സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് 489 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഒമ്പത് റണ്‍സാണ് നേടിയത്. യശസ്വി ജെയ്‌സ്വാള്‍ ഏഴ് റണ്‍സും രണ്ട് റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസിലുള്ളത്.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ സെനുറാന്‍ മുത്തുസ്വാമിയും ഫിഫ്റ്റിയുമായി കളിക്കുന്ന മാര്‍ക്കോ യാന്‍സെനുമാണ് പ്രോട്ടിയാസിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. മുത്തുസ്വാമി 206 പന്തില്‍ രണ്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടെ 107 റണ്‍സ് നേടിയാണ് മടങ്ങിയത്. മുഹമ്മദ് സിറാജാണ് താരത്തെ പറഞ്ഞയച്ചത്.
മുത്തുസ്വാമിയുടെ സെഞ്ച്വറിയില്‍ ഒരു തകര്‍പ്പന്‍ റെക്കോഡാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയതും. 2025ലെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ടീമാകാനാണ് നിലവില്‍ സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചത്. ഒമ്പത് സെഞ്ച്വറിയാണ് പ്രോട്ടിയാസ് ഈ വര്‍ഷം നേടിയത്. ഈ റെക്കോഡ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയും ഇംഗ്ലണ്ടുമാണ്.
2025ലെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ടീം, സെഞ്ച്വറി
സൗത്ത് ആഫ്രിക്ക – 9*
ഇന്ത്യ – 7
ഇംഗ്ലണ്ട് – 7
ബംഗ്ലാദേശ് – 6
ഓസ്ട്രേലിയ – 5
ന്യൂസിലാന്‍ഡ് – 3
സിംബാബ്വെ – 3
അഫ്ഗാനിസ്ഥാന്‍ – 2
വെസ്റ്റ് ഇന്‍ഡീസ് – 2
ശ്രീലങ്ക – 1
പാകിസ്ഥാന്‍ – 1
മത്സരത്തില്‍ മുത്തുസ്വാമിക്ക് പുറമെ, യാന്‍സന്‍ 91 പന്തില്‍ ഏഴ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 93 റണ്‍സും നേടി പുറത്തായി. പ്രോട്ടിയാസ് നിരയില്‍ ഒമ്പതാമനായി ഇറങ്ങിയാണ് യാന്‍സന്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് ഏവരേയും അമ്പരപ്പിച്ചത്.
യാന്‍സന്‍ കുല്‍ദീപ് യാദവിന് മുമ്പിലാണ് കീഴടങ്ങിയത്. അര്‍ഹിച്ച സെഞ്ച്വറി നേടാനാകാതെയായിരുന്നു താരത്തിന്റെ മടക്കം. യാന്‍സെന്‍ പുറത്തായതോടെ പ്രോട്ടിയാസ് ഇന്നിങ്സ് 489 ല്‍ അവസാനിക്കുകയായിരുന്നു. കേശവ് മഹാരാജ് 31 പന്തില്‍ 12 റണ്‍സുമായി പുറത്താവാതെ നിന്നു.
മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ പ്രോട്ടിയാസിനായി ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് (112 പന്തില്‍ 49), തെംബ ബാവുമ (92 പന്തില്‍ 41), ഏയ്ഡന്‍ മാര്‍ക്രം (81 പന്തില്‍ 38), റിയാന്‍ റിക്കില്‍ട്ടണ്‍ (82 പന്തില്‍ 35) എന്നിവര്‍ മികവ് പുലര്‍ത്തി.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Content Highlight: South Africa In Record Achievement In 2025 Test Cricket