ടുള്ളത്. സൗത്ത് കൊറിയ, മെക്‌സിക്കോ, ചെക്ക് റിപ്പബ്ലിക് എന്നീ ടീമുകളാണ് സൗത്ത് ആഫ്രിക്കയ്‌ക്കൊപ്പം കിരീടത്തിനായി മാറ്റുരക്കുന്നത്. പഴയ ഫ്രഞ്ച് പടയെ തകര്‍ത്ത സൗത്ത് ആഫ്രിക്കയുടെ പോരാട്ടവീര്യം ഈ ലോകകപ്പിലും കാണാനാവുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Content Highlight: South Africa is the only host nation in the history of the World Cup to be eliminated in the group stage

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more