സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കി സന്ദര്‍ശകര്‍ പരമ്പരയില്‍ ഒപ്പമെത്തിയിരിക്കുകയാണ്. റായ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക നാല് പന്ത് ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഋതുരാജ് ഗെയ്ക്വാദിന്റെയും വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറിക്ക് ഏയ്ഡന്‍ മര്‍ക്രമിന്റെ സെഞ്ച്വറിയിലൂടെയും മാത്യു ബ്രീറ്റ്‌സ്‌കെ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളിലൂടെയും സൗത്ത് ആഫ്രിക്ക മറുപടി നല്‍കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരുവരും 1-1ന് ഒപ്പമെത്തി. റാഞ്ചിയില്‍ നടന്ന ത്രില്ലറില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.
റായ്പൂരിലെ വിജയത്തിന് പിന്നാലെ സൗത്ത് ആഫ്രിക്കയുടെ പേരില്‍ ഒരു റെക്കോഡും പിറവിയെടുത്തു. ഇന്ത്യയ്‌ക്കെതിരെ 350+ റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് വിജയിക്കുന്ന ചരിത്രത്തിലെ രണ്ടാം ടീം എന്ന നേട്ടമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ തെംബ ബാവുമയും ഏയ്ഡന്‍ മര്‍ക്രവും മത്സരത്തിനിടെ. Photo: Proteas Men/X.com
ഏകദിനത്തില്‍ ഇത് 40ാം തവണയാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 350+ സ്‌കോറിന്റെ വിജയലക്ഷ്യം എതിരാളികള്‍ക്ക് മുമ്പില്‍ വെക്കുന്നത്. റാഞ്ചിയിലടക്കം 38 തവണ ഇന്ത്യന്‍ ബൗളര്‍മാര്‍ എതിരാളികളെ വിജയിക്കാതെ പിടിച്ചുകെട്ടി. എന്നാല്‍ പ്രസിദ്ധ് കൃഷ്ണയും ഹര്‍ഷിത് റാണയും സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍മാരുടെ ചൂടറിഞ്ഞപ്പോള്‍ ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തി.
2019ലാണ് ഇന്ത്യ ആദ്യമായി 350+ റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും പരാജയപ്പെടുന്നത്. അതും സ്വന്തം തട്ടകമായ മൊഹാലിയില്‍. മൊഹാലിയില്‍ ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്ത് ശേഷിക്കെ ഓസീസ് മറികടക്കുകയായിരുന്നു.
115 പന്തില്‍ 143 റണ്‍സടിച്ച ശിഖര്‍ ധവാന്റെയും 92 പന്തില്‍ 95 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും കരുത്തിലാണ് ആതിഥേയര്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സ് നേടിയത്. 36 റണ്‍സ് നേടി. റിഷബ് പന്താണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിന്റെ സെഞ്ച്വറിയൂടെയാണ് ഇന്ത്യയ്ക്ക് മറുപടി നല്‍കിയത്. 105 പന്ത് നേരിട്ട താരം 117 റണ്‍സ് നേടി. ഒപ്പം 99 പന്തില്‍ 91 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയും 43 പന്തില്‍ 84 റണ്‍സടിച്ച ആഷ്ടണ്‍ ടര്‍ണറിന്റെയും വെടിക്കെട്ടില്‍ ഓസീസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ വിജയത്തോടൊപ്പമാണ് ക്യാപ്റ്റന്‍ ബാവുമയുടെയും സംഘത്തിന്റെയും വിജയവും ചേര്‍ത്തുവെക്കപ്പെടുന്നത്.
വിജയശില്‍പി. Photo: Durban’s Super Giants/x.com
ഇന്ത്യയ്‌ക്കെതിരെയുള്ള ഏറ്റവുമുയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡും ഈ വിജയത്തോടെ പിറവിയെടുത്തു.
ഡിസംബര്‍ ആറിനാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. വിസാഖാണ് സീരീസ് ഡിസൈഡര്‍ മത്സരത്തിന് വേദിയാകുന്നത്. ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാമെന്നതിനാല്‍ വാശിയേറിയ പോരാട്ടത്തിനാകും എ.സി.എ-വി.ഡി.സി.എ സ്‌റ്റേഡിയം സാക്ഷിയാവുക.
Content Highlight: South Africa is the 2nd team to defeat India while chasing 350+ total in ODIs